Connect with us

Kerala

വി ആര്‍ കൃഷ്ണയ്യര്‍: നീതിയുടെ നിലക്കാത്ത ശബ്ദം

Published

|

Last Updated

കൊച്ചി: ഹൈക്കോടതിയിലും സുപ്രീംകോടതിയിലും ജഡ്ജിയായിരിക്കെ നീതിപീഠത്തിലെ ഉറച്ച ശബ്ദത്തിനുടമയായിരുന്നു വി ആര്‍ കൃഷ്ണയ്യര്‍. 1975ല്‍ ഇന്ദിരാ ഗാന്ധിയുടെ തിരഞ്ഞെടുപ്പ് റദ്ദാക്കിക്കൊണ്ടുള്ള അലഹബാദ് ഹൈക്കോടതി വിധി സോപാധികം സ്‌റ്റേ ചെയ്തതാണ് കൃഷ്ണയ്യരുടെ നിയമ ജീവിതത്തിലെ സുപ്രധാന വിധികളിലൊന്ന്. നിരുപാധിക സ്‌റ്റേ പ്രതീക്ഷിച്ച ഇന്ദിരാ ഗാന്ധിയേയും ഇന്ദിര പുറത്ത് പോവുന്നത് കാത്തിരുന്ന പ്രതിപക്ഷത്തേയും വിധി അസംതൃപ്തരാക്കിയെങ്കിലും ഭരണഘടനയുടെ തത്ത്വങ്ങളെ മറികടക്കാനോ തന്റെ മനസ്സാക്ഷിക്ക് വിരുദ്ധമായി വിധി പറയാനോ കൃഷ്ണയ്യര്‍ തയ്യാറല്ലായിരുന്നു.

കൃഷ്ണയ്യര്‍ പുറപ്പെടുവിക്കുന്ന ഓരോ വിധികളും പ്രശ്‌നത്തിന്റെ എല്ലാ തലങ്ങളും സൂക്ഷമമായി പരിശോധിച്ചതിന് ശേഷമുള്ള കൃത്യമായ നിരീക്ഷണങ്ങളായിരുന്നു. കേവലമായ നിയമത്തിന്റെ മാനങ്ങള്‍ക്കപ്പുറം മാനവിക മുഖമുള്ള വിധികള്‍ പുറപ്പെടുവിക്കുന്നതിലും കൃഷ്ണയ്യര്‍ ബദ്ധശ്രദ്ധനായിരുന്നു. ബാങ്ക് വായ്പയെടുത്തതിന്റെ പേരില്‍ തിരിച്ചടക്കാന്‍ ശേഷിയില്ലാത്ത വ്യക്തിയെ ജയിലിലടക്കരുതെന്ന കൃഷ്ണയ്യരുടെ വിധി ഇത്തരത്തിലുള്ള ഒന്നായിരുന്നു. കരാര്‍ ലംഘനമെന്ന കുറ്റം മാത്രമാകും ഇവരുടെ പേരില്‍ നിലനില്‍ക്കുകയെന്ന് അദ്ദേഹം നിരീക്ഷിച്ചു.

കോടതികളില്‍ നിന്ന് തെറ്റായ തീരുമാനങ്ങളുണ്ടായപ്പോള്‍ കോടതിയലക്ഷ്യത്തെ ഭയക്കാതെ കൃഷ്ണയ്യര്‍ അതിനെതിരെ ശബ്ദമുയര്‍ത്തി. ഇതിനെതിരെ കോടതിയലക്ഷ്യ നടപടി ആവശ്യപ്പെട്ട് ഹരജി സമര്‍പ്പിക്കപ്പെട്ടുവെങ്കിലും അദ്ദേഹത്തിനെതിരെ കോടതി നടപടിയുണ്ടായില്ലെന്ന് മാത്രമല്ല അദ്ദേഹത്തിന്റെ വിമര്‍ശനങ്ങള്‍ നീതിപീഠങ്ങള്‍ യഥാര്‍ത്ഥ അര്‍ത്ഥത്തില്‍ ഉള്‍ക്കൊള്ളാന്‍ തയ്യാറാവുകയും ചെയ്തിരുന്നു.

കോടതികള്‍ക്ക് ലഭിക്കുന്ന കത്തുകള്‍ പോലും സാധാരണക്കാരന് നീതി ലഭിക്കാന്‍ കാരണമാവുന്നതാണെങ്കില്‍ പരിഗണിച്ച് വിധിയായി പുറപ്പെടുവിക്കാന്‍ കൃഷ്ണയ്യര്‍ തയ്യാറായിരുന്നു. തിഹാര്‍ ജയിലിലെ ഒരു തടവുകാരന്‍ അയച്ച കത്ത് ഹരജിയായി സ്വീകരിച്ച് തുടര്‍ നടപടികള്‍ക്ക് ഉത്തരവിട്ട സുനില്‍ ബാത്ര കേസ് തടവുകാരുടെ മനുഷ്യാവകാശങ്ങള്‍ക്കായുള്ള കോടതിയുടെ ചരിത്രപരമായി ഇടപെടലായിരുന്നു. തടിച്ച നിയമപുസ്തകങ്ങളിലെ വകുപ്പുകള്‍ക്കപ്പുറം മനുഷ്യത്വത്തിന്റേയും മനുഷ്യാവകാശങ്ങളുടേയും മുഖമുള്ളതായിരുന്നു കൃഷ്ണയ്യരുടെ ഓരോ വിധിപ്രഖ്യാപനങ്ങളും.