എം എസ് എഫ് പ്രവര്‍ത്തകര്‍ ബസ് ജീവനക്കാരുമായി ഏറ്റുമുട്ടി

Posted on: December 9, 2014 11:04 am | Last updated: December 9, 2014 at 11:04 am

കോട്ടക്കല്‍: എം എസ് എഫ് നടത്തിയ അവകാശ ബോധവത്കരണത്തിനിടെ ഉന്തും തള്ളും. കോട്ടക്കല്‍ മുനിസിപ്പല്‍ കമ്മിറ്റി നടത്തുന്ന കണ്‍സെഷന്‍ ഔദാര്യമല്ല എന്ന ക്യാമ്പയിന്‍ ഉദ്ഘാടനത്തിനിടെയാണ് ബസ് ജീവനക്കാരുമായി ഉന്തും തള്ളും ഉണ്ടായത്.
സ്വകാര്യ ബസുകളില്‍ വിദ്യാര്‍ഥികള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ക്കെതിരെ എം എസ് എഫ് ക്യാമ്പയിന്‍ നടത്തുകയാണ്. ഇതിന്റെ ഉദ്ഘാടനം ഇന്നലെ വൈകുന്നേരം ബസ് സ്റ്റാന്‍ഡില്‍ നടക്കുന്നതിനിടെയാണ് കുട്ടികളും ബസ് ജീവനക്കാരും ഏറ്റുമുട്ടിയത്.
ജില്ലാ സെക്രട്ടറി കെ എം ശാഫി ഉദ്ഘാടനം ചെയ്തു കൊണ്ടിരിക്കെ വിദ്യാര്‍ഥികള്‍ ബസില്‍ നോട്ടീസ് വിതരണം ചെയ്തത് ഒരു ബസ് ജീവനക്കാരന്‍ എതിര്‍ത്തതിനെ തുടര്‍ന്നാണ് പ്രശ്‌നം. ഇതോടെ പരിപാടി മാറ്റി വെച്ച് വിദ്യാര്‍ഥികള്‍ മുദ്രാവാക്യം മുഴക്കി ബസ് തടഞ്ഞു. ഉന്തും തള്ളുമായതോടെ പോലീസും ലീഗ് നേതാക്കളും ഇടപെട്ട് വിദ്യാര്‍ഥികളെ പിന്തിരിപ്പിച്ചു. സംഭവത്തെ തുടര്‍ന്ന് ബസ് ഓട്ടം നിര്‍ത്തി. ഇതിനിടെ ചുമട്ട് തൊഴിലാളികളുടെ ഷെഡിന് സമീപ്പം സംഘം ചേര്‍ന്ന് മുദ്രാവാക്യം മുഴക്കിയ വിദ്യാര്‍ഥികളെ ചില എസ് ടി യു പ്രവര്‍ത്തകര്‍ കൈയേറ്റം ചെയ്തു. പാണക്കാട് തങ്ങളുടെ പേര്‍വിളിച്ച് മുദ്രാവാക്യം മുഴക്കിയ എം എസ് എഫ്കാരെയാണ് ചില എസ് ടി യുക്കാര്‍ നേരിട്ടത്. ഇതോടെ വീണ്ടും നേതാക്കള്‍ ഇടപ്പെട്ടു ഇരു വിഭാഗത്തേയും പിന്തിരിപ്പിച്ചു.