Connect with us

Wayanad

അഗ്രിഫെസ്റ്റ് കാര്‍ഷിക മേള കര്‍ഷകരുടെ പേരില്‍ നടത്തുന്ന കൊള്ള: ഹരിതസേന

Published

|

Last Updated

കല്‍പ്പറ്റ: അഗ്രിഫെസ്റ്റ് കാര്‍ഷിക മേള കര്‍ഷകരുടെ പേരില്‍ നടത്തുന്ന കൊള്ളയാണെന്നും ഇതിനെതിരെ ശക്തമായ സമരം നടത്തുമെന്നും ഹരിതസേനാ ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ഈ മാസം 19 മുതലാണ് മാനന്തവാടിയില്‍ കാര്‍ഷിക മേള നടത്തുവാന്‍ നിശ്ചയിച്ചിരിക്കുന്നത്. ഇത് ഉദ്യോഗസ്ഥര്‍ക്കും ഭരണവര്‍ഗത്തിനും അഴിമതി നടത്തുന്നതിനുവേണ്ടിയാണ് നടത്തുന്നത്. വിലത്തകര്‍ച്ചയും കൃഷിനാശവും കൊണ്ട് കര്‍ഷകര്‍ പൊറുതിമുട്ടുന്ന സാഹചര്യത്തിലാണ് കോടികള്‍ അഗ്രിഫെസ്റ്റ് എന്നപേരില്‍ പൊടിക്കുന്നത്. 2012-13 കാലയളവിലെ കാലവര്‍ഷക്കെടുതിയിലും വരള്‍ച്ചയിലും കൃഷിനാശം സംഭവിച്ച കര്‍ഷകര്‍ക്ക് 23 കോടിയില്‍ പരം രൂപാ നഷ്ടപരിഹാരമായി നല്‍കാനുണ്ട്. 2011ല്‍ ആറു കോടി രൂപയോളം നഷ്ടപരിഹാരം നല്‍കാനുണ്ട്. കഴിഞ്ഞ പത്തുമാസത്തിലധികമായി കാര്‍ഷിക പെന്‍ഷനും വിതരണം ചെയ്തിട്ടില്ല. കാര്‍ഷിക വിളകള്‍ക്ക് ഇന്‍ഷുറന്‍സ് പരിരക്ഷ പദ്ധതിയില്‍ ചേര്‍ന്ന കര്‍ഷകര്‍ക്കും നഷ്ടപരിഹാരം നല്‍കിയിട്ടില്ല. ഈ സാഹചര്യത്തിലാണ് ഒരു കോടി രൂപ സര്‍ക്കാര്‍ ഫണ്ടും, 70 ലക്ഷത്തോളം രൂപാ പിരിവു നടത്തിയും അഗ്രിഫെസ്റ്റ് നടത്താന്‍ നിശ്ചയിച്ചിരിക്കുന്നതെന്നും ഹരിതസേന കുറ്റപ്പെടുത്തി. സാധാരണക്കാരായ കര്‍ഷകര്‍ക്ക് ഇതുകൊണ്ട് ഒരു ഗുണവും ലഭിക്കില്ല. കര്‍ഷകരെ വിറ്റ് കാശാക്കുന്ന പദ്ധതിയാണിത്. കല്‍ഷകര്‍ക്ക് കൊടുത്തുതീര്‍ക്കാനുള്ള മുഴുവന്‍ കുടിശ്ശികയും കൊടുത്തു തീര്‍ത്തശേഷം മത്രമേ ഇത്തരം ദൂര്‍ത്തുകള്‍ അനുവദിക്കുകയുള്ളു. പരിപാടിയുടെ പന്തല്‍ കാല്‍നാട്ടല്‍ മുതല്‍ അഗ്രിഫെസ്റ്റിനെതിരെ ശക്തമായ സമരം നടത്തുമെന്നും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്ത ജില്ലാ പ്രസിഡന്റ് എം സുരേന്ദ്രന്‍, പി.എന്‍ സുധാകരസ്വാമി, ജോസ് പുന്നക്കല്‍, ജോസ് പാലിയാണ, സി അബൂബക്കര്‍, ജോസ് എന്നിവര്‍ അറിയിച്ചു.