എയ്ഡ്‌സ്: ഐ ബി ബി എസ് സംഘം ജില്ലയില്‍ പര്യടനം തുടങ്ങി

Posted on: December 5, 2014 10:46 am | Last updated: December 5, 2014 at 10:46 am

കോഴിക്കോട്: കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ നേതൃത്വത്തില്‍ നാഷനല്‍ എയിഡ്‌സ് കണ്‍ട്രോള്‍ ഓര്‍ഗനൈസേഷന്‍ നടത്തുന്ന ഇന്റര്‍ഗ്രേറ്റഡ് ബയോളജിക്കല്‍ ആന്‍ഡ് ബിഹേവിയറല്‍ സര്‍വൈലന്‍സ് (ഐ ബി ബി എസ്) സര്‍വേ സംഘം ജില്ലയില്‍ പര്യടനം ആരംഭിച്ചു. സമൂഹത്തിന്റെ താഴെ തട്ടില്‍ എയിഡ്‌സ് എത്രമാത്രം വ്യാപിച്ചിട്ടുണ്ടെന്ന് കണ്ടെത്തുകയാണ് സര്‍വേയുടെ ലക്ഷ്യം.
സ്ത്രീ ലൈംഗിക തൊഴിലാളികള്‍, ഹിജഡകള്‍, മയക്കുമരുന്ന് കുത്തിവെക്കുന്നവര്‍, നാടോടികള്‍, സ്വവര്‍ഗാനുരാഗികള്‍ എന്നിവരെ കേന്ദ്രീകരിച്ചാണ് സര്‍വേ നടത്തുക. നിലവില്‍ സ്ത്രീ ലൈംഗിക തൊഴിലാളികള്‍ക്കിടയിലാണ് സര്‍വേ നടക്കുന്നത്.
ജില്ലയില്‍ വടകര, കൊയിലാണ്ടി, പേരാമ്പ്ര, ബാലുശ്ശേരി, താമരശ്ശേരി എന്നിവിടങ്ങളിലാണ് സര്‍വേ. സന്നദ്ധ സംഘടനകളായ സ്‌നേഹ, വനിത സൊസൈറ്റി എന്നിവയാണ് സര്‍വേയുമായി സഹകരിക്കുന്നത്.
ഒമ്പത് പേരടങ്ങുന്ന ടീമാണ് സര്‍വേ നടത്തുന്നത്. ഒരു പ്രാദേശിക കോ ഓര്‍ഡിനേറ്റര്‍, രണ്ട് ടീം ലീഡര്‍മാര്‍, നാല് ഫീല്‍ഡ ് ഇന്‍വെസ്റ്റിഗേറ്റര്‍മാര്‍, രണ്ട് ലാബ് ടെക്‌നീഷ്യന്‍മാര്‍ എന്നിവര്‍ ഉള്‍പ്പെട്ട ടീം സര്‍വേക്ക് നേതൃത്വം നല്‍കുന്നു. ഫീല്‍ഡ് ഇന്‍വെസ്റ്റിഗേറ്റര്‍മാര്‍ ചോദ്യാവലിയുടെ സഹായത്തോടെ 40 മിനുട്ട് നീണ്ട അഭിമുഖത്തില്‍ ഇവരുടെ പ്രവര്‍ത്തനരീതികള്‍ ചോദിച്ചു മനസ്സിലാക്കിയതിനു ശേഷം രക്ത സാംപിളുകള്‍ ശേഖരിച്ച് വെല്ലൂര്‍ ആശുപത്രിയിലേക്ക് അയക്കും.
ജില്ലയിലെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുന്നതിനായി ഒരു കമ്മ്യൂണിറ്റി ഉപദേശക ബോര്‍ഡ് പ്രവര്‍ത്തിക്കുന്നുണ്ട്. ജില്ലാ മെഡിക്കല്‍ ഓഫീസര്‍, പ്രോജക്ട് ഓഫീസര്‍, ജില്ലാ എയിഡ്‌സ് കണ്‍ട്രോള്‍ ടീം ലീഡര്‍മാര്‍, പ്രോജക്ട് മാനേജര്‍മാര്‍, സീനിയര്‍ കമ്മ്യൂണിറ്റി മെമ്പര്‍, ജില്ലാ കോ ഓര്‍ഡിനേറ്റര്‍, പോലീസ് സൂപ്രണ്ട് എന്നിവരടങ്ങുന്നതാണ് ഉപദേശക ബോര്‍ഡ്. സര്‍വേ ടീമിന്റെ പ്രവര്‍ത്തനങ്ങളെ വിലയിരുത്താന്‍ ഒരു കമ്മ്യൂണിറ്റി മോണിറ്ററിംഗ് ബോര്‍ഡും പ്രവര്‍ത്തിക്കുന്നുണ്ട്.