ലോക് അദാലത്തില്‍ പതിനായിരത്തില്‍പ്പരം കേസുകള്‍ക്ക് തീര്‍പ്പ്

Posted on: December 8, 2014 1:33 pm | Last updated: December 8, 2014 at 1:33 pm

പാലക്കാട്:ജില്ലയില്‍ നടന്ന ലോക് അദാലത്തില്‍ 10,200 ക്രിമിനല്‍ കേസുകള്‍ തീര്‍പ്പാക്കി. 40,000 ക്രിമിനല്‍ കേസുകള്‍ ജില്ലയില്‍ തീര്‍പ്പാകാതെ നില്‍ക്കുകയാണ്. വിവിധ കേസുകളിലായി 6.5 കോടി വിധിസംഖ്യയായി നല്‍കാന്‍ അദാലത്തില്‍ തീരുമാനിച്ചു.11,000ഓളം കേസുകള്‍ മൊത്തം തീര്‍പ്പാക്കിയിട്ടുണ്ട്.ജില്ലാ കോടതിയിലും ഒറ്റപ്പാലം, ചിറ്റൂര്‍, മണ്ണാര്‍ക്കാട്, ആലത്തൂര്‍ താലൂക്ക് കോടതികളിലും നിലനില്‍ക്കുന്ന കേസുകളാണ് ശനിയാഴ്ച നടന്ന ദേശീയ ലോക് അദാലത്തില്‍ പരിഗണിച്ചത്. ലീഗല്‍ സര്‍വീസ് കമ്മിറ്റികളുടെ നേതൃത്വത്തിലാണ് അദാലത്ത് .16,000 ക്രിമിനല്‍ കേസുകളും നാലായിരത്തോളം സിവില്‍ കേസുകളും അദാലത്തിലേക്ക് പരിഗണിച്ചിരുന്നു. ജില്ലാ കോടതിയില്‍ 18 ബൂത്തുകളാണ് സജ്ജീകരിച്ചത്.18ജുഡീഷ്യല്‍ ഉദ്യോഗസ്ഥന്മാരും 12 അക്രഡിറ്റേഷനുള്ള മധ്യസ്ഥരും കേസുകള്‍ കേട്ടു. ജില്ലാ ആസ്ഥാനത്ത് 3,600 ക്രിമിനല്‍ കേസുകളും 18 സിവില്‍ കേസുകളും തീര്‍പ്പാക്കി. 200 ബേങ്ക് കേസുകളും എം എ സി ടി യിലുള്ള 78 കേസുകളും മൊബൈല്‍ കമ്പനികളുടെ 60 കേസുകളും തീര്‍പ്പാക്കിയവയില്‍ ഉള്‍പ്പെടും.ചിറ്റൂര്‍ മജിസ്‌ട്രേറ്റ്, മുന്‍സിഫ് കോടതികളില്‍ കാലങ്ങളായി പരിഹരിക്കാതെ കിടന്ന 2,732 കേസുകളില്‍ 1,611 കേസുകള്‍ക്ക് തീര്‍പ്പായി. മജിസ്‌ട്രേറ്റ് കോടതിയിലെ 1,600 കേസുകളില്‍ 18,64,000 രൂപ പിഴ ഈടാക്കി.തീര്‍പ്പാകാത്ത കേസുകള്‍വരുന്ന എല്ലാബുധനാഴ്ചകളിലും അദാലത്തിലൂടെ പരിഹരിക്കാനുള്ള സൗകര്യമുണ്ടാകും.ആലത്തൂരില്‍ നടന്ന അദാലത്തില്‍ പരിഗണിച്ച 2,033 കേസുകളില്‍ 1,586 കേസുകള്‍ തീര്‍പ്പാക്കി.ഉത്തരമേഖല അദാലത്തുകളുടെ ചുമതലയുള്ള പാലക്കാട് ജില്ലാ ലീഗല്‍ സര്‍വീസ് അതോറിറ്റി ചെയര്‍മാനും ജില്ലാജഡ്ജിയുമായ കെ പി ജ്യോതീന്ദ്രനാഥ് ജില്ലാതലത്തില്‍ അദാലത്തിന് നേതൃത്വം നല്‍കി.ലീഗല്‍ സര്‍വീസ് കമ്മിറ്റി ചെയര്‍മാന്മാരായ ഫസ്റ്റ് അഡീഷണല്‍ ഡിസ്ട്രിക്റ്റ് ജഡ്ജ് വി ജി അനില്‍കുമാര്‍ (പാലക്കാട്), ജുഡീഷ്യല്‍ ഫസ്റ്റ് ക്ലൂസ് മജിസ്‌ട്രേറ്റ് ടി കെ സുരേഷ് (ആലത്തൂര്‍), മുന്‍സിഫ് ആന്റണി ഷെല്‍മാന്‍ (ചിറ്റൂര്‍), എം എ സ ടി ജഡ്ജ് പി ജെ വിന്‍സന്റ് (ഒറ്റപ്പാലം), മുന്‍സിഫ് മജിസ്‌ട്രേറ്റ് ഉബൈദുള്ള (മണ്ണാര്‍ക്കാട്) എന്നിവര്‍ അദാലത്തുകള്‍ക്ക് മേല്‍നോട്ടം വഹിച്ചു.