ഉടമയുടെ എതിര്‍പ്പ് നിലനില്‍ക്കെ സ്ഥലം ഏറ്റെടുക്കുന്നു

Posted on: December 9, 2014 10:40 am | Last updated: December 9, 2014 at 10:40 am

കോഴിക്കോട്: സ്വകാര്യ വ്യക്തിയുടെ ഉടമസ്ഥതയിലുള്ള പയ്യാനക്കലിലെ സ്ഥലം ഉടമയുടെ എതിര്‍പ്പ് നിലനില്‍ക്കെ കളി സ്ഥലത്തിനായി ഏറ്റെടുക്കാന്‍ കോര്‍പറേഷന്‍ തീരുമാനം. ചാലപ്പുറം സ്വദേശി സങ്കല്‍പ്പില്‍ എ വി അന്‍വറിന്റെയും ബന്ധുക്കളുടെയും 1.83 ഏക്കര്‍ സ്ഥലമാണ് കോര്‍പറേഷന്‍ ഏറ്റെടുക്കാന്‍ ഒരുങ്ങുന്നത്. സ്ഥലം ഏറ്റെടുക്കുന്നതിന് എതിരെ ഹൈക്കോടതി വിധിയുണ്ടെന്നും ഇത് അവഗണിച്ചാണ് കോര്‍പറേഷന്റെ നീക്കമെന്നും ഉടമ പറയുന്നു.
ഇന്ന് നടക്കുന്ന കോര്‍പറേഷന്‍ കൗണ്‍സില്‍ യോഗത്തിന്റെ 94 ാമത്തെ അജന്‍ഡ കളിസ്ഥലം ഏറ്റെടുക്കലാണ്. 14 വര്‍ഷം മുമ്പ് ആരംഭിച്ച ഏറ്റെടുക്കല്‍ നടപടി നിയമയുദ്ധത്തെ തുടര്‍ന്ന് കോര്‍പറേഷന്‍ ഉപേക്ഷിച്ചതായിരുന്നു. 1994 ലെ കേരള മുനിസിപ്പാലിറ്റി ആക്ട് സെക്ഷന്‍ 215, 368, 565 അനുസരിച്ച് 2,000 ലെ വസ്തു ആര്‍ജിക്കലും കൈയ്യൊഴിക്കലും ചട്ടങ്ങളിലെ സെക്ഷന്‍ മൂന്ന് പ്രകാരം പൊതു സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തുന്ന നിയമപ്രകാരമാണ് നടപടി. വര്‍ഷങ്ങളായി ഒഴിഞ്ഞുകിടക്കുന്ന സ്ഥലം പയ്യാനക്കല്‍ കളിസ്ഥലത്തിനായി ഏറ്റെടുക്കണമെന്നത് പൊതുജന താത്പ്പര്യം നിലനില്‍ക്കുന്ന വിഷയമാണെന്ന് കോര്‍പറേഷന്‍ പറയുന്നു.
കഴിഞ്ഞ മാസം 18ന് ചേര്‍ന്ന യോഗത്തില്‍ കൗണ്‍സില്‍ യോഗത്തിലേക്ക് ഈ കാര്യം ശിപാര്‍ശ ചെയ്തതാണെന്നും അജന്‍ഡയില്‍ വ്യക്തമാക്കിയിട്ടുണ്ട്. എന്നാല്‍ ഹൈക്കോടതിയുടെ ഉത്തരവിന് എതിരാണ് ഇതെന്ന് കാണിച്ച് മേയര്‍ക്ക് സ്ഥലം ഉടമ പരാതി നല്‍കി. 2014 ജൂലൈ നാലിന്റെയും 2013 ഏപ്രില്‍ എട്ടിന്റെയും ഹൈക്കോടതി വിധിക്കെതിരായ നടപടിയാണ് കോര്‍പറേഷന്റേതെന്ന് പരാതിയില്‍ പറയുന്നു.
ഒരു കോര്‍പറേഷന്‍ കൗണ്‍സിലറുടെ ശ്രമഫലമായാണ് ഇപ്പോഴത്തെ നടപടികളെന്നും ടൗണ്‍ പ്ലാനിംഗ് കമ്മിറ്റിയുടെ തീരുമാനം ഹൈക്കോടതി വിധിക്കെതിരാണെന്ന് കാണിച്ച് മേയര്‍ക്ക് അന്‍വര്‍ ഉള്‍പ്പെടെയുള്ളവര്‍ പരാതി നല്‍കിയിരിക്കുകയാണ്. വിവാദ സ്ഥലത്ത് ഉടമകള്‍ അടുത്തിടെ ഒരു താത്കാലിക വീട് പണിതിട്ടുണ്ട്. ഇതിന് കെട്ടിട നമ്പര്‍ അടക്കമുള്ളവ ലഭിക്കുന്നതിന് ശ്രമം നടത്തുന്നതിനിടെയാണ് കോര്‍പറേഷന്റെ ഏറ്റെടുക്കല്‍ നീക്കം നടക്കുന്നത്.