Connect with us

Gulf

പവര്‍ സ്റ്റേഷനില്‍ തീപിടുത്തം;വൈദ്യുതി ബന്ധം പുന;സ്ഥാപിച്ചു

Published

|

Last Updated

ഷാര്‍ജ: ഇന്നലെ രാവിലെ പവര്‍സ്‌റ്റേഷനിലുണ്ടായ തീപിടുത്തത്തെ തുടര്‍ന്ന് വൈദ്യുതി നിലച്ച മേഖലയില്‍ വിതരണം പുനസ്ഥാപിച്ചു. ഇന്നലെ രാവിലെ 9.30നായിരുന്നു തീപ്പിടുത്തത്തെ തുടര്‍ന്ന് വൈദ്യുതി ബന്ധം തകരാറിലായത്. ഇതോടെ അല്‍ നഹ്ദ മേഖലയില്‍ അല്‍ തആവുന്‍ മാളിന് പിറകിലെ താമസക്കാരും കച്ചവടക്കാരും ഉള്‍പെടെയുള്ളവര്‍ ദുരിതത്തിലായി. തീപിടുത്തത്തിന്റെ ചിത്രം ഇതുവഴി കടന്നുപോയ പലരും പകര്‍ത്തിയിരുന്നു. എത്രമാത്രം നാശനഷ്ടം ഉണ്ടായെന്ന് അറിവായിട്ടില്ല. കറുത്ത പുക വളരെ ദൂരേക്ക് വരെ കാണാവുന്ന സ്ഥിതിയായിരുന്നുവെന്ന് സംഭവത്തിന് ദൃസാക്ഷിയായവര്‍ സാമൂഹിക മാധ്യമങ്ങള്‍ ഉള്‍പ്പെടെയുള്ളവയിലൂടെ വ്യക്തമാക്കി.
പോലീസിനെയും അഗ്നിശമന സേനാംഗങ്ങളെയും സംഭവസ്ഥലത്ത് കണ്ടതായി സമീപവാസിയായ ഫാത്തിമ സുഹൈല്‍ മാധ്യമങ്ങളോട് പറഞ്ഞു. തീപിടുത്തത്തെ തുടര്‍ന്ന് കനത്ത ഗതാഗതക്കുരുക്കാണ് മേഖലയില്‍ സംജാതമായതെന്ന് മുഹമ്മദ് എന്ന വ്യക്തിയും പ്രതികരിച്ചു. രൂക്ഷമായ ഗന്ധമായിരുന്നു തീപിടുത്തത്തെ തുടര്‍ന്ന് പരിസരങ്ങളിലെങ്ങും. ഈ മേഖലയിലെ റോഡുകളില്‍ വാഹനങ്ങള്‍ ഒച്ചിഴയുന്ന വേഗത്തിലാണ് നീങ്ങിയത്. പലരും ബാല്‍കണിയില്‍ നിന്നു സംഭവം വീക്ഷിക്കുന്നുണ്ടായിരുന്നുവെന്നും മുഹമ്മദ് പറഞ്ഞു.
അവിചാരിതമായി വൈദ്യുതി മുടങ്ങിയത് തന്റേതുള്‍പെടെ നിരവധി കുടുംബങ്ങള്‍ക്ക് ദുരിതമായതായി മറ്റൊരു താമസക്കാരിയായ ആസിയ പറഞ്ഞു. കുട്ടികളെ സ്‌കൂള്‍ ബസില്‍ കയറ്റി മടങ്ങി എത്തിയപ്പോഴാണ് വൈദ്യുതി നിലച്ചത് ബോധ്യമായത്. എലിവേറ്ററില്‍ കയറാന്‍ ശ്രമിച്ചപ്പോഴായിരുന്നു അത്. ഇതിനാല്‍ ഏറെ ബുദ്ധിമുട്ടിയാണ് ഫഌറ്റ് സ്ഥിതിചെയ്യുന്ന 18ാം നില വരെ കോണി കയറിയത്. വൈദ്യുതോപകരണങ്ങളെല്ലാം ഒറ്റയടിക്ക് നിലച്ചത് പലര്‍ക്കും കടുത്ത ബുദ്ധിമുട്ടാണ് വരുത്തിവെച്ചതെന്ന് അല്‍ നഹ്ദ പാര്‍ക്കിന് സമീപത്തെ കെട്ടിട കാവല്‍ക്കാരനായ ഷാഹിദ് ഹുസൈനും വ്യക്തമാക്കി.

Latest