Connect with us

National

സാക്ഷി മൊഴി; സഹോദരികളെ ആദരിക്കുന്ന തീരുമാനം ഹരിയാന സര്‍ക്കാര്‍ മരവിപ്പിച്ചു

Published

|

Last Updated

ചാണ്ഡിഗഢ്: ബസില്‍ പീഡിപ്പിക്കാന്‍ ശ്രമിച്ചവരെ നേരിട്ട പെണ്‍കുട്ടികളെ ആദരിക്കാനുള്ള തീരുമാനം ഹരിയാന സര്‍ക്കാര്‍ മാറ്റിവെച്ചു. ബസില്‍ പീഡനശ്രമം നടന്നിട്ടില്ലെന്നും സീറ്റ് തര്‍ക്കത്തെ തുടര്‍ന്ന് യുവാക്കളെ പെണ്‍കുട്ടികള്‍ തല്ലുകയുമായിരുന്നെന്ന സാക്ഷിമൊഴികള്‍ വന്നതിനെ തുടര്‍ന്നാണ് നടപടി.
റോത്തകില്‍ നിന്നുള്ള പെണ്‍കുട്ടികളെ മൂന്ന് യുവാക്കള്‍ ഒന്നും ചെയ്തിട്ടില്ലെന്ന് ആറ് വനിതാ യാത്രക്കാര്‍ കഴിഞ്ഞ ദിവസം പോലീസില്‍ മൊഴി നല്‍കിയിരുന്നു. കേസില്‍ നിന്ന് പിന്‍മാറാനുള്ള സമ്മര്‍ദ തന്ത്രമാണ് ഇതെന്ന് ചൂണ്ടിക്കാട്ടി സഹോദരിമാര്‍ പോലീസിന് മുമ്പാകെ സത്യവാങ്മൂലം സമര്‍പ്പിച്ചിട്ടുണ്ട്. സത്യവാങ്മൂലം ലഭിച്ചിട്ടുണ്ടെന്നും അന്വേഷണം തുടരുകയാണെന്നും റോത്തക് ഡി എസ് പി യശ്പാല്‍ ഖതാന പറഞ്ഞു. കഴിഞ്ഞയാഴ്ച റോത്തകില്‍ നിന്ന് സോനിപതിലേക്കുള്ള യാത്രക്കിടെ പെണ്‍കുട്ടികളെ പീഡിപ്പിക്കാന്‍ ശ്രമിച്ചുവെന്ന കേസില്‍ സോനിപത് സ്വദേശികളായ മോഹിത്, കുല്‍ദീപ്, ദീപക് എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇവരെ ജാമ്യത്തില്‍ വിട്ടിട്ടുണ്ട്.
സോനിപതിലെ ഗാഢി സിസാന ഗ്രാമത്തില്‍ നിന്നുള്ള വിമല എന്ന യാത്രക്കാരിയുടെ മൊഴിയാണ് നിര്‍ണായകമായത്. തന്റെ കൂടെയുണ്ടായിരുന്ന വയ്യാത്ത സ്ത്രീക്ക് ടിക്കറ്റ് വാങ്ങാന്‍ യുവാക്കളോട് ആവശ്യപ്പെട്ടു. തുടര്‍ന്ന് ടിക്കറ്റുമായി ബസില്‍ കയറിയപ്പോള്‍ മുതിര്‍ന്ന സ്ത്രീകള്‍ക്കുള്ള സീറ്റില്‍ പെണ്‍കുട്ടികള്‍ ഇരിക്കുകയായിരുന്നു. വയ്യാത്ത സ്ത്രീക്ക് വേണ്ടി സീറ്റ് ഒഴിഞ്ഞുകൊടുക്കാന്‍ അവരോട് യുവാക്കളിലൊരാള്‍ ആവശ്യപ്പെട്ടു. മറ്റ് സീറ്റുകള്‍ കാലിയായിരുന്നിട്ടും പെണ്‍കുട്ടികള്‍ പ്രസ്തുത സീറ്റ് ഒഴിഞ്ഞുകൊടുക്കാതെ മോശമായ രീതിയില്‍ പെരുമാറുകയായിരുന്നു. തുടര്‍ന്ന് പെണ്‍കുട്ടികള്‍ ബെല്‍റ്റ് ഊരി ഇയാളെ അടിക്കുകയും പിന്നില്‍ നിന്ന് തൊഴിക്കുകയും ചെയ്തു. ഒരു സ്ത്രീ ഈ ദൃശ്യങ്ങള്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്തുന്നുണ്ടായിരുന്നു. തുടര്‍ന്ന് ബസ് വേഗത കുറച്ചപ്പോള്‍ ഇയാള്‍ ബസില്‍ നിന്ന് ചാടിയിറങ്ങി. കുറച്ചു മുന്നോട്ട് പോയതിന് ശേഷം പെണ്‍കുട്ടികളും ഇറങ്ങി. തുടര്‍ന്ന്, മറ്റ് രണ്ട് യുവാക്കളെയും ചേര്‍ത്ത് പോലീസില്‍ പരാതിപ്പെടുകയായിരുന്നു. വിമല പറഞ്ഞു.
പീഡനശ്രമത്തെ പെണ്‍കുട്ടികള്‍ ധീരമായി നേരിട്ടുവെന്നാണ് വാര്‍ത്ത വന്നത്. ഇതിനെ തുടര്‍ന്നാണ് ഹരിയാന സര്‍ക്കാര്‍ പെണ്‍കുട്ടികളെ റിപ്പബ്ലിക് ദിനത്തില്‍ ആദരിക്കുമെന്ന് പ്രഖ്യാപിച്ചത്.