Connect with us

International

വിദേശ നയത്തെ പ്രതിരോധിച്ച് റഷ്യന്‍ പ്രസിഡന്റ് പുടിന്‍

Published

|

Last Updated

മോസ്‌കോ: തങ്ങളുടെ വിദേശ നയത്തെ ന്യായീകരിച്ച് റഷ്യന്‍ പ്രസിഡന്റ് വഌദിമര്‍ പുടിന്‍ രംഗത്തെത്തി. രാജ്യത്തിന്റെ അതിജീവനത്തിന് ഇത്തരം നടപടികള്‍ അനിവാര്യമാണെന്നും ഗ്രാന്‍ഡ് ക്രെംലിന്‍ പാലസില്‍ നടന്ന വാര്‍ഷിക പ്രഭാഷണത്തില്‍ അദ്ദേഹം ചൂണ്ടിക്കാട്ടി. ഉക്രൈന്‍ പ്രവിശ്യയായ ക്രിമിയയെ റഷ്യയുടെ ഭാഗമായി കൂട്ടിച്ചേര്‍ത്ത നടപടിയെ നിരവധി പാശ്ചാത്യ രാജ്യങ്ങള്‍ വിമര്‍ശിച്ചിരുന്നു. ഇതിന് പുറമെ ഉക്രൈനിലേക്ക് റഷ്യ ആയുധങ്ങള്‍ വിതരണം ചെയ്യുന്നതുണ്ടെന്നും വിവിധ രാജ്യങ്ങള്‍ ആരോപണം ഉന്നയിച്ചിരുന്നു.
ക്രിമിയ റഷ്യയുടെ ആത്മീയ ഭൂമിയാണ്. രാജ്യത്തിന്റെ അഭിമാനവും പരമാധികാരവും അതിജീവനത്തിന് അനിവാര്യമാണ്. നിരവധി പാശ്ചാത്യന്‍ രാജ്യങ്ങള്‍ക്ക് പരമാധികാരവും ദേശീയ ബോധവും ആഡംബരമോ മറവിയിലായിപ്പോയ ആശയങ്ങളോ ആണ്. എന്നാല്‍ റഷ്യക്ക് ഇത് വളരെ അനിവാര്യമായ സംഗതിയാണ്. കാരണം രാജ്യത്തിന്റെ നിലനില്‍പ്പ് ഇവകളെ അടിസ്ഥാനപ്പെടുത്തിയാണ്. രാജ്യം പരമാധികാരമുള്ളതായിട്ടില്ലെങ്കില്‍ ലോകത്ത് നിന്ന് നാം ഇല്ലാതാകും. മറ്റുരാജ്യങ്ങളും ഇക്കാര്യം കൃത്യമായി മനസ്സിലാക്കണമെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു.
റഷ്യന്‍ പിന്തുണയോടെ നടക്കുന്നതെന്ന് പാശ്ചാത്യന്‍ രാജ്യങ്ങള്‍ ആരോപിക്കുന്ന ഉക്രൈന്‍ സംഘര്‍ഷത്തില്‍ ഇതുവരെ 4,300 പേര്‍ കൊല്ലപ്പെട്ടു.
അതേസമയം, ഉക്രൈനുമായി ബന്ധപ്പെട്ട തങ്ങളുടെ അടുത്ത നീക്കം എന്താണെന്നത് സംബന്ധിച്ച് പുടിന്‍ പ്രസംഗത്തില്‍ പരാമര്‍ശിച്ചിട്ടില്ല. റഷ്യന്‍ സൈന്യത്തെ പരാജയപ്പെടുത്താന്‍ വരുന്നവര്‍ വിജയിക്കില്ലെന്നും രാജ്യത്തിന്റെ സാമ്പത്തിക നിലവാകം മുന്നോട്ടുകുതിക്കാനുള്ള നടപടികള്‍ സ്വീകരിക്കുമെന്നും പുടിന്‍ കൂട്ടിച്ചേര്‍ത്തു.