കുറ്റകൃത്യങ്ങളില്‍ കേരളം മുന്നില്‍

Posted on: December 4, 2014 3:42 am | Last updated: December 3, 2014 at 11:43 pm

തിരുവനന്തപുരം: കുറ്റകൃത്യങ്ങളുടെ നിരക്കിന്റെ അടിസ്ഥാനത്തില്‍ കേരളം രാജ്യത്ത് ഒന്നാം സ്ഥാനത്ത്. എന്നാല്‍, കുറ്റകൃത്യങ്ങളുടെ എണ്ണത്തില്‍ സംസ്ഥാനം ഏഴാംസ്ഥാനത്താണ്. സ്ത്രീകള്‍ക്കെതിരെയുള്ള കുറ്റകൃത്യങ്ങളുടെ എണ്ണത്തില്‍ 13-ാം സ്ഥാനത്തും നിരക്കില്‍ പത്താംസ്ഥാനത്തുമാണ്.

യു ഡി എഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം 19,89,096 ക്രിമിനല്‍ കേസുകളാണ് സംസ്ഥാനത്ത് രജിസ്റ്റര്‍ ചെയ്തത്. 14,480 മോഷണം, 2,800 കവര്‍ച്ച, 2,284 പിടിച്ചുപറി, 10,189 ഭവനഭേദനം, മൂന്ന് ദേവാലയ കവര്‍ച്ച എന്നിവയുള്‍പ്പെടെയുള്ളവയാണ് കേസുകള്‍. ഈ വര്‍ഷം നവംബര്‍ 24 വരെ 1057 കുട്ടികളെയും 2701 വനിതകളെയും 297 വൃദ്ധരെയും കാണാതായതായിട്ടുണ്ട്. സ്‌കൂള്‍ കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ചതിന് 73 അധ്യാപകര്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്. മലപ്പുറം- 22, കാസര്‍കോട്- 12, തിരുവനന്തപുരം- 10. എന്നിങ്ങനെയാണിത്. ഇക്കാലയളവില്‍ 183 കുട്ടികള്‍ പീഡനത്തിനിരയായി. കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ചതിന് അഞ്ച് പോലീസ് ഉദ്യാഗസ്ഥര്‍ അറസ്റ്റിലായിട്ടുണ്ട്. 2011 ജൂണ്‍ മുതല്‍ ഈ വര്‍ഷം നവംബര്‍ വരെ സ്ത്രീകള്‍ക്കു നേരെ നടന്ന അതിക്രമങ്ങളുമായി ബന്ധപ്പെട്ട് 45,962 കേസുകളാണ് രജിസ്റ്റര്‍ ചെയ്തത്. 38,715 കേസുകളില്‍ കുറ്റപത്രം നല്‍കി. 4,603 കേസുകളില്‍ അന്വേഷണം പൂര്‍ത്തിയാകാനുണ്ട്. 4,290 പ്രതികളെ അറസ്റ്റ് ചെയ്യാനുണ്ട്. 632 കേസില്‍ പ്രതികള്‍ക്ക് ശിക്ഷ ലഭിച്ചു. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികള്‍ക്കു നേരെ നടന്ന അതിക്രമങ്ങളുമായി ബന്ധപ്പെട്ട് രജിസ്റ്റര്‍ ചെയ്ത 3,926 കേസുകള്‍ 3,122 എണ്ണത്തില്‍ അന്വേഷണവും, 142 കേസുകളില്‍ വിചാരണയും പൂര്‍ത്തിയായി. ഇതുമായി ബന്ധപ്പെട്ട് 70 പ്രതികളെ ശിക്ഷിച്ചപ്പോള്‍ 87 പേരെയാണ് വിട്ടയച്ചത്. സംസ്ഥാനത്ത് മന്ത്രവാദത്തെ തുടര്‍ന്ന് ഈ വര്‍ഷം രണ്ട് പേരാണ് കൊല്ലപ്പെട്ടത്. ഇതേകാലയളവില്‍ ബൈക്ക് അപകടങ്ങളില്‍ 4,021 യുവാക്കളാണ് മരണപ്പെട്ടത്. കോഴിക്കോട് ജില്ലയില്‍ ദേശീയപാതയില്‍ കോരപ്പുഴ പാലത്തിനും മുതടപ്പാലത്തിനുമിടയില്‍ മാത്രം 134 പേരാണ് അപകടത്തില്‍ മരണമടഞ്ഞത്. ഇക്കാലയളവില്‍ മൊത്തം വാഹനാപകടങ്ങളില്‍ 14,410 പേരാണ് മരണപ്പെട്ടിരുന്നു.
മൂന്നര വര്‍ഷത്തിനിടെ പട്ടികജാതി വര്‍ഗ വിഭാഗത്തില്‍ പെട്ട 28 പേര്‍ കൊല്ലപ്പെട്ടു.1,433 സ്ത്രീകളും 296 കുട്ടികളും അതിക്രമത്തിന് ഇരയായതുമായി ബന്ധപ്പെട്ട 1,657 കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. കേസുകളുമായി ബന്ധപ്പെട്ട് 1,378 പേര്‍ അറസ്റ്റിലായിട്ടുണ്ട്. അന്വേഷണം പൂര്‍ത്തിയായ 1,370 കേസുകളില്‍ 52 കേസുകളില്‍ കോടതി വിധി പ്രഖ്യാപിച്ചിട്ടുണ്ട്. 137 കേസുകളില്‍ പ്രതിസ്ഥാനത്ത് പട്ടികജാതി വര്‍ഗ വിഭാഗത്തില്‍പ്പെട്ടവരാണ്. അഞ്ചുകേസില്‍ രാഷ്ട്രീയ പ്രവര്‍ത്തകരുണ്ട്. നാല് കേസുകളില്‍ പോലീസ് ഉദ്യോഗസ്ഥരാണ് പ്രതിസ്ഥാനത്തുള്ളത്.