അനീഷിന്റെ ഫോട്ടോ കണ്ട് രണ്ടര വയസുകാരന്‍ ആര്‍ത്തു വിളിച്ചു

Posted on: December 9, 2014 11:08 am | Last updated: December 9, 2014 at 11:08 am

തിരൂരങ്ങാടി: മൂന്നിയൂര്‍ ഹൈസ്‌കൂളില്‍ നിന്ന് സസ്‌പെന്റ് ചെയ്യപ്പെട്ടതിനെ തുടര്‍ന്ന് മരിച്ച കെ കെ അനീഷ് കുടുംബ സഹായ ഫണ്ട് കൈമാറാനായി നടന്ന സമ്മേളനത്തില്‍ അനീഷിന്റെ രണ്ടര വയസുകാരനായ മകന്‍ തുഷാര്‍ സ്റ്റേജിലെ ബാനറിലെ അച്ചന്റെ ഫോട്ടോ കണ്ട് അച്ഛാ എന്ന് വിളിച്ച് ആര്‍ത്തു കരഞ്ഞത് ആരെയും മനസലിയിപ്പിച്ചു. പരിപാടി തുടങ്ങുന്നതിന്റെ അല്‍പം മുമ്പ് എത്തിയ കുടുംബം സദസ്സിന്റെ ഒരു ഭാഗത്താണ് ഇരുന്നിരുന്നത്. സി പി എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ എത്തിയതോടെ അവര്‍ക്ക് പിന്നിലായി നേതാക്കള്‍ക്കൊപ്പമാണ് അനീഷിന്റെ ഭാര്യ ഷൈനി മകനെ കയ്യില്‍ ചുമന്ന് സ്റ്റേജിലേക്ക് കയറിയത്.
സ്റ്റേജിലെ അനീഷിന്റെ ഫോട്ടോ കണ്ട ഉടനെ കുട്ടി ഉറക്കെ കരയുകയായിരുന്നു. അച്ഛനെ കാണണമെന്ന് പറഞ്ഞ് കരയാന്‍ തുടങ്ങിയതോടെ സ്റ്റേജിലും സദസ്സിലും ഉള്ളവരില്‍ പലരുടേയും കണ്ണുകള്‍ നിറഞ്ഞു. ബന്ധുക്കളില്‍ ഒരാള്‍ കുട്ടിയുമായി സ്റ്റേജിന് പുറത്തിറങ്ങി കുറേ സമയത്തിന് ശേഷം തിരിച്ചു വന്നപ്പോള്‍ ഫോട്ടോയില്‍ നോക്കി വീണ്ടും കരയുകയായിരുന്നു. പരിപാടിയില്‍ പ്രസംഗിച്ച പിണറായി അടക്കമുള്ള എല്ലാവരും ഈ രംഗം വികാരപൂര്‍വമാണ് വിവരിച്ചത്. കഴിഞ്ഞ സെപ്തംബര്‍ രണ്ടിനാണ് അനീഷിനെ പാലക്കാട് മലമ്പുഴയിലെ ലോഡ്ജില്‍ മരിച്ച നിലയില്‍ കാണപ്പെട്ടത്.