Connect with us

Kerala

നിയമജ്ഞന്റെ രാഷ്ട്രീയ ഉള്ളടക്കം

Published

|

Last Updated

ജസ്റ്റിസ് വി ആര്‍ കൃഷ്ണയ്യരുടെ ഐതിഹാസിക ജീവിതം ആധുനിക കേരളത്തിന്റെ ചരിത്രവും രാഷ്ട്രീയവുമായി ഇഴചേര്‍ന്നു കിടക്കുന്നതാണ്. കേരളത്തിന്റെ സാമൂഹിക, രാഷ്ട്രീയ, സാംസ്‌കാരിക, സാമുദായിക, നീതിനിര്‍വഹണ വ്യവഹാരങ്ങളില്‍ വിപ്ലവകരമായ വ്യതിയാനങ്ങള്‍ വരുത്തിയ നവോത്ഥാന കാലത്ത് ജീവിക്കുകയും വളരുകയും ആ പ്രക്രിയില്‍ പങ്കാളിയാകുകയും ചെയ്ത മറ്റൊരു വ്യക്തി ഇനിയില്ല. അദ്ദേഹത്തിന്റെ പൊതുജീവിതത്തിന് ആറ് പതിറ്റാണ്ടിന്റെ പാരമ്പര്യമുണ്ട്. മികച്ച വരുമാനമുള്ള അഭിഭാഷക വൃത്തി ഉപേക്ഷിച്ചാണ് അദ്ദേഹം രാഷ്ട്രീയത്തിലിറങ്ങിയത്. ലോകത്തില്‍ തന്നെ ആദ്യമായി ബാലറ്റ് രീതിയില്‍ അധികാരത്തില്‍ വന്ന കമ്മ്യൂണിസ്റ്റ് മന്ത്രിസഭയില്‍ അംഗമായി.
ആദ്യമായി ജനപ്രതിനിധിയായി തിരഞ്ഞെടുക്കപ്പെട്ടത് മുതല്‍ സമൂഹത്തിലെ അധഃസ്ഥിതര്‍ക്കും നീതിനിഷേധിക്കപ്പെടുന്ന ദുര്‍ബലര്‍ക്കും വേണ്ടിയാണ് കൃഷ്ണയ്യര്‍ നിലകൊണ്ടത്. അതിന്റെ ഒടുവിലത്തെ തെളിവായിരുന്നു മഅദ്‌നിക്ക് ഇടക്കാല ജാമ്യം അനുവദിച്ച സുപ്രീം കോടതി വിധി. ജാമ്യം അനുവദിക്കാന്‍ സുപ്രീം കോടതി അടിസ്ഥാനമാക്കിയ ന്യായപ്രമാണം കൃഷ്ണയ്യരുടേതായിരുന്നു. ജാമ്യം എല്ലാവരുടെയും പ്രാഥമിക അവകാശവും അതിന്റെ നിഷേധം അപവാദവുമാണെന്ന അദ്ദേഹത്തിന്റെ ഒരു വിധി വാക്യം ഉദ്ധരിച്ചാണ് മഅദ്‌നിക്ക് സുപ്രീം കോടതി ജാമ്യം അനുവദിച്ചത്.
അടിയുറച്ച സോഷ്യലിസ്റ്റും ഇടതുപക്ഷ അനുഭാവിയുമാണെങ്കിലും അദ്ദേഹം ഒരു കാലത്തും കമ്മ്യൂണിസ്റ്റായിരുന്നില്ല. പല കമ്മ്യൂണിസ്റ്റ് സിദ്ധാന്തങ്ങളോടും അദ്ദേഹത്തിന് എതിര്‍പ്പുമുണ്ടായിരുന്നു. ആദ്യ കമ്മ്യൂണിസ്റ്റ് സര്‍ക്കാറില്‍ മന്ത്രിയായിരുന്നെങ്കിലും വൈരുധ്യാത്മക ഭൗതികവാദം, രക്തരൂക്ഷിത വിപ്ലവത്തിലൂടെ അധികാരം പിടിച്ചെടുക്കുക തുടങ്ങിയ ആശയങ്ങളോട് അദ്ദേഹത്തിന് ഒരു യോജിപ്പുമുണ്ടായിരുന്നില്ല. ഈ കാര്യങ്ങളില്‍ കൃഷ്ണയ്യര്‍ ഒരു ഗാന്ധിയനായിരുന്നു.
അന്താരാഷ്ട്ര പ്രശസ്തിയുള്ള കൃഷ്ണയ്യരുടെ വാക്കുകള്‍ക്കായി വിദേശ നിയമപണ്ഡിതര്‍ ഉറ്റുനോക്കാറുണ്ട്. പാവപ്പെട്ടവര്‍ക്ക് സൗജന്യ നിയമസഹായം നല്‍കുന്നതിനുള്ള ദേശീയ പദ്ധതി കൃഷ്ണയ്യര്‍ അധ്യക്ഷനായുള്ള ഉന്നതതല സമിതിയുടെ ശിപാര്‍ശ പ്രകാരമാണ് നിലവില്‍ വന്നത്. ഇന്ത്യന്‍ ഭരണഘടനയിലെ ആര്‍ട്ടിക്കിള്‍ 21ന് പുതിയ വ്യാഖ്യാനം നല്‍കിയ കൃഷ്ണയ്യര്‍, കുറ്റാരോപിതനായി കസ്റ്റഡിയിലിരിക്കുന്ന ആള്‍ക്ക് സൗജന്യ നിയമസഹായം നല്‍കാന്‍ രാഷ്ട്രത്തിന് ബാധ്യതയുണ്ടെന്ന് വിധിച്ചു. വിധിപ്രഖ്യാപന കാര്യത്തില്‍ പരിഷ്‌കൃത സമൂഹത്തിനു ചേര്‍ന്ന മാറ്റങ്ങള്‍ വരുത്താനും ജയില്‍ പരിഷ്‌കരണം കൊണ്ടുവരാനും യത്‌നിച്ചു. പൊതുതാത്പര്യ കേസുകള്‍ക്കും മനുഷ്യാവകാശ കേസുകള്‍ക്കുമുള്ള സാധ്യത രാജ്യത്തിനു ബോധ്യപ്പെട്ടത് സുപ്രീം കോടതി ജഡ്ജിയായിരുന്ന കാലഘട്ടത്തിലാണ്. ജസ്റ്റിസ് ഭഗവതി, താനാണ് പൊതുതാത്പര്യ ഹരജികളുടെ ജനയിതാവ് എന്ന് അവകാശപ്പെടാറുണ്ടെങ്കിലും അത് ശരിയല്ലെന്നും താനാണ് പി ഐ എല്‍ തുടങ്ങിവെച്ചതെന്നും കൃഷ്ണയ്യര്‍ പലപ്പോഴും വ്യക്തമാക്കിയിട്ടുണ്ട്.
സോഷ്യലിസം എന്ന വാക്കിന്റെ അര്‍ഥം ചുരുങ്ങിപ്പോയ ഇക്കാലത്തും സോഷ്യലിസത്തിന്റെ അന്തസ്സത്ത ഉയര്‍ത്തിപ്പിടിക്കുകയും ഏത് വേദിയിലും മടി കൂടാതെ സോഷ്യലിസത്തിന്റെ പ്രസക്തിയെ കുറിച്ച് പ്രസംഗിക്കുകയും ചെയ്യുക എന്നത് അദ്ദേഹത്തിന്റെ രീതിയാണ്. ഇന്ത്യ മതേതര സോഷ്യലിസ്റ്റ് റിപ്പബ്ലിക്കാണെന്ന് ഭരണഘടനയില്‍ എഴുതിവെച്ചിട്ടുണ്ടെന്നും വിധിന്യായങ്ങള്‍ പുറപ്പെടുവിക്കുമ്പോള്‍ അക്കാര്യം വിസ്മരിക്കരുതെന്നും ഹൈക്കോടതിയുമായി ബന്ധപ്പെട്ട ചടങ്ങുകളില്‍ പ്രസംഗിക്കാന്‍ അവസരം ലഭിക്കുമ്പോഴൊക്കെ ന്യായാധിപന്‍മാരെ കൃഷ്ണയ്യര്‍ ഓര്‍മിപ്പിച്ചു.
നീതിയുടെ ശബ്ദമായിരിക്കുമ്പോള്‍ തന്നെ വിമര്‍ശത്തിനും അദ്ദേഹം അതീതനായിരുന്നില്ല. നരേന്ദ്ര മോദി സര്‍ക്കാറിനോട് അദ്ദേഹം സ്വീകരിച്ചുകൊണ്ടിരിക്കുന്ന നിലപാട് വ്യാപകമായി വിമര്‍ശിക്കപ്പെട്ടു. കാര്‍ഷിക ഭൂപരിഷ്‌കരണ നിയമം സംബന്ധിച്ച് ജസ്റ്റിസ് വി ആര്‍ കൃഷ്ണയ്യരുടെ നിലപാടുകളും വിമര്‍ശ വിധേയമായി.