Connect with us

Gulf

പാതി മുങ്ങിയ ബോട്ട് പാരിസ്ഥിതിക പ്രശ്‌നങ്ങള്‍ക്ക് ഇടയാക്കുന്നെന്ന്

Published

|

Last Updated

അബുദാബി: മിന സായിദ് തുറമുഖത്ത് പാതി മുങ്ങിയ നിലയില്‍ കിടക്കുന്ന മത്സ്യബന്ധന ബോട്ട് കടുത്ത പാരിസ്ഥിതിക പ്രശ്‌നങ്ങള്‍ക്ക് ഇടയാക്കുന്നെന്ന് മത്സ്യത്തൊഴിലാളികള്‍. ബോട്ട് തുറമുഖത്തെ വാണിജ്യത്തിനും തടസമായി മാറുന്നതായാണ് വിലയിരുത്തല്‍. 50 അടി നീളമുള്ള ഈ ബോട്ടിനെക്കുറിച്ച് കൂടുതല്‍ ഒന്നും അറിയില്ലെന്ന് തുറമുഖ അധികാരികള്‍ വ്യക്തമാക്കി. വെള്ളത്തില്‍ താഴ്ന്നു കിടക്കുന്ന ബോട്ട് കടല്‍ജീവികള്‍ ഉള്‍പെടെയുള്ളവയുടെ നിലനില്‍പിന് ഭീഷണിയാവുമെന്നാണ് ഏവരും ഭയക്കുന്നത്. നാലു മാസത്തോളമായി ബോട്ട് മുങ്ങിക്കിടക്കുകയാണെന്ന് മത്സ്യത്തൊഴിലാളിയായ ടാണ്ടില്‍ വ്യക്തമാക്കി. ഏറെ കാലപ്പഴക്കം ചെന്ന ബോട്ടാണിതെന്നും മിക്കവാറും ദ്രവിച്ചിരിക്കയാണെന്നും കഴിഞ്ഞ 25 വര്‍ഷമായി തുറമുഖവുമായി ബന്ധപ്പെട്ട് മത്സ്യബന്ധനം നടത്തുന്ന ഇദ്ദേഹം പറഞ്ഞു.
വര്‍ഷങ്ങളോളം തുറമുഖത്ത് നങ്കൂരമിട്ടിരുന്ന ബോട്ട് ആരും മത്സ്യബന്ധനത്തിന് ഉപയോഗിച്ചിരുന്നില്ല. മൂന്നു നാലു മാസം മുമ്പാണ് അത് ദ്രവിച്ച് തകര്‍ന്നു തുടങ്ങിയത്. വെള്ളത്തില്‍ ആഴ്ന്ന് കിടക്കുന്ന ബോട്ടിന്റെ അവശിഷ്ടങ്ങള്‍ക്ക് മുകളിലാണ് നിലവില്‍ മത്സ്യബന്ധനം നടത്തുന്ന ബോട്ടുകളില്‍ ചിലത് നങ്കൂരമിടുന്നത്. തുറമുഖത്ത് ഉപയോഗശൂന്യമായ അന്‍പതോളം ബോട്ടുകളുണ്ട്. ഇവ മാറ്റിയാലെ മറ്റുള്ള ബോട്ടുകള്‍ക്ക് നങ്കൂരമിടല്‍ ഉള്‍പെടെയുള്ള കാര്യങ്ങള്‍ സുഖമമാവൂ. 150 ബോട്ടുകളാണ് നിലവില്‍ തുറമുഖവുമായി ബന്ധപ്പെട്ട് മത്സ്യബന്ധനത്തില്‍ ഏര്‍പെട്ടിരിക്കുന്നത്. അബുദാബി ഫിഷര്‍മെന്‍ കോഓപറേറ്റീവ് സൊസൈറ്റി ഓഫീസിന് പിന്നിലായാണ് ബോട്ടുകള്‍ നങ്കൂരമിടുന്നത്. അതേസമയം ബോട്ടിനെക്കുറിച്ച് യാതൊന്നും അറിയില്ലെന്ന് സൊസൈറ്റി ജനറല്‍ മാനേജര്‍ അലി മുഹമ്മദ് അല്‍ മന്‍സൂരി വ്യക്തമാക്കി. കാറ്റുണ്ടാവുന്ന അവസരത്തില്‍ തുറമുഖത്തിന്റെ കോണ്‍ക്രീറ്റ് ഭിത്തിയില്‍ അടിക്കടി ഇടിച്ചാണ് ബോട്ട് പൊളിഞ്ഞതെന്ന് മറ്റൊരു മത്സ്യത്തൊഴിലാളിയായ എം ഭായി പറഞ്ഞു.
മുങ്ങിയ ബോട്ടിന് നാല്‍പതു വര്‍ഷമെങ്കിലും പഴക്കം കാണും. ബോട്ട് തകര്‍ന്ന ഉടന്‍ ഫിഷര്‍മെന്‍സ് സൊസൈറ്റിയില്‍ വിവരം അറിയിച്ചിരുന്നു. എന്നാല്‍ സ്ഥലം സന്ദര്‍ശിച്ചതല്ലാതെ ബോട്ടിന്റെ അവശിഷ്ടങ്ങള്‍ മാറ്റാന്‍ നടപടിയുണ്ടായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
ബോട്ടുകള്‍ക്ക് കാലപ്പഴക്കം വന്നാല്‍ അവയില്‍ നിന്നു യന്ത്രം ഉള്‍പെടെയുള്ള വിലപിടിപ്പുള്ള വസ്തുക്കള്‍ അഴിച്ചു മാറ്റി തുറമുഖത്ത് ഉപേക്ഷിക്കുന്ന പ്രവണതയാണ് കണ്ടുവരുന്നതെന്ന് 10 വര്‍ഷമായി ഇവിടെ മത്സ്യബന്ധനത്തില്‍ ഏര്‍പെട്ട് കഴിയുന്ന പട്ടേല്‍ വ്യക്തമാക്കി. രണ്ടു വര്‍ഷം മുമ്പ് ഇതുപോലെ ഒരു ബോട്ട് മുങ്ങിയിരുന്നെങ്കിലും അധികാരികള്‍ അവയുടെ അവശിഷ്ടങ്ങള്‍ കടലില്‍ നിന്നു വേഗം മാറ്റിയതിനാല്‍ കടല്‍ജീവികള്‍ക്കും മത്സ്യബന്ധനം നടത്തുന്നവര്‍ക്കുമൊന്നും ബുദ്ധിമുട്ടുണ്ടായില്ലെന്നും പട്ടേല്‍ വെളിപ്പെടുത്തി.

Latest