ഫ്രാന്‍സില്‍ അടുത്ത വര്‍ഷം മുതല്‍ ഡീസല്‍ കാറുകള്‍ക്ക്‌ നിരോധനം

Posted on: December 4, 2014 9:06 pm | Last updated: December 4, 2014 at 9:06 pm

carsപാരീസ്: ഡീസല്‍ കാറുകള്‍ ഘട്ടം ഘട്ടമായി ഒഴിവാക്കാന്‍ ഫ്രാന്‍സ് നടപടിയാരംഭിച്ചു. ഡീസല്‍ വാഹനങ്ങള്‍ കൂടുതല്‍ അന്തരീക്ഷ മലിനീകരണത്തിന് കാരണമാവുന്നു എന്നതാണ് കാരണം. അന്തരീക്ഷ മലിനീകരണത്തിന്റെ അടിസ്ഥാനത്തില്‍ വാഹനങ്ങളുടെ റാങ്ക് പട്ടിക തയാറാക്കുന്ന രീതി വരുംകൊല്ലം നടപ്പാക്കും. ഈ മലിനീകരണ റാങ്ക് ആയുധമാക്കി മലിനീകരണം കൂടുതലുള്ള കാറുകള്‍ നഗരങ്ങളിലേക്ക് പ്രവേശിക്കുന്നതു തടയുകയാവും ആദ്യപടി. മലിനീകരണം കൂടുതലുണ്ടാക്കുന്ന ഡീസല്‍ വാഹനങ്ങളെ ഇങ്ങനെ പടിപടിയായി രാജ്യത്തുനിന്നു പടിയിറക്കുകയും ചെയ്യും.

പെട്രോളിനെക്കാള്‍ ഡീസലിനു നികുതി കുറവാണെന്ന സ്ഥിതി അടുത്ത ബജറ്റില്‍ മാറും. ഡീസലിനു മേലുള്ള പ്രത്യേക എക്‌സൈസ് തീരുവ ഉയര്‍ത്തുകയും ചെയ്യും. കൂടുതല്‍ പ്രകൃതിസൗഹൃദ ഇന്ധനങ്ങളിലേക്ക് ഉപയോക്താക്കളെ ആകര്‍ഷിക്കാനാകുംവിധം നികുതി വ്യവസ്ഥകള്‍ പരിഷ്‌കരിക്കും.

നിലവില്‍ ഫ്രാന്‍സിലെ 80% കാറുകളും ഡീസല്‍ ഇന്ധനമായവയാണ്. ഡീസല്‍ കാറുകള്‍ ഉപേക്ഷിച്ച് മലിനീകരണം കുറവുള്ള കാറുകള്‍ വാങ്ങുന്നവര്‍ക്ക് സര്‍ക്കാര്‍ സബ്‌സിഡി നല്‍കുന്ന പദ്ധതി കൂടുതല്‍ വ്യാപിപ്പിക്കും. ഡീസല്‍ കാര്‍ ഉപേക്ഷിച്ച് വൈദ്യുത കാര്‍ വാങ്ങുന്നവര്‍ക്ക് 10000 യൂറോ (ഏഴര ലക്ഷം രൂപ) ബോണസ് നല്‍കുമെന്നു നേരത്തെ ഊര്‍ജ മന്ത്രാലയം പ്രഖ്യാപിച്ചിരുന്നു.