Connect with us

Wayanad

വയനാട് മെഡിക്കല്‍ കോളജ് യാഥാര്‍ഥ്യമാക്കണം: മാനന്തവാടി രൂപത

Published

|

Last Updated

മാനന്തവാടി: രണ്ടുവര്‍ഷങ്ങള്‍ക്ക് മുമ്പ് ബജറ്റില്‍ പ്രഖ്യാപിക്കുകയും പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ക്കായി രണ്ടു കോടിരൂപ നീക്കിവെക്കുകയും ചെയ്ത വയനാട് മെഡിക്കല്‍ കോളേജ് യാഥാര്‍ത്ഥ്യമാക്കാന്‍ സര്‍ക്കാര്‍ അടിയന്തിര നടപടി സ്വീകരിക്കണമെന്ന് മാനന്തവാടി രൂപത. ബിഷപ്‌സ് ഹൗസില്‍ ചേര്‍ന്ന രൂപതയുടെ ഉന്നതാധികാര വൈദിക സമിതി ഐകകണ്‌ഠേന പാസാക്കിയ പ്രമേയം ബിഷപ് മാര്‍ ജോസ് പൊരുന്നേടം മുഖ്യമന്ത്രിക്ക് ഫാക്‌സ് സന്ദേശമായി അയച്ചു.
പരാധീനതകളേറെയുളള പിന്നാക്ക ജില്ലയായ വയനാടിനൊപ്പം പ്രഖ്യാപിച്ച ഇതര ജില്ലകളിലെ മെഡിക്കല്‍ കോളേജുകളെല്ലാം പ്രവര്‍ത്തനം ആരംഭിച്ചു. എന്നാല്‍, വയനാട്ടില്‍ മാത്രം പ്രഖ്യാപനം ഫയലില്‍ ഉറങ്ങിയതിന് പിന്നിലുളള ജനപ്രതിനിധികളടക്കമുളളവരുടെ അനങ്ങാപ്പാറ നയത്തില്‍ യോഗം ഉത്കണ്ഠ രേഖപ്പെടുത്തി. വയനാട് മെഡിക്കല്‍ കോളജ് ഉടനടി യാഥാര്‍ത്ഥ്യമാക്കാന്‍ ജില്ലയിലെ ജനപ്രതിനിധികള്‍ സംസ്ഥാന ഭരണകൂടത്തില്‍ ശക്തമായ സമ്മര്‍ദ്ദം ചെലുത്തണമെന്ന് വൈദിക സമ്മേളനം ആവശ്യപ്പെട്ടു.
റവന്യൂ വകുപ്പ് ഉന്നയിച്ചിട്ടുളള തടസ്സവാദങ്ങളില്‍ സാങ്കേതികതയോ യഥാര്‍ഥ നിയമപ്രശ്‌നങ്ങളോ ഉണ്ടെങ്കില്‍ സര്‍ക്കാരാണ് അത് പരിഹരിക്കേണ്ടത്. ആവശ്യമെങ്കില്‍, ട്രസ്റ്റ് ദാനം ചെയ്ത ഭൂമി ഓര്‍ഡിനന്‍സിലൂടെ ഏറ്റെടുക്കാനുളള ആര്‍ജ്ജവം സര്‍ക്കാര്‍ കാട്ടണം.
ജില്ലയില്‍ മറ്റേതെങ്കിലും സൗകര്യപ്രദമായ സ്ഥലത്ത് ഇക്കാര്യത്തിനായി ഭൂമി ലഭ്യമാക്കാനാകുമമോ എന്നും ഗൗരവമായി ചിന്തിക്കാവുന്നതാണ്.
അനാവശ്യ വിവാദങ്ങളും പ്രദേശിക വാദങ്ങളും ഒഴിവാക്കി വയനാട്ടുകാര്‍ മുഴുവന്‍ ഒറ്റക്കെട്ടായി ഈ വിഷയത്തില്‍ അണിചേരണമെന്നും വൈദിക സമ്മേളനം ആഹ്വാനം ചെയ്തു. ബിഷപ്പ് മാര്‍ ജോസ് പൊരുന്നേടം അധ്യക്ഷത വഹിച്ചു. രൂപത ഫിനാന്‍സ് ഓഫീസര്‍ ഫാ. ബെന്നി മുതിരക്കാലായില്‍, ഫാ. ജോര്‍ജ്ജ് മാമ്പളളി, ഫാ. ബിജു പൊന്‍പാറയില്‍, ഫാ. ബാബു മാപ്ലശേരി, ഫാ. ജോര്‍ജ്ജ് മൈലാടൂര്‍, ഫാ. തോമസ് തൈക്കുന്നുംപുറം, ഫാ. ഷാജി മുളകുടിയാങ്കല്‍, ഫാ. സ്റ്റീഫന്‍ കോട്ടക്കല്‍, ഫാ. അഗസ്റ്റിന്‍ നിലക്കപ്പിളളി, ഫാ. വിന്‍സെന്റ് താമരശ്ശേരി എന്നിവര്‍ പ്രസംഗിച്ചു. വികാരി ജനറാള്‍ മോണ്‍സിഞ്ഞോര്‍ മാത്യു മാടപ്പളളികുന്നേല്‍ സ്വാഗതവും, രൂപതാ ചാന്‍സലര്‍ ഫാ. ജോസഫ് പരുവുമ്മേല്‍ നന്ദിയും പറഞ്ഞു.

Latest