സുഷമ സ്വരാജിന്റെ പ്രസ്താവനക്കെതിരെ ശക്തമായ പ്രതിഷേധം

Posted on: December 9, 2014 5:14 am | Last updated: December 9, 2014 at 12:14 am

ന്യൂഡല്‍ഹി: ഭഗവദ് ഗീതയെ ദേശീയ ഗ്രന്ഥമായി പ്രഖ്യാപിക്കണമെന്ന വിദേശകാര്യ മന്ത്രി സുഷമാ സ്വരാജിന്റെ അഭിപ്രായത്തിനെതിരെ ആഞ്ഞടിച്ച് പ്രതിപക്ഷം. ഔപചാരിക പ്രഖ്യാപനം മാത്രമേ ഇതില്‍ ആവശ്യമുള്ളൂവെന്നും അവര്‍ പറഞ്ഞിരുന്നു. ചെങ്കോട്ടയില്‍ ഞായറാഴ്ച നടന്ന ഗീതയുടെ 5151 വര്‍ഷങ്ങള്‍ ആചരിക്കുന്ന ചടങ്ങിലാണ് സുഷമ ഇങ്ങനെ പറഞ്ഞത്.
ബി എസ് പി, എ എ പി, കോണ്‍ഗ്രസ്, ജെ ഡി യു, തൃണമൂല്‍ കോണ്‍ഗ്രസ്, ഇടതുപക്ഷം തുടങ്ങിയ കക്ഷികള്‍ ഇതിനെതിരെ ശക്തമായി പ്രതികരിച്ചു. വിവിധ മതങ്ങള്‍ നിലനില്‍ക്കുന്ന ഒരു രാഷ്ട്രത്തില്‍ അത്തരമൊരു പ്രസ്താവന സുഷമയെ പോലുള്ള ഉത്തരവാദപ്പെട്ടവര്‍ നടത്തരുതായിരുന്നു. അവരുടെ നിലപാട് ശരിയല്ല. ബി എസ് പി നേതാവ് മായാവതി ചൂണ്ടിക്കാട്ടി. ഗ്രന്ഥത്തെ നിന്ദിക്കലാണ് ഇതെന്നും ഗീത അതിനെല്ലാം ഉപരിയാണെന്നും എ എ പിയുടെ മനീഷ് സിസോദിയ അഭിപ്രായപ്പെട്ടു. ജനങ്ങളുടെ മേല്‍ ബി ജെ പി പ്രത്യയശാസ്ത്രം അടിച്ചേല്‍പ്പിക്കുന്നത് അത്യന്തം അപകടകരമാണെന്ന് സി പി ഐ നേതാവ് ഡി രാജ പറഞ്ഞു. ഗീതയുടെ സത്ത കുടികൊള്ളുന്നത് മൂര്‍ത്തതയിലാണെന്നും മറിച്ച് പ്രതീകാത്മകതയിലല്ലെന്നും കോണ്‍ഗ്രസ് നേതാവ് മനീഷ് തിവാരി അഭിപ്രായപ്പെട്ടു. ഗീത സൂക്ഷ്മതലത്തില്‍ വായിക്കാത്തത് കൊണ്ടുള്ള പ്രശ്‌നമാണിതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ജനാധിപത്യത്തില്‍ ഭരണഘടനയാണ് വിശുദ്ധ ഗ്രന്ഥമെന്നായിരുന്നു തൃണമൂല്‍ മേധാവി മമതാ ബാനര്‍ജിയുടെ മറുപടി. എല്ലാ വിശുദ്ധ ഗ്രന്ഥങ്ങളെയും ഒരുപോലെ ബഹുമാനിക്കണമെന്നും അവര്‍ പറഞ്ഞു.
അത്യന്തം അസംബന്ധമാണ് ഇതെന്ന് ജെ ഡി യു നേതാവ് ശരദ് യാവദ് പ്രതികരിച്ചു. ഭരണം നടത്തുന്നതിന് പകരം ആര്‍ക്കും താത്പര്യമില്ലാത്ത വിഷയം ഉയര്‍ത്തിക്കാണിക്കുന്നതിലാണ് എന്‍ ഡി എക്ക് ആവേശമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പ്രധാനമന്ത്രി മോദി, ഭഗവദ് ഗീത യു എസ് പ്രസിഡന്റ് ബരാക് ഒബാമക്ക് സമ്മാനിച്ചത് അര്‍ഥമാക്കുന്നത് ദേശീയ ഗ്രന്ഥമാണെന്നാണ്. ഇനിയൊരു ഔപചാരിക പ്രഖ്യാപനം മാത്രം മതി. സുഷമ കഴിഞ്ഞ ദിവസം പറഞ്ഞു. സെപ്തംബറില്‍ മോദി സന്ദര്‍ശിച്ചപ്പോള്‍ ജപ്പാന്‍ പ്രധാനമന്ത്രിക്കും രാജാവിനും ഗീത സമ്മാനിച്ചിരുന്നു.