സിമന്റ് വില ഉയര്‍ത്താന്‍ ഗൂഢനീക്കം; പിന്നില്‍ തമിഴ്‌നാട് ലോബി

Posted on: December 7, 2014 9:14 am | Last updated: December 7, 2014 at 9:14 am

cementതൊടുപുഴ: കേരളത്തില്‍ സിമന്റ് വില ഉയര്‍ത്താന്‍ കമ്പനികള്‍ ഗൂഢനീക്കം നടത്തുന്നു. മാര്‍ക്കറ്റില്‍ സിമന്റ് വില്‍പ്പന മുന്നറിയിപ്പില്ലാതെ നിര്‍ത്തിക്കൊണ്ടാണ് ആദ്യ നീക്കം. ഇതുമൂലം കേരളത്തിലെ നിര്‍മാണ മേഖല പ്രതിസന്ധിയിലായിരിക്കയാണ്. തമിഴ്‌നാട് കേന്ദ്രീകരിച്ചുള്ള കമ്പനികളാണ് ഈ നീക്കത്തിന് പിന്നിലെന്ന് പറയപ്പെടുന്നു.
കേരളത്തിലെ പ്രധാന വിതരണക്കാരുടെ ഗോഡൗണുകളില്‍ സിമന്റ് വന്‍തോതില്‍ സ്റ്റോക്ക് ചെയ്തിട്ടുണ്ട്. എന്നാല്‍ ഇവ വിപണിയില്‍ എത്തിക്കേണ്ടെന്നാണ് വിവിധ കമ്പനി അധികൃതര്‍ വിതരണക്കാര്‍ക്ക് നല്‍കിയിരിക്കുന്ന നിര്‍ദ്ദേശം. പൂഴ്ത്തിവെപ്പിനെതിരെ ജില്ലാകലക്ടര്‍മാര്‍ക്ക് മിന്നല്‍ പരിശോധന നടത്താന്‍ അധികാരമുണ്ടെങ്കിലും ഇത്തരത്തിലുള്ള നീക്കം ഇതുവരെയുണ്ടായിട്ടില്ല. ഗോഡൗണുകളില്‍ വന്‍തോതില്‍ സിമന്റ് സൂക്ഷിക്കുകയും പൊതുവിപണിയില്‍ സ്റ്റോക്ക് ഇല്ലാതിരിക്കുകയും ചെയ്യുന്നത് പിടികൂടാന്‍ നിയമമുണ്ടെങ്കിലും ബന്ധപ്പെട്ടവര്‍ ശ്രദ്ധിക്കുന്നില്ല. സിമന്റ് മാനുഫാക്‌ചേഴ്‌സ് അസോസിയേഷന്‍ സിമന്റ് വില വര്‍ധിപ്പിക്കുവാന്‍ രഹസ്യ തീരുമാനമെടുത്തതായും പറയപ്പെടുന്നു. തമിഴ്‌നാട്ടില്‍ നിന്നുമുള്ള കമ്പനികളുടെ സിമന്റ് ഈ മാസം ഒന്ന് മുതല്‍ കേരള വിപണിയില്‍ വില്‍പ്പന നിര്‍ത്തിയിരിക്കുകയാണ്. ഇതാണ് നിര്‍മാണ മേഖലയെ പ്രതിസന്ധിയിലാക്കിയിരിക്കുന്നത്. ഒരു ചാക്കിന് 50 രൂപ വര്‍ദ്ധിപ്പിക്കുവാനാണ് നീക്കം. മുന്നറിയിപ്പില്ലാതെ മാര്‍ക്കറ്റില്‍ നിന്നും സിമന്റ് പിന്‍വലിച്ചത് നിര്‍മ്മാണ മേഖലയെ വലച്ചിരിക്കുകയാണ്.