തൊഴില്‍ പീഡനത്തിന് ഇരയായ തൃശുര്‍ സ്വദേശി നാട്ടിലേക്ക് മടങ്ങി

Posted on: December 5, 2014 2:00 pm | Last updated: December 5, 2014 at 2:25 pm

ഷാര്‍ജ: തൊഴില്‍ പീഡനത്തിന് ഇരയായി ഷാര്‍ജയിലെ ടാലന്റ് സ്റ്റീല്‍ കമ്പനിയില്‍ ജോലിചെയ്തിരുന്ന തൃശൂര്‍ പന്തല്ലൂര്‍ സ്വദേശി വിനോദ് മച്ചിങ്കല്‍ ജോസഫ് നിയമ നടപടികള്‍ക്കൊടുവില്‍ നാട്ടിലേക്ക് മടങ്ങി. ഷാര്‍ജയിലെ അലി ഇബ്രാഹീം അഡ്വക്കേറ്റ്‌സിന്റെ സൗജന്യ നിയമസഹായ പദ്ധതിയാണ് വിനോദിന് നാട്ടിലേക്ക് പോകാന്‍ വേണ്ട നിയമസഹായങ്ങള്‍ ചെയ്ത് കൊടുത്തത്.
തൃശൂര്‍ ഇരിങ്ങാലക്കുട സ്വദേശിയുടെ ഉടമസ്ഥതയിലുള്ള കമ്പനിയില്‍ കഴിഞ്ഞ അഞ്ച് വര്‍ഷമായി അലൂമിനിയം ഫാബ്രിക്കേറ്ററായി ജോലിചെയ്ത് വരികയായിരുന്നു വിനോദ്. 800 ദിര്‍ഹം മാത്രമാണ് ശമ്പളമായി നല്‍കിയിരുന്നത്. ശമ്പളം കൂടാതെയുള്ള യാതൊരു ആനുകൂല്യങ്ങളും നല്‍കിയിരുന്നില്ല. ഇതിനിടയില്‍ ആഗസ്ത് ആറിന് വിസാ കാലാവധി കഴിഞ്ഞു. വിസ പുതുക്കേണ്ടതില്ലന്നും ജോലിയില്‍ തുടരാന്‍ താത്പര്യമില്ലന്നും കാണിച്ച് കമ്പനി അധികൃതര്‍ക്ക് കത്തും നല്‍കി. എന്നാല്‍ വിസ റദ്ദാക്കുന്നതിനോ ശമ്പളമുള്‍പ്പെടെയുള്ള ആനൂകൂല്യങ്ങള്‍ നല്‍കി നാട്ടിലേക്ക് അയക്കുന്നതിനോ കമ്പനി തയ്യാറായില്ല. വിസ റദ്ദാക്കുന്നതിനായും ആനുകൂല്യങ്ങള്‍ ലഭിക്കുന്നതിനായും തൊഴില്‍ മന്ത്രാലയത്തെ സമീപിച്ചു. എന്നാല്‍ ഒരു ഒത്തുതീര്‍പ്പിനും തയ്യാറാകാതെ കമ്പനി ഉടമ ഭീഷണി മുഴക്കിയത്രെ. തുടര്‍ന്ന് പരാതി തൊഴില്‍വകുപ്പിലേക്ക് അയച്ചു. തുടര്‍ന്ന് ഷാര്‍ജയിലെ അലി ഇബ്രാഹീം അഡ്വക്കേറ്റ്‌സിനെ സമീപിച്ചു. ദ്രുതഗതിയില്‍ സൗജന്യ നിയമ സഹായപദ്ധതിയിലൂടെ നിയമ പ്രതിനിധി സലാം പാപ്പിനിശ്ശേരിയുടെ നേതൃത്വത്തില്‍ വിസ റദ്ദാക്കുന്നതിനും ആനുകൂല്യങ്ങള്‍ ലഭിക്കുന്നതിനും വേണ്ട സഹായങ്ങള്‍ നല്‍കി. ഇതിന്റെ ഫലമായി തൊഴില്‍ ഉടമ ആനുകൂല്യമായി 4,550 ദിര്‍ഹവും നാട്ടിലേക്കുള്ള വിമാന ടിക്കറ്റും നല്‍കിയതായി അഡ്വ. കെ എസ് അരുണ്‍ അറിയിച്ചു.