നിയമസഭാ മന്ദിരത്തിലെ ലിഫ്റ്റ് പൊട്ടിവീണു; മന്ത്രിമാര്‍ രക്ഷപ്പെട്ടു

Posted on: December 5, 2014 9:51 am | Last updated: December 7, 2014 at 6:48 am

Niyamasabhaതിരുവനന്തപുരം: മൂന്ന് മന്ത്രിമാരടക്കം ഒമ്പത് പേര്‍ കയറിയ നിയമസഭാ മന്ദിരത്തിലെ വി ഐ പി ലിഫ്റ്റ് പൊട്ടി താഴെ വീണു. ഒന്നാം നിലയില്‍ നിന്ന് ഗ്രൗണ്ട് ഫ്‌ളോറിലേക്കാണ് കയറിയതെങ്കിലും മന്ത്രിമാര്‍ കയറിയ ലിഫ്റ്റ് നിയന്ത്രണം വിട്ട് സഭാമന്ദിരത്തിന്റെ സെല്ലാറില്‍ പതിക്കുകയായിരുന്നു. മന്ത്രിമാരായ പി കെ കുഞ്ഞാലിക്കുട്ടി, വി കെ ഇഹ്‌റാഹിം കുഞ്ഞ്, അനൂപ് ജേക്കബ് എന്നിവരാണ് ലിഫ്റ്റില്‍ ഉണ്ടായിരുന്നത്. ആര്‍ക്കും പരുക്കില്ല.
ഇന്നലെ രാവിലെ ജസ്റ്റിസ് വി ആര്‍ കൃഷ്ണയ്യരുടെ നിര്യാണത്തില്‍ അനുശോചനം രേഖപ്പെടുത്തി സഭ പിരിഞ്ഞതിന് തൊട്ടുപിന്നാലെയായിരുന്നു സംഭവം. ഒന്നാംനിലയില്‍ നിന്ന് മന്ത്രിമാരും പേഴ്‌സണല്‍ സ്റ്റാഫും കയറിയ ലിഫ്റ്റ് പ്രവര്‍ത്തിച്ച് തുടങ്ങിയതോടെ നിയന്ത്രണം വിട്ട് താഴത്തെ നിലയും കടന്ന് ഭൂഗര്‍ഭ അറയില്‍ ഇടിച്ചുനില്‍ക്കുകയായിരുന്നു.
ലിഫ്റ്റില്‍ ഓപറേറ്ററും ഉണ്ടായിരുന്നു. ലിഫ്റ്റ് താഴേക്ക് പതിച്ച ആഘാതത്തില്‍ ശാരീരിക വേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന്, നിയമസഭയില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോക്ടര്‍ മന്ത്രിമാരടക്കമുള്ളവര്‍ക്ക് പ്രാഥമിക ശുശ്രൂഷ നല്‍കി. സഭയിലെത്തുമ്പോള്‍ സ്പീക്കറും മുഖ്യമന്ത്രിയും അടക്കമുള്ള വി ഐ പികള്‍ ഉപയോഗിക്കുന്ന ആറാം നമ്പര്‍ ലിഫ്റ്റാണ് പൊട്ടിവീണത്. ഇടക്കിടെ തകരാര്‍ സംഭവിക്കുന്ന ലിഫ്റ്റാണിതെങ്കിലും നിയമസഭാ സമ്മേളനത്തിന് മുമ്പ് ഇതിന്റെ അറ്റകുറ്റപ്പണി നടത്തിയിരുന്നു. പെട്ടെന്നുണ്ടായ ആഘാതത്തില്‍ ലിഫ്റ്റിലുണ്ടായവര്‍ ഭയന്നു. സുരക്ഷാ ജീവനക്കാര്‍ എത്തി മന്ത്രിമാരെയും സംഘത്തേയും പുറത്തെത്തിച്ചു. കാലുകളില്‍ വേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് മന്ത്രിമാരെ ഡോക്ടര്‍മാര്‍ പരിശോധിച്ചെങ്കിലും പരുക്കൊന്നും കണ്ടില്ല. ഏറെ പഴക്കം ചെന്ന ലിഫ്റ്റിന്റെ ഇരുമ്പുവടം പൊട്ടിയതാണെന്നും അതല്ല ചെയിന്‍ തെന്നിമാറിയതാണ് അപകടകാരണമെന്നും പറയപ്പെടുന്നു. ഇതിന്റെ ബ്രേക്കിംഗ് സംവിധാനം മുമ്പും തകരാറിലായിട്ടുണ്ട്. ലിഫ്റ്റ് പൊട്ടിവീണ സംഭവം അതീവ ഗൗരവത്തോടെ കാണുന്നതായി നിയമസഭാ സെക്രട്ടറി അറിയിച്ചു. ഇപ്പോഴത്തെ സ്പീക്കര്‍ സ്ഥാനമേറ്റയുടനെ, നിയമസഭാ മന്ദിരത്തിലെ ലിഫ്റ്റുകള്‍ മാറ്റി സ്ഥാപിക്കണമെന്ന് പൊതുമരാമത്ത് വകുപ്പിനെ അറിയിച്ചിട്ടുള്ളതാണ്. ഇത്തരം ജോലികള്‍ നിയമസഭയില്‍ നടത്തുന്നത് പൊതുമരാമത്ത് വകുപ്പാണ്.