അവസാന നിമിഷം വരെ കര്‍മനിരതന്‍

Posted on: December 5, 2014 1:38 am | Last updated: December 4, 2014 at 11:40 pm

krishna iyyyerകൊച്ചി: താങ്കള്‍ക്ക് വിശ്രമം ആവശ്യമാണ്. അതുകൊണ്ട് പൊതുപരിപാടികളും സാമൂഹ്യഇടപെടലുകളും കുറയ്ക്കണം. പൂര്‍ണവിശ്രമം നിര്‍ബന്ധമാണ്. തീവ്രപരിചരണവിഭാഗത്തില്‍ കഴിയുന്ന രോഗിയോടുള്ള ഡോക്ടറുടെ അഭ്യര്‍ഥനയ്ക്ക് ഉടനെയെത്തി വിട്ടുവീഴ്ചയില്ലാത്ത മറുപടി. സാമൂഹികപ്രതിബന്ധതയുള്ളയാള്‍ക്ക് വിശ്രമം എന്നത് അസാധ്യമാണ്. ഞാന്‍ എന്റെ ആരോഗ്യത്തെക്കുറിച്ച് ചിന്തിക്കുന്നതിനേക്കാള്‍ കൂടുതല്‍ എന്റെ സമൂഹത്തിന്റെ ആരോഗ്യത്തെക്കുറിച്ചാണ് ചിന്തിക്കുന്നത് . അതുകൊണ്ട് ഡോക്ടറുടെ നിര്‍ദ്ദേശം സ്‌നേഹപൂര്‍വം തള്ളുന്നു. ഇതായിരുന്ന വാര്‍ധക്യസഹജമായ രോഗങ്ങള്‍കൊണ്ട് തീവ്രപരിചരണവിഭാഗത്തില്‍ കഴിയുമ്പോഴും ജസ്റ്റിസ് വി. ആര്‍ കൃഷ്ണയ്യരെന്ന സാമുഹ്യസ് നേഹിയുടെ നിലപാട്. അതുകൊണ്ടുതന്നെ അവാര്‍ഡ് ഏറ്റുവാങ്ങുന്നതിനും പൊതുപരിപാടികളില്‍ പങ്കെടുക്കുന്നതിനും കൃഷ്ണയ്യര്‍ക്ക് മുന്നില്‍ ഐ സി യു വിന്റെ വിലക്കുകള്‍ക്ക് മാറി നില്‍ക്കേണ്ടി വന്നു. കേരള ഹിസ്റ്ററി അസോസിയേഷന്‍ പ്രസിഡന്റാകാനുള്ള നോമിനേഷന്‍ ഐ എസ് യു വില്‍ വെച്ചാണ് ഒപ്പിട്ടു നല്‍കിയത്. ഡര്‍ബാര്‍ ഹാളില്‍ നടന്ന ചടങ്ങില്‍ പുരസ്‌കാരം വാങ്ങുന്നതിനും ജനങ്ങളോട് തന്റെ സത്യത്തിലും നീതിയിലുമധിഷ്ഠിതമായ നിലപാടുകള്‍ വ്യക്തമാക്കുന്നതിനും അദ്ദേഹം തീവ്രപരിചരണ വിഭാഗത്തില്‍ നിന്ന് പുറത്തേക്ക് എത്തിയിരുന്നു.ജന്മദിനത്തോട് അനുബന്ധിച്ച് സംഘടിപ്പിച്ച പരിപാടികളിലെല്ലാം അദ്ദേഹം തന്റെ നൂറാം വയസിലും രോഗങ്ങളെ അവഗണിച്ച് പങ്കെടുത്തുകൊണ്ട് എല്ലാവരെയും അത്ഭുതപ്പെടുത്തി. ജന്മദിനസദ്യ ഉണ്ണുന്നതിന് വേദനകള്‍ കൊണ്ട് ബുദ്ധിമുട്ടുന്ന സര്‍ക്കാര്‍ ജനറല്‍ ആശുപത്രിയിലെ രോഗികള്‍ക്കൊപ്പം കൃഷ്ണയ്യര്‍ എത്തിയതും അദ്ദേഹത്തിന്റെ സാമൂഹിക പ്രതിബന്ധതയുടെ നിലയ്ക്കാത്ത ഓര്‍മകളായി.
കഴിഞ്ഞ ദിവസം ആശുപത്രിയില്‍ സന്ദര്‍ശിച്ച ഹിസ്റ്ററി അസോസിയേഷന്‍ പ്രവര്‍ത്തകരോട് ഫോറം നല്‍കാന്‍ ആവശ്യപ്പെടുകയും അതില്‍ അദ്ദേഹം നിയുക്ത പ്രസിഡന്റായി ഒപ്പുവെക്കുകയുമായിരുന്നു.
വിശ്രമം അവഗണിച്ചുകൊണ്ടുള്ള നിരന്തരമായ പരിപാടികള്‍ അദ്ദേഹത്തിന്റെ ആരോഗ്യനില കൂടുതല്‍ വഷളാകുന്നതിന് കാരണമായെന്ന് ചികില്‍സയ്ക്ക് നേതൃത്വം നല്‍കിയ മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയിലെ ഡോക്ടര്‍മാരുടെ സംഘത്തലവന്‍ ഡോ. മനുവര്‍മ്മ പറഞ്ഞു. ജീവിതത്തിലുടനീളം നിലപാടുകളോടെന്ന പോലെ ദിനചര്യയോടും അദ്ദഹം നിര്‍ബന്ധബുദ്ധിയോടെ നീങ്ങിയിരുന്നു. കൃത്യസമയത്ത് വളരെ ലഘുവായ ഭക്ഷണക്രമം, മുടങ്ങാത്ത വ്യായാമം, യോഗ, വായന, എഴുത്ത് ഇവയെല്ലാം അദ്ദേഹം മുടങ്ങാതെ പാലിച്ചു. തീരെ സുഖമില്ലാത്തപ്പോഴും പത്രവായന മുടക്കിയിരുന്നില്ല. സഹായികള്‍ വായിച്ചുനല്‍കും. എഴുതാനുള്ള കാര്യങ്ങള്‍ പറഞ്ഞുനല്‍കും. കുറഞ്ഞ ഘട്ടങ്ങളില്‍ മാത്രമായിരുന്നു നടത്തം ഒഴിവാക്കിയത്.