ആന വിരണ്ടു; ഭീതിയില്‍ നാല് മണിക്കൂര്‍

Posted on: December 7, 2014 10:11 am | Last updated: December 7, 2014 at 10:11 am

നരിക്കുനി: കാക്കൂര്‍ പഞ്ചായത്തിലെ പുന്നശ്ശേരി വെസ്റ്റ് എ യു പി സ്‌കൂളിന് സമീപം വിരണ്ടോടിയ ആനയുടെ ആക്രമണത്തില്‍ പാപ്പാന് പരുക്ക്. വാഹനങ്ങളും വൈദ്യുതി തൂണുകളും തകര്‍ത്ത ആന സ്‌കൂളിന്റെ ചുറ്റുമതിലും പൊളിച്ചു.
ഓമശ്ശേരിയില്‍ ഒരാഴ്ചയായി ചികിത്സയിലായിരുന്ന കണ്ണൂര്‍ തളാപ്പ് ക്ഷേത്രം ദേവസ്വത്തിന്റെ ആനയാണ് ചികിത്സ കഴിഞ്ഞുള്ള മടക്ക യാത്രയില്‍ ഇടഞ്ഞത്. ഇന്നലെ രാവിലെ ഒമ്പതോടെയാണ് സംഭവം. ആനയെ പാപ്പാന്‍ വിജയന്‍ പുന്നശ്ശേരിയിലെ സഹോദരിയുടെ വീട്ടുവളപ്പില്‍ തളയ്ക്കുന്നതിനിടെയാണ് ഇടഞ്ഞത്. ഈ വീടും ഭാഗികമായി തകര്‍ത്തു. പറമ്പിലെ മരത്തിന്റെ തടി പൊട്ടിച്ചെടുത്ത ആന ആദ്യം പാപ്പാനെ ആക്രമിച്ചു. തുടര്‍ന്ന് നന്‍മണ്ട- പടനിലം റോഡില്‍ പ്രവേശിച്ച് സ്‌കൂളിന്റെ ചുറ്റുമതിലും വൈദ്യുതി തൂണുകളും രണ്ട് കാറും രണ്ട് ബൈക്കും തകര്‍ത്തു. എഫ് സി ഐ ഗോഡൗണിലേക്കുള്ള ലോറിയുടെ പിന്നിലെ ബോഡി തകര്‍ത്ത് അരിച്ചാക്കുകള്‍ റോഡിലിട്ട് ചവിട്ടി.
വൈകീട്ട് ആറോടെ ഗുരുവായൂരില്‍ നിന്ന് എലിഫന്റെ സ്‌ക്വാഡെത്തി മയക്കുവെടിവെച്ചാണ് ആനയെ തളച്ചത്. നാല് മണിക്കൂറോളം നന്മണ്ട- പടനിലം റോഡില്‍ ഗതാഗതം മുടങ്ങി. വാഹനങ്ങള്‍ പലവഴിക്ക് തിരിച്ചുവിട്ടു.
താമരശ്ശേരി ഫോറസ്റ്റ് റെയ്ഞ്ച് ഓഫീസര്‍ സജികുമാര്‍, നരിക്കുനി ഫയര്‍ സ്റ്റേഷന്‍ സ്റ്റേഷന്‍ ഓഫീസര്‍ ജഅ്ഫര്‍ സ്വാദിഖ്, ബാലുശേരി സി ഐ ബാബു, കാക്കൂര്‍ എസ് ഐ മുരളീധരന്‍, അഡി. എസ് ഐ അബ്ദുല്ലത്വീഫ്, അഡി. തഹസില്‍ദാര്‍ എന്നിവരുടെ നേതൃത്വത്തില്‍ വനം, ഫയര്‍ഫോഴ്‌സ്, പോലീസ്, റവന്യൂ വകുപ്പുകള്‍ രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കാളികളായി. നാട്ടുകാരും കൈമെയ് മറന്ന് പങ്ക് ചേര്‍ന്നു.
ഇന്നലെ സ്‌കൂളിന് അവധിയായതിനാലും കെ എസ് ഇ ബി അധികൃതര്‍ യഥാസമയം ലൈനുകള്‍ ഓഫ് ചെയ്തതിനാലും വന്‍ ദുരന്തം ഒഴിവായി. പരുക്കേറ്റ പാപ്പാന്‍ വിജയനെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.