Connect with us

Gulf

യു എ ഇ തീരങ്ങളില്‍ ഉപേക്ഷിക്കപ്പെടുന്ന ഇന്ത്യന്‍ കപ്പലുകള്‍ക്കെതിരെ നടപടി

Published

|

Last Updated

ദുബൈ: യു എ ഇ തീരങ്ങളില്‍ ഇന്ത്യന്‍ കപ്പലുകള്‍ ഉപേക്ഷിക്കുന്നതിനെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് ദുബൈ ഇന്ത്യന്‍ കോണ്‍സുലേറ്റ് അറിയിച്ചു. ചില കമ്പനികള്‍ക്കെതിരെ പരാതി ഉയര്‍ന്നുവന്നു. ഇതിലെ ജീവനക്കാര്‍ കടുത്ത ദുരിതം അനുഭവിച്ചു. നയതന്ത്രകാര്യാലയങ്ങള്‍ക്ക് ഇവരില്‍ നിന്ന് അടിയന്തിര സന്ദേശം ലഭിച്ചതിനെത്തുടര്‍ന്ന് നടപടി സ്വീകരിക്കേണ്ടിവന്നു. വരുണ്‍ ഷിപ്പിംഗ് കമ്പനിയുടെ മഹാരിഷി, ഭവത്രേയ, ദേവത്രേയ, ദത്തത്രേയ എന്നീ കപ്പലുകളാണ് ഉപേക്ഷിക്കപ്പെട്ടത്. ഇതിലെ ജീവനക്കാരെ നയതന്ത്ര കാര്യാലയം ഇടപെട്ടാണ് രക്ഷിച്ചതും നാട്ടിലേക്കയച്ചതും.
സമീപകാലത്തായി നിരവധി പരാതികള്‍ ഉയര്‍ന്നുവന്നു. ബി എം-വണ്‍, എം ടി അരിസ്റ്റോ, എം ടി ഹമാദോ, കെ സി സില്‍വര്‍, അല്‍ ഹാഫിസ് തുടങ്ങിയ കപ്പലുകളാണ് ഉപേക്ഷിക്കപ്പെട്ടത്. ധാരാളം ജീവനക്കാര്‍ ദുരിതത്തിലായി. ആനുകൂല്യങ്ങള്‍ നിഷേധിക്കപ്പെട്ട സംഭവങ്ങളും നിരവധി.
തീരക്കടലില്‍പ്പെട്ടുപോകുന്ന ജീവനക്കാരെ രക്ഷിക്കാന്‍ നയതന്ത്രകാര്യാലയം പരമാവധി ശ്രമം നടത്തി. കടുത്ത ചൂട് കാലത്ത് എയര്‍കണ്ടീഷണറുകളും ഭക്ഷണവും ഔഷധങ്ങളും എത്തിച്ചു. ദുബൈ തുറമുഖ അധികൃതര്‍ സഹായകരമായ നിലപാട് സ്വീകരിച്ചു.
ഈയിടെ തുറമുഖ അതോറിറ്റി എക്‌സി. ഡയറക്ടര്‍ അലി ഇബ്രാഹിം ദാബൂസുമായി ഡെപ്യൂട്ടി കോണ്‍സുല്‍ ജനറല്‍ കെ മുരളീധരന്‍, കോണ്‍സുല്‍ പങ്കജ് ദാദ എന്നിവര്‍ ചര്‍ച്ച നടത്തി. ഡി എം സി എ അധികൃതരും ഇന്ത്യന്‍ കോണ്‍സുലേറ്റും തുടര്‍ന്നും സഹകരിക്കും. ജീവനക്കാരുടെ സുരക്ഷിതത്വമാണ് പ്രധാന പ്രശ്‌നം. അവരെ നാട്ടിലെത്തിക്കാനുള്ള സൗകര്യങ്ങളും ചെയ്തുകൊടുക്കണം. അതോടൊപ്പം, ഭാവിയില്‍ ഇത്തരം പ്രശ്‌നങ്ങള്‍ ഉയര്‍ന്നുവരാതെ നോക്കേണ്ടതുണ്ടെന്നും കോണ്‍സുലേറ്റ് വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി.
കപ്പലിനു കേടുപാടുവരുന്ന സാഹചര്യത്തിലാണ് ഉടമകള്‍ കപ്പല്‍ കൈയൊഴിയുന്നത്. ജീവനക്കാര്‍ക്ക് ആനുകൂല്യങ്ങള്‍ നല്‍കി മാന്യമായ സമീപനം സ്വീകരിക്കാന്‍ ഉടമകള്‍ തയ്യാറാകുന്നുമില്ല.

Latest