കെ എസ് ആര്‍ ടി സി ബസ് ഇടിച്ച് റെയില്‍വേ ഗേറ്റ് തകര്‍ന്നു

Posted on: December 6, 2014 3:19 pm | Last updated: December 6, 2014 at 3:19 pm

പെരിന്തല്‍മണ്ണ: അങ്ങാടിപ്പുറം റെയില്‍വേഗേറ്റ് അടക്കുന്നതിനിടെ,ക്രോസ് ചെയ്യുകയായിരുന്ന കെ എസ് ആര്‍ ടി സി ബസ് ഗേറ്റിന്റെ കൊളുത്തില്‍ കുടുങ്ങി വലിഞ്ഞ് ഗേറ്റ് തകര്‍ന്നു. ഇന്നലെ രാത്രി 9.40 ഓടെ യായിരുന്നു സംഭവം.
കോഴിക്കാട് ഭാഗത്തേക്ക് പോകുകയായിരുന്ന ആര്‍ ആര്‍ കെ 459 കെ എസ് ആര്‍ ടി.സി ടി ടി ബസാണ് അപകടത്തില്‍ പെട്ടത്. മലപ്പുറം ഡിപ്പോയുടെ കീഴിലുളളതാണ് ബസ്. രണ്ട് ഗേറ്റുകളും തകര്‍ന്നു. ബസ് നടുവില്‍ കുടുങ്ങിയതോടെ ഏതാനും നേരത്തേക്ക് ഗതാഗതം പൂര്‍ണമായും തടസ്സപ്പെട്ടു. ആംബുലന്‍സുകളടക്കം കടന്നുപോകാനാകാതെ കുടുങ്ങി. ഗേറ്റ് താഴ്ത്തുന്നത് രാത്രി കെ എസ് ആര്‍ ടി സി ബസ് ഡ്രൈവറുടെ ശ്രദ്ധയില്‍ പെടാഞ്ഞതാണ് അപകടമുണ്ടാക്കിയത്. ഉടന്‍ ഫയര്‍ ഫോഴ്‌സും പോലീസും സ്ഥലത്തെത്തി സ്ഥിതിഗതികള്‍ നിയന്ത്രിച്ചു. വണ്ടി മാറ്രിയിട്ട ശേഷം പത്തോടെയാണ് രാജറാണി ട്രെയിന്‍ ഇതുവഴി കടന്നുപോയത്. ഗേറ്റിന്റെ തകരാറ് ഇന്ന് പരിക്കരിക്കാനാകുമെന്ന് റെയില്‍വേ ഉദ്യോഗസ്ഥര്‍ പറഞ്ഞു.