നിര്‍മാണ മേഖലയില്‍ വിദേശ നിക്ഷേപം: ചട്ടങ്ങളില്‍ കേന്ദ്രം ഇളവ് വരുത്തി

Posted on: December 4, 2014 4:55 am | Last updated: December 3, 2014 at 11:56 pm

constructionന്യൂഡല്‍ഹി: നിര്‍മാണ മേഖലയില്‍ നേരിട്ടുള്ള വിദേശനിക്ഷേപത്തിനുള്ള ചട്ടങ്ങളില്‍ കേന്ദ്ര സര്‍ക്കാര്‍ ഇളവ് വരുത്തി. ഈ മേഖലയില്‍ വിദേശ നിക്ഷേപത്തോത് വര്‍ധിപ്പിക്കുന്നതിനുള്ള നടപടികളുടെ ഭാഗമായാണ് സര്‍ക്കാര്‍ ഇളവുകള്‍ പ്രഖ്യാപിച്ചിരിക്കുന്നത്. സ്വാഭാവിക വഴികളിലൂടെ നിര്‍മാണ മേഖലയില്‍ നൂറ് ശതമാനം വിദേശ നിക്ഷേപം ആകര്‍ഷിക്കുകയാണ് സര്‍ക്കാര്‍ ലക്ഷ്യം. നിര്‍മാണ വികസന മേഖലയുമായി ബന്ധപ്പെട്ട് നേരത്തെ ക്യാബിനറ്റ് അംഗീകരിച്ച പരിഷ്‌കരണങ്ങളാണ് ഇപ്പോള്‍ പ്രാബല്യത്തില്‍ വരുന്നത്. പുതിയ ചട്ടപ്രകാരം വിദേശ നിക്ഷേപം അനുവദിക്കുന്ന നിര്‍മാണത്തിന്റെ ചുരുങ്ങിയ വിസ്തീര്‍ണം 20,000 ചതുരശ്ര മീറ്ററായി കുറച്ചിട്ടുണ്ട്. നേരത്തെ ഇത് 50,000 ചതുരശ്ര മീറ്ററായിരുന്നു. ചുരുങ്ങിയ നിക്ഷേപം ഒരു കോടി ഡോളറില്‍ നിന്ന് 50 ലക്ഷം ഡോളറായി കുറച്ചിട്ടുമുണ്ട്. പദ്ധതി ഭൂമി ചുരുങ്ങിയത് പത്ത് ഹെക്ടര്‍ വേണമെന്ന നിബന്ധന പൂര്‍ണമായും ഒഴിവാക്കി. പദ്ധതി തുടങ്ങി ആറു മാസത്തിനകം നിക്ഷേപം നടത്തിയാല്‍ മതിയാകും. നിര്‍മാണത്തിന്റെ നിശ്ചിത ഘട്ടത്തിനു ശേഷം പദ്ധതിയില്‍ നിന്ന് പിന്‍വാങ്ങാനും നിക്ഷേപകര്‍ക്ക് അവകാശം ഉണ്ടായിരിക്കും. ബന്ധപ്പെട്ട നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുന്നത് അധികാരികളില്‍ നിന്ന് പ്ലാനിന് അംഗീകാരം ലഭിച്ച ശേഷമായിരിക്കുമെന്നും ഇത് സംബന്ധിച്ച സര്‍ക്കുലറില്‍ വ്യക്തമാക്കി.
ടൗണ്‍ഷിപ്പുകള്‍, താമസ കേന്ദ്രങ്ങള്‍, പാലങ്ങള്‍, റോഡുകള്‍, ഹോട്ടലുകള്‍, റിസോര്‍ട്ടുകള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, ഹോസ്പിറ്റലുകള്‍, വിനോദത്തിനുള്ള കേന്ദ്രങ്ങള്‍ എന്നിവയുടെ നിര്‍മാണത്തില്‍ 100 ശതമാനം വിദേശ നിക്ഷേപം അനുവദിക്കും.
നേരത്തെ ഈ മേഖലയില്‍ ചില നിബന്ധനകള്‍ നിലവിലുണ്ടായിരുന്നു. പുതിയ നീക്കം നിര്‍മാണ മേഖലയെ അഭിവൃദ്ധിപ്പെടുത്തുമെന്നാണ് സര്‍ക്കാര്‍ കരുതുന്നത്. ഇതുവഴി രാജ്യത്ത് സാധാരണക്കാര്‍ക്ക് താങ്ങാവുന്ന, കുറഞ്ഞ ബജറ്റിലുള്ള കെട്ടിടങ്ങള്‍ നിര്‍മിക്കുകയും നഗരങ്ങളുടെ വികസനം സാധ്യമാകുകയും ചെയ്യുമെന്ന് സര്‍ക്കാര്‍ വിലയിരുത്തുന്നു. 2006-2007, 2007-2010 കാലയളവില്‍ വിദേശ നിക്ഷേപത്തില്‍ വര്‍ധനയുണ്ടായിരുന്നുവെങ്കിലും ഇത് താഴ്ന്നു കൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് ഇളവുകള്‍ കൊണ്ടുവരുന്നതെന്ന് സര്‍ക്കാര്‍ ചൂണ്ടിക്കാട്ടുന്നു.