ഒബാമയുടെ സന്ദര്‍ശനത്തിന് ആക്രമണ ഭീഷണി; പഴുതടച്ച സുരക്ഷ ഒരുക്കുന്നു

Posted on: December 6, 2014 3:28 am | Last updated: December 5, 2014 at 11:28 pm

ന്യൂഡല്‍ഹി: യു എസ് പ്രസിഡന്റ് ബറാക് ഒബാമയുടെ ഇന്ത്യന്‍ സന്ദര്‍ശനത്തിന്റെ ഭാഗമായി രാജ്യ തലസ്ഥാനത്ത് പഴുതടച്ച സുരക്ഷാ ക്രമീകരണങ്ങള്‍ ഒരുക്കുന്നു. ഒബാമയുടെ സന്ദര്‍ശനത്തിന് മുമ്പ് ഡല്‍ഹിയില്‍ തീവ്രവാദ ആക്രമണത്തിന് സാധ്യതയുണ്ടെന്ന രഹസ്യാന്വേഷണ വിഭാഗത്തിന് ലഭിച്ച റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് സുരക്ഷയൊരുക്കുന്നത്. ഡല്‍ഹി പോലീസും മറ്റു സുരക്ഷാ ഏജന്‍സികളും ചേര്‍ന്നാണ് ഡല്‍ഹിയിലും പരിസരങ്ങളിലും ശക്താമായ സുരക്ഷയൊരുക്കുന്നത്. റിപ്പബ്ലിക്ക് ദിന വിശിഷ്ടാഥിതിയായാണ് ഒബാമ ഇന്ത്യയിലെത്തുന്നത്.
പാക്കിസ്ഥാനില്‍ പ്രവര്‍ത്തിക്കുന്ന ലഷ്‌കറെ ത്വയ്യിബ ഡല്‍ഹിയില്‍ ആക്രമണം നടത്താന്‍ പദ്ധതിയിട്ടതായി വിവരം ലഭിച്ചിട്ടുണ്ടെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ പറഞ്ഞു. ഈയാഴ്ച തന്നെ സുരക്ഷാ ക്രമീകരണങ്ങളില്‍ മാറ്റം വരുത്തുന്നതിനുള്ള നീക്കങ്ങള്‍ ആരംഭിച്ചിരുന്നു. യു എസ് പ്രസിഡന്റ് ഒബാമയുടെയും യു എസ് വൈസ് പ്രസിഡന്റിനും സന്ദര്‍ശനത്തില്‍ ശക്തമായ സുരക്ഷയൊരുക്കണമെന്ന് അമേരിക്കന്‍ രഹസ്യ വിഭാഗം ഇന്ത്യന്‍ ഏജന്‍സികള്‍ക്ക് നിര്‍ദേശം നല്‍കിട്ടുണ്ട്.
ഡല്‍ഹിയിലെ വിവിധയിടങ്ങളില്‍ ഒബാമ സന്ദര്‍ശനം നടത്തുന്നുണ്ട്. ഒബാമയുടെ സന്ദര്‍ശന വേളയില്‍ ആള്‍ക്കൂട്ടത്തെ നിയന്ത്രിക്കുക പോലീസിന് തലവേദനയാകും. കഴിഞ്ഞ മാസമാണ് മോദിയുടെ ക്ഷണം സ്വീകരീച്ച് റിപ്പബ്ലിക് ദിന അതിഥിയായി എത്താമെന്ന് ഒബാമ ഉറപ്പ് നല്‍കിയത്. റിപ്പബ്ലിക് ദിന പരിപാടികളില്‍ പങ്കെടുക്കുന്ന ആദ്യ യു എസ് പ്രസിഡന്റാണ് ഒബാമ.