കെ എസ് ഇ ബിയുടെ കെടുകാര്യസ്ഥത

Posted on: December 8, 2014 1:21 pm | Last updated: December 8, 2014 at 1:21 pm

സംസ്ഥാന വൈദ്യുതി ബോര്‍ഡിന്റെ നടപ്പു വര്‍ഷത്തെ വാര്‍ഷിക വരവ് ചെലവ് കണക്ക് സംബന്ധിച്ചു ബോര്‍ഡും റഗുലേറ്ററി കമ്മീഷനും തമ്മിലുള്ള ഭിന്നത തുടരുകയാണ്. 12,057 കോടിരൂപ ചെലവും 9126 കോടി രൂപ വരവും 2931 കോടി രൂപ കമ്മിയും പ്രതീക്ഷിക്കുന്ന വാര്‍ഷിക ബജറ്റാണ് കെ എസ് ഇ ബി സമര്‍പ്പിച്ചിരുന്നത്. എന്നാല്‍, ചെലവ് 1,10,220 കോടി രൂപയും കമ്മി 1,094 കോടി രൂപയുമായി വെട്ടിച്ചുരുക്കുകയായിരുന്നു റഗുലേറ്ററി കമ്മീഷന്‍. ജീവനക്കാരുടെ പുനര്‍വിന്യാസത്തിലൂടെയും കമ്പ്യൂട്ടര്‍വത്കരണം വ്യാപകമാക്കുന്നതിലൂടെയും ചെലവ് കുറയ്ക്കണമെന്നാണ് കമ്മീഷന്റെ നിര്‍ദേശം. എന്നാല്‍, ചെലവിനങ്ങള്‍ കുറച്ചത് കനത്ത ബാധ്യത സൃഷ്ടിക്കുന്നതിനാല്‍ തങ്ങള്‍ കാണിച്ച 12,057 കോടി രൂപയുടെ കണക്ക് അംഗീകരിക്കണമെന്ന പുനരവലോകന ഹരജിയും നല്‍കി കാത്തിരിക്കുയാണിപ്പോള്‍ കെ എസ് ഇ ബി അധികൃതര്‍.
കെടുകാര്യസ്ഥതയും ആസൂത്രണത്തിലെ താളപ്പിഴയുമാണ് കെ എസ് ഇ ബിയുടെ ചെലവ് വന്‍തോതില്‍ വര്‍ധിക്കാന്‍ കാരണമെന്ന് റെഗുലേറ്ററി കമ്മീഷന്‍ വസ്തുതകളുടെ അടിസ്ഥാനത്തില്‍ ചൂണ്ടിക്കാട്ടിയതാണ്. കോഴിക്കേട്ടെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മാനേജ്‌മെന്റ്(ഐ ഐ എം) നടത്തിയ പഠനം ഇതിന് അടിവരയിടുകയും ചെയ്യുന്നു. ആവശ്യത്തില്‍ കവിഞ്ഞ ജീവനക്കാരാണ് ചെലവ് കുത്തനെ വര്‍ധിക്കാനുള്ള പ്രധാന കാരണം. 2012ല്‍ 31,113 ജീവനക്കാരുണ്ടായിരുന്നത് 2013ല്‍ 31,783 ആയി ഉയര്‍ന്നു. ഇനിയും വര്‍ധിക്കാനുള്ള പ്രവണതയാണ് കാണുന്നതെന്നും ഐ ഐ എം ചൂണ്ടിക്കാട്ടുന്നു. കഴിഞ്ഞ ആറ് വര്‍ഷത്തിനിടെ ബോര്‍ഡ് 6,993 ജീവനക്കാരെ നിയമിച്ചിട്ടുണ്ട്. കമ്പ്യൂട്ടര്‍വത്കരണം നടപ്പാക്കിക്കൊണ്ടിരിക്കവെ ബില്ലിംഗ് സെക്ഷനിലും മറ്റും എണ്ണം ഗണ്യമായി കുറയുകയാണ് വേണ്ടത്. എന്നിട്ടും പുതിയ നിയമനങ്ങള്‍ നടക്കുന്നു. ചില മേഖലകളില്‍ വേണ്ടതില്‍ കൂടുതല്‍ ജീവനക്കാരുണ്ട്. ഇവരെ പുനര്‍വിന്യസിച്ചാല്‍ പുതിയ നിയമനം ഒഴിക്കാനും ചെലവ് കുറയ്ക്കാനുമാകും. ജീവനക്കാര പുനര്‍വിന്യാസത്തിലെ അശാസ്ത്രീയതയാണ് മറ്റൊരു പ്രശ്‌നം. ജീവനക്കാരുടെ കഴിവുകള്‍ വിലയിരുത്തി മികവു പ്രകടിപ്പിക്കുന്ന മേഖലകളിലേക്കു നിയമിക്കാതെ അശാസ്ത്രീയമായി പുനര്‍വിന്യസിക്കുന്നത് സാമ്പത്തികനഷ്ടത്തിനിടയാക്കുന്നതായി ഐ ഐ എം റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. ജീവനക്കാരുടെ ചെലവുകള്‍ വര്‍ധിക്കുന്നതാണ് ബോര്‍ഡിന്റെ ഭരണ തലത്തിലെ മറ്റൊരു വീഴ്ച. 2012ല്‍ ഇത് 1957 കോടിയായിരുന്നത് 2013ല്‍ 2402 കോടിയായി ഉയരുകയുണ്ടായി.
കുടിശ്ശിക പിരിച്ചെടുക്കുന്നതിലും കുറ്റകരമായ ഉദാസീനത പ്രകടമാണ്. കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ വകുപ്പ് മന്ത്രി ആര്യാടന്‍ നിയമ സഭയില്‍ വെച്ച കണക്കനുസരിച്ച് 1383 കോടി രൂപ പിരിഞ്ഞു കിട്ടാനുണ്ട്. ഇതില്‍ സര്‍ക്കാര്‍ സ്ഥാപനങ്ങളുടെ കുടിശ്ശിക 105.33 കോടിയാണെന്ന് മന്ത്രി പറയുമ്പോള്‍, സര്‍ക്കാര്‍ ഓഫീസുകളില്‍ 1000 കോടി രൂപയുടെ വൈദ്യുതി കുടിശ്ശികയുണ്ടന്നാണ് കെ എസ് ഇ ബി ചീഫ് വിജിലന്‍സ് ഓഫീസര്‍ ഋഷിരാജ് സിംഗ് പറയുന്നത്. ഇതനുസരിച്ചു മൊത്തം കുടിശ്ശിക മന്ത്രി വെളിപ്പെടുത്തിയതിനേക്കാള്‍ വളരെ കൂടുതല്‍ വരും. സമ്പന്നരാണ് സ്വകാര്യ മേഖലയില്‍ കുടിശ്ശിക വരുത്തിയവരിലേറെയും. വൈദ്യുതി മോഷണം നടത്തുന്നവരും മുഖ്യമായും സമ്പന്നവര്‍ഗമാണെന്നും ഋഷിരാജ് സിംഗ് വെളിപ്പെടുത്തുന്നു.
കുടിശ്ശികയുടെ കാര്യത്തില്‍ സാധാരണക്കാരോട് കര്‍ക്കശ നിലപാട് കാണിക്കുന്ന കെ എസ് ഇ ബി ഉദ്യോഗസ്ഥര്‍ക്ക് സമ്പന്നരോടും കോര്‍പറേറ്റുകളോടും ഉദാരസമീപനമാണ്. റിലയന്‍സും ജീവനക്കാരും തമ്മില്‍ ഇക്കാര്യത്തില്‍ നടത്തുന്ന ഒത്തുകളി വാര്‍ത്താമാധ്യമങ്ങള്‍ പുറത്തുകൊണ്ടുവന്നതാണ്. മൊബൈല്‍ ടവറുകളുടെ വാടകയിനത്തില്‍ പത്ത് കോടി രൂപയിലേറെ കെ എസ് ഇ ബി ക്ക് റിലയന്‍സില്‍ നിന്ന് പിരിഞ്ഞുകിട്ടാനുണ്ട്. കണക്ഷന്‍ വിച്ഛേദിക്കാതിരിക്കാന്‍ നല്‍കുന്ന തിയ്യതിയുടെ പരിധി കഴിഞ്ഞാലും കമ്പനി പണമടയ്ക്കാറില്ല. എന്നിട്ടും, അത്യാവശ്യ സേവനമായതിനാല്‍ അവരുടെ കണക്ഷന്‍ വിച്ഛേദിക്കരുതെന്ന് കാണിച്ച് ഓരോ മാസവും ബോര്‍ഡ് ചീഫ് എഞ്ചിനീയര്‍, സെക്ഷന്‍ അസിസ്റ്റന്റ് എഞ്ചിനീയര്‍മാര്‍ക്ക് നിര്‍ദേശം നല്‍കുമ്പോള്‍ സാമ്പത്തിക പരാധീനത മൂലം കൃത്യ സമയത്ത് പണമടയ്ക്കാന്‍ സാധിക്കാത്ത സാധാരണക്കാരന്റെ വൈദ്യുതി കണക്ഷന്‍ കൃത്യ സമയത്ത് തന്നെ വിച്ഛേദിക്കുക യും ചെയ്യുന്നു.
വൈദ്യുതി റഗുലേറ്ററി കമ്മീഷന്റെ നിര്‍ദേശാനുസാരം ഭരണം കാര്യക്ഷമമാക്കുകയും സാമ്പത്തിക അച്ചടക്കം പുലര്‍ത്തുകയും ചെയ്താല്‍ ബോര്‍ഡിന്റെ ചെലവ് ഗണ്യമായി കുറയ്ക്കാനാകും. അധികമുള്ള ജീവനക്കാരെ പുനര്‍വിന്യസിക്കുക, കമ്പ്യൂട്ടര്‍വ ത്കരണം പൂര്‍ണമാക്കുക, അനാവശ്യ ചെലവ് കണ്ടെത്താന്‍ വര്‍ക്ക് സ്റ്റഡി നടത്തുക തുടങ്ങിയവയാണ് കമ്മീഷന്‍ ഇതിന് നിര്‍ദേശിക്കുന്ന മാര്‍ഗങ്ങള്‍. ഇതവഗണിച്ചു കുത്തഴിഞ്ഞ അവസ്ഥയില്‍ തന്നെ ഭരണം മുന്നോട്ട് നീങ്ങുമ്പോള്‍, വരവ് ചെലവുകള്‍ക്കിടയിലുള്ള അന്തരം കൂടുകയും അടിക്കടി നിരക്ക് വര്‍ധിപ്പിക്കേണ്ടി വരികയും ചെയ്യുന്നു. ബോര്‍ഡിന്റെ നിരുത്തരവാദിത്വത്തിനും കെടുകാര്യസ്ഥതക്കും റഗുലേറ്ററി കമ്മീഷന്‍ കൂട്ടുനില്‍ക്കരുതെന്നാണ് ഉപഭോക്താക്കളുടെ ആവശ്യം.