ഗുണമേന്‍മയുള്ള വിദ്യാഭ്യാസം; ‘സ്ലേറ്റ് ‘പദ്ധതി 200 വിദ്യാലയങ്ങളിലേക്ക്‌

Posted on: December 6, 2014 9:25 am | Last updated: December 6, 2014 at 9:25 am

മലപ്പുറം: മലപ്പുറം ഡയറ്റ് നടപ്പാക്കിവരുന്ന ‘സ്ലേറ്റ്’ പദ്ധതി 18 പഞ്ചായത്തുകളിലെ 200 വിദ്യാലയങ്ങളിലേക്ക് വ്യാപിപ്പിക്കുന്നു.
ഒന്നാം ക്ലാസിലെ മുഴുവന്‍ കുട്ടികള്‍ക്കും ഗുണമേന്മ ഉറപ്പാക്കുന്നതിനുള്ള പരിപാടിയാണ് സ്ലേറ്റ്. പഠനം ഫലപ്രദമാക്കുന്നതിനുള്ള പ്രത്യേക പരിശീലനങ്ങള്‍, പഠന സാമഗ്രികളുടെ വികസനം, നിരന്തര മോണിറ്ററിങ്, രക്ഷാകര്‍തൃ ബോധവത്ക്കരണം എന്നിവ ഈ പദ്ധതിയുടെ ഭാഗമായി ജില്ലയിലെ തിരഞ്ഞെടുത്ത 18 വിദ്യാലയങ്ങളില്‍ നടന്നുവരുന്നുണ്ട്. ‘സ്ലേറ്റ്’ പദ്ധതിയുടെ ജില്ലാതല അവലോകനയോഗം മലപ്പുറം സ്‌കൗട്ട് ഹാളില്‍ നടന്നു.
പദ്ധതിയുടെ ഫലപ്രാപ്തിയും ജനപ്രീതിയും പരിഗണിച്ച് പഞ്ചായത്ത് പ്രസിഡന്റുമാരും ജില്ലാ പഞ്ചായത്ത് അധികൃതരും ചേര്‍ന്ന് 18 പഞ്ചായത്തുകളിലെ മുഴുവന്‍ വിദ്യാലയങ്ങളിലേക്കും പദ്ധതി വ്യാപിപ്പിക്കാന്‍ തീരുമാനിക്കുകയായിരുന്നു. യോഗം ജില്ലാ പഞ്ചായത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സന്‍ കെ.പി ജല്‍സീമിയ ഉദ്ഘാടനം ചെയ്തു.
മലപ്പുറം നഗരസഭ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ അഡ്വ. എന്‍.കെ അബ്ദുല്‍മജീദ് അധ്യക്ഷനായി. യോഗത്തില്‍ ‘സ്ലേറ്റ്’ പദ്ധതിയുടെ ലോഗോയും ‘എന്റെ മലയാളം’ പദ്ധതിയുടെ ഡോക്യുമെന്റേഷനും ജില്ലാ പഞ്ചായത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സന്‍ വിദ്യാഭ്യാസ ഉപ ഡയറക്ടര്‍ ടി കെ ജയന്തിക്ക് നല്‍കി പ്രകാശനം ചെയ്തു. കുട്ടികളുടെ ഫലപ്രദമായ പഠനത്തിന് ഒന്നാം ക്ലാസിന്റെ പഠനാന്തരീക്ഷവും മെച്ചപ്പെടുത്തേതുണ്ടെന്ന് ചര്‍ച്ചയില്‍ ധാരണയായി.
ഇതിനുള്ള സഹായങ്ങള്‍ പഞ്ചായത്ത് വാഗ്ദാനം ചെയ്തു. സ്‌കൂളുകള്‍ക്കാവശ്യമായ പഠനോപകരണങ്ങള്‍ ഗണിത കിറ്റുകള്‍ എന്നിവയും പഞ്ചായത്തുകളുടെ പദ്ധതിയില്‍ ഉള്‍പ്പെടുത്തി നല്‍കാന്‍ തീരുമാനമായി. അടുത്ത വര്‍ഷം ഈ പദ്ധതി കൂടുതല്‍ വിദ്യാലയങ്ങളിലേക്ക് വ്യാപിപ്പിക്കുമ്പോള്‍ അധ്യാപക പരിശീലനങ്ങള്‍ എസ്.എസ്.എ ഏറ്റെടുത്തു നടത്തുമെന്ന് എസ് എസ് എ എ ജില്ലാ പ്രോജക്റ്റ് ഓഫീസര്‍ പി കെ ഇബ്‌റാഹിംകുട്ടി അറിയിച്ചു.
ഡയറ്റ് സീനിയര്‍ ലക്ചറര്‍മാരായ സത്യനാഥന്‍, വി കെ പ്രകാശന്‍, മഞ്ചേരി എ ഇ ഒ അബ്ദുല്ല, ഡയറ്റ് പ്രിന്‍സിപ്പല്‍ പി അബ്ദുല്‍റസാഖ്, സീനിയര്‍ ലക്ച്ചറര്‍ വി പരമേശ്വരന്‍ എന്നിവര്‍ സംസാരിച്ചു.