Connect with us

National

കാശ്മീരില്‍ തീവ്രവാദി ആക്രമണം: കേണലടക്കം 20 മരണം

Published

|

Last Updated

ന്യൂഡല്‍ഹി: ജമ്മു കാശ്മീരില്‍ നാലിടങ്ങളിലുണ്ടായ തീവ്രവാദി ആക്രമണങ്ങളില്‍ പതിമൂന്ന് സുരക്ഷാ ഉദ്യോഗസ്ഥരടക്കം 20 പേര്‍ കൊല്ലപ്പെട്ടു. ഒരു ലഫ്റ്റനന്റ് കേണല്‍ അടക്കം എട്ട് സൈനികരും ഒരു അസിസ്റ്റന്റ് സബ് ഇന്‍സ്‌പെക്ടര്‍ ഉള്‍പ്പെടെ രണ്ട് പോലീസുകാരും മരിച്ചവരില്‍ പെടും. ശക്തമായി തിരിച്ചടിച്ച സൈന്യം ആറ് തീവ്രവാദികളെ കൊലപ്പെടുത്തി. വടക്കന്‍ കാശ്മീരിലെ ബാരമുല്ല ജില്ലയിലെ ഉറി സെക്ടറിലാണ് ആദ്യ ആക്രമണമുണ്ടായത്. പാക്കിസ്ഥാനില്‍ പരിശീലനം ലഭിച്ച തീവ്രവാദികള്‍ 32 ഫീല്‍ഡ് റജിമെന്റിന് നേരെ നടത്തിയ ആക്രമണത്തില്‍ എട്ട് സുരക്ഷാ ഭടന്മാരാണ് കൊല്ലപ്പെട്ടത്.
ശ്രീനഗറില്‍ നിന്ന് നൂറ് കിലോ മീറ്റര്‍ വടക്ക് പടിഞ്ഞാറുള്ള ഉറി സെക്ടറില്‍ വെള്ളിയാഴ്ച പുലര്‍ച്ചെയാണ് തീവ്രവാദികള്‍ ആക്രമണം നടത്തിയത്. മണിക്കൂറുകള്‍ നീണ്ട ഏറ്റുമുട്ടലില്‍ മൂന്ന് തീവ്രവാദികളെ വധിച്ചു. ശ്രീനഗറില്‍ സൗര പ്രദേശത്ത് നടന്ന ആക്രമണത്തില്‍ ഒരു തീവ്രവാദിയെ വധിച്ചു. ഇവിടെ വെടിവെപ്പ് തുടരുന്നതായാണ് റിപ്പോര്‍ട്ട്. 24 പഞ്ചാബ് റജിമെന്റിലെ ലഫ്റ്റനന്റ് കേണല്‍ സങ്കല്‍പ് കുമാര്‍ ആണ് തീവ്രവാദി ആക്രമണത്തില്‍ മരിച്ചത്.
ഷോപിയാനില്‍ തീവ്രവാദികള്‍ പോലീസ് സംഘത്തിന് നേരെ ഗ്രനേഡ് എറിഞ്ഞു. ആര്‍ക്കും പരുക്കൊന്നുമില്ലെന്നാണ് റിപ്പോര്‍ട്ട്. പുല്‍വാമയിലെ ട്രാല്‍ എന്ന സ്ഥലത്തെ ബസ് സ്റ്റാന്‍ഡിലായിരുന്നു നാലാമത്തെ ആക്രമണം. ഭീകരര്‍ നടത്തിയ ഗ്രനേഡ് ആക്രമണത്തില്‍ ഏഴ് സാധാരണക്കാര്‍ക്ക് പരുക്കേറ്റു. നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തോടനുബന്ധിച്ച് ഈ മാസം എട്ടിന് പ്രധാനമന്ത്രി നരേന്ദ്ര മോദി ശ്രീനഗറില്‍ ഒരു റാലിയില്‍ പ്രസംഗിക്കുന്നുണ്ട്. തിരഞ്ഞെടുപ്പിന്റെ മൂന്നാം ഘട്ടത്തില്‍ ഉറിയിലും മറ്റ് ആറ് മണ്ഡലങ്ങളിലും പോളിംഗ് നടക്കാനിരിക്കുകയാണ്. സംസ്ഥാനത്ത് നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്ന സാഹചര്യത്തിലാണ് സേന പ്രത്യാക്രമണത്തില്‍ ആത്മ നിയന്ത്രണം പാലിക്കുന്നതെന്ന് കരസേനയുടെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ പറഞ്ഞു.
അതേ സമയം, അഹമ്മദ്‌നഗറിലെ ഒരു ചെക്ക് പോയിന്റിലൂടെ ശ്രീനഗറിലേക്ക് പ്രവേശിക്കാന്‍ ശ്രമിക്കുകയായിരുന്ന രണ്ട് തീവ്രവാദികളെ സുരക്ഷാ സേന വധിച്ചു. പാക് പൗരനും ലഷ്‌കര്‍ ഇ ത്വയ്യിബ “കമാന്‍ഡറു”മായ ഖ്വരി ഇസ്‌റാര്‍ ഉള്‍പ്പെടെ രണ്ട് പേരാണ് കൊല്ലപ്പെട്ടത്. കാറില്‍ സഞ്ചരിക്കുകയായിരുന്ന ഇവര്‍ അഹമ്മദ് നഗറിലെ പരിശോധനാ പോസ്റ്റിലൂടെ സൗര പ്രദേശത്തേക്ക് കടക്കാന്‍ ശ്രമിച്ചപ്പോള്‍ സുരക്ഷാ ഭടന്മാര്‍ പിന്തുടര്‍ന്ന് ഇവരെ തടയുകയായിരുന്നു. അതിനിടയിലാണ് വെടിവെപ്പ് നടന്നത്. ഖ്വാരി ഇസ്‌റാറില്‍ നിന്ന് ഒരു എ കെ- 47 റൈഫിള്‍ കണ്ടെടുത്തിട്ടുണ്ട്. ഇയാള്‍ക്കൊപ്പമുണ്ടായിരുന്ന രണ്ടാമന്‍ ഒരു വീട്ടില്‍ കയറി ഒളിച്ചു. സുരക്ഷാ സേന നടത്തിയ തിരച്ചിലിനിടയില്‍ അയാളും വെടിയേറ്റ് മരിച്ചു. സംഭവങ്ങളുടെ പശ്ചാത്തലത്തില്‍ കരസേനാ മേധാവി പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി.

Latest