വിദ്വേഷ പ്രസംഗം: കേന്ദ്ര മന്ത്രി സാധ്വി നിരഞ്ജന്‍ ജ്യോതിക്കെതിരെ കേസെടുത്തു

Posted on: December 4, 2014 4:46 am | Last updated: December 3, 2014 at 10:55 pm

sadhvi_niranjan_jyotiന്യൂഡല്‍ഹി: വിദ്വേഷ പ്രസംഗം നടത്തിയ കേന്ദ്ര മന്ത്രി സാധ്വി നിരഞ്ജന്‍ ജ്യോതിക്കെതിരെ കേസെടുത്തു. ഡല്‍ഹിയിലെ തിലക് നഗര്‍ പോലീസ് സ്റ്റേഷനിലാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. അതേസമയം മന്ത്രി രാജിവെക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷം പാര്‍ലിമെന്റില്‍ പ്രക്ഷുബ്ധാവസ്ഥ സൃഷ്ടിച്ചു. എന്നാല്‍ കേന്ദ്രം കീഴടങ്ങാന്‍ തയ്യാറായില്ല. കേന്ദ്രമന്ത്രി മാപ്പ് പറഞ്ഞതോടെയും പ്രധാനമന്ത്രി പരാമര്‍ശത്തില്‍ അതൃപ്തി രേഖപ്പെടുത്തുകയും ചെയ്തതോടെ ആ ആധ്യായം അവസാനിച്ചുവെന്ന് സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കിയതോടെ കോണ്‍ഗ്രസ്, തൃണമൂല്‍ കോണ്‍ഗ്രസ്, ആര്‍ എസ് പി എന്നിവ ഇറങ്ങിപ്പോക്ക് നടത്തി. ശൈത്യകാല സമ്മേളനം ആരംഭിച്ചതിന് ശേഷം ആദ്യമായി സഭയിലെത്തിയ പ്രധാനമന്ത്രി ഈ വിഷയത്തില്‍ പ്രതികരിക്കണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു.
വിദ്വേഷ പ്രസംഗം നടത്തിയ ഒരു മന്ത്രിയെ എങ്ങനെ പദവിയില്‍ തുടരാന്‍ അനുവദിക്കുന്നുവെന്ന് പ്രതിപക്ഷം മോദിയോട് ചോദിച്ചു. ഈ സമയം ജ്യോതിയും സഭയിലുണ്ടായിരുന്നു. ഈ വിഷയം അവസാനിച്ചതായി പാര്‍ലിമെന്ററികാര്യ മന്ത്രി വെങ്കയ്യ നായിഡു പറഞ്ഞു. യു പി എയുടെ ഭരണകാലത്ത് എ ബി വാജ്പയിയെ സംബന്ധിച്ച് ഒരു മന്ത്രി വിവാദ പരാമര്‍ശം നടത്തുകയും ശക്തമായ പ്രതിഷേധത്തെ തുടര്‍ന്ന് ഒടുവില്‍ സഭയില്‍ അന്നത്തെ പ്രധാനമന്ത്രി മന്‍മോഹന്‍സിംഗിന് മാപ്പ് പറയുകയും ചെയ്ത സംഭവം വെങ്കയ്യ നായിഡു ഓര്‍മിപ്പിച്ചു. സി പി എം പ്രവര്‍ത്തകരെ കൊല്ലുകയും അവരുടെ കുടുംബങ്ങളെ ബലാത്സംഗം ചെയ്യുമെന്നും പൊതുപരിപാടിയില്‍ പാര്‍ട്ടി എം പി തപസ് പാല്‍ ഭീഷണിപ്പെടുത്തിയത് ഓര്‍മിപ്പിച്ചാണ് തൃണമൂലിനെ വെങ്കയ്യ നേരിട്ടത്.
രാജ്യസഭയിലും സ്ഥിതി വ്യത്യസ്തമായിരുന്നില്ല. സാധ്വിയുടെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷ പാര്‍ട്ടികള്‍ പ്രതിഷേധിച്ചു. പ്രതിപക്ഷാംഗങ്ങളുമായി ബി ജെ പി അംഗങ്ങള്‍ രൂക്ഷമായ വാക്കേറ്റമാണ് നടത്തിയത്. കോണ്‍ഗ്രസ്, എസ് പി, ജെ ഡി യു അംഗങ്ങള്‍ നടുത്തളത്തിലിറങ്ങി. സി പി എം, സി പി ഐ, തൃണമൂല്‍ എം പിമാര്‍ സര്‍ക്കാറിന്റെ പ്രതികരണത്തെ ശക്തമായി എതിര്‍ത്തു. ഉച്ചക്ക് മുമ്പ് നാല് തവണയാണ് സഭ നിര്‍ത്തിവെച്ചത്. രാജ്യസഭ ചേര്‍ന്നത് മുതല്‍, മന്ത്രിക്കെതിരെ നടപടിയെടുക്കണമെന്ന ആവശ്യവുമായി പ്രതിപക്ഷാംഗങ്ങള്‍ രംഗത്തെത്തി. അപലപിച്ച് പ്രമേയം പാസ്സാക്കണമെന്ന് എസ് പിയുടെ നരേശ് അഗര്‍വാള്‍ ആവശ്യപ്പെട്ടു. മന്ത്രിയെ പുറത്താക്കണമെന്നും ഇത് ഭരണഘടനയോടുള്ള അവഹേളനമാണെന്നും കോണ്‍ഗ്രസിന്റെ രാജ്യസഭാ ഉപനേതാവ് ആനന്ദ് ശര്‍മ ആവശ്യപ്പെട്ടു.
‘രാമന്റെ മക്കളോ, ജാര സന്തതികളോ? ആര് ഡല്‍ഹി ഭരിക്കണമെന്ന് വോട്ടര്‍മാര്‍ തിരഞ്ഞെടുക്കേണ്ടിയിരിക്കുന്നു’വെന്ന് ഡല്‍ഹിയില്‍ നടന്ന തിരഞ്ഞെടുപ്പ് റാലിയില്‍ കേന്ദ്ര മന്ത്രിനടത്തിയ പരാമര്‍ശമാണ് വിവാദത്തിന് വഴിവെച്ചത്. ആദ്യം മന്ത്രി തന്റെ പ്രസംഗത്തെ ന്യായീകരിക്കുകയായിരുന്നു. ദേശവിരുദ്ധരെയാണ് താന്‍ പരാമര്‍ശിച്ചതെന്ന് മന്ത്രി വാദിച്ചുനോക്കിയെങ്കിലും അത് വിലപ്പോയില്ല. തുടര്‍ന്ന് ഡല്‍ഹിയില്‍ നടത്തിയ പ്രസംഗം ആരുടെയെങ്കിലും വികാരത്തെ വ്രണപ്പെടുത്താന്‍ ഉദ്ദേശിച്ചുള്ളതായിരുന്നില്ലെന്നും അങ്ങനെ ഒരു പരാമര്‍ശം നടത്തിയതില്‍ അതിയായി ഖേദിക്കുന്നുവെന്നും മന്ത്രി പാര്‍ലിമെന്റില്‍ പ്രസ്താവിക്കുകയായിരുന്നു.