ബ്ലോക്ക് പ്രസിഡന്റിനെതിരെ പാര്‍ട്ടി അംഗത്തിന്റെ പ്രതിഷേധം; അവസരം മുതലെടുത്ത് സി പി എം

Posted on: December 6, 2014 3:18 pm | Last updated: December 6, 2014 at 3:18 pm

എടക്കര: ബ്ലോക്ക് പ്രസിഡന്റിനെതിരെ സ്വന്തം പാര്‍ട്ടിയിലെ അംഗത്തിന്റെ പരസ്യ പ്രതിഷേധം. ഐ എ വൈ വീട് ഗുണഭോക്താക്കളുടെ എഗ്രിമെന്റില്‍ ഒപ്പ് വെക്കുന്നതില്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റിന്റെ നിലപാടിനെതിരെയാണ് സ്വന്തം പാര്‍ട്ടിക്കാരനായ എടക്കര ഗ്രാമപഞ്ചായത്ത് വികസനകാര്യ സ്ഥിര സമിതി അധ്യക്ഷന്‍ പി ടി ജോണ്‍ (തങ്കച്ചന്‍) പരസ്യ പ്രതിഷേധം നടത്തിയത്. ഈ അവസരം മുതലെടുത്ത് സി പി എം സമരം നടത്തുകയായിരുന്നു. എഗ്രിമെന്റ് വി ഇ ഒക്ക് നല്‍കുന്നതിന് വേണ്ടി ഇന്നലെ നൂറോളം ഗുണഭോക്താക്കള്‍ പഞ്ചായത്ത് ഓഫീസില്‍ എത്തിയിരുന്നു. എഗ്രിമെന്റില്‍ ഡിവിഷന്‍ അംഗം കൂടിയായ ബ്ലോക്ക് പ്രസിഡന്റ് പി പുഷ്പവല്ലി ഒപ്പ് വെക്കണം. ഇതിന് ഗുണഭോക്താക്കളോട് വീട്ടില്‍ ചെല്ലാന്‍ പുഷ്പവല്ലി ആവശ്യപ്പെട്ടുവെന്ന് ആരോപിച്ച് പഞ്ചായത്ത് സ്ഥികസമിതി അധ്യക്ഷനായ പി ടി ജോണ്‍ ബഹളം കൂട്ടുകയായിരുന്നു.
പുഷ്പവല്ലിക്കെതിരെ കോണ്‍ഗ്രസ് മണ്ഡലം സെക്രട്ടറി കൂടിയായ പി ടി ജോണിന്റെ പ്രതിഷേധം പ്രതിപക്ഷം കണ്ട്‌നില്‍ക്കുകയായിരുന്നു. പിന്നീട് സി പി എം പ്രാദേശിക നേതാക്കളെത്തി സമരം നടത്തി. അതേ സമയം ഒരു ഗുണഭോക്താവിനോടും ഒപ്പിടന്നതിന് തന്നെ വന്ന് കാണാന്‍ ആവശ്യപ്പെട്ടിട്ടില്ലെന്നാണ് പുഷ്പല്ലിയുടെ വിശദീകരണം. എഗ്രിമെന്റ് ബ്ലോക്ക് ഓഫീസില്‍ എത്തുമ്പോള്‍ ഒപ്പു വെക്കുകയാണ് പതിവ്. പഞ്ചായത്ത് പ്രസിഡന്റ് ഒ ടി ജയിംസ് ഇടപെട്ട് എഗ്രിമെന്റുകള്‍ വാങ്ങി വി ഇ ഒയെ ഏല്‍പ്പിച്ച് ഗുണഭോക്താക്കളെ പറഞ്ഞുവിടുകയായിരുന്നു.