Connect with us

Gulf

2016 ഓടെ യു എ ഇയില്‍ 10ല്‍ എട്ടുപേരും കാറുടമകളായിരിക്കും

Published

|

Last Updated

ദുബൈ: രാജ്യത്തെ കാര്‍ വിപണി കുതിച്ചുയരുന്നതായി പഠനം. പുതിയ കാറുകള്‍ക്കു പുറമെ ഉപയോഗിച്ച കാറുകളുടെ വിപണിയിലും വന്‍കുതിച്ചുചാട്ടം നടന്നതായി പഠനം വ്യക്തമാക്കുന്നു. 2016 ഓടെ രാജ്യത്തെ 10 പേരില്‍ എട്ട് പേരും പുതിയതോ ഉപയോഗിച്ചതോ ആയ കാറുകളുടെ ഉടമകളായിരിക്കും, ഫ്രീ ക്ലാസിഫൈഡ്‌സ് വെബ്‌സൈറ്റായ ദുബീസില്‍ 2014ലെ കാര്‍ വിപണന രംഗത്തെ ചലനങ്ങളെക്കുറിച്ച് വെളിപ്പെടുത്തിയ കണക്കില്‍ പറയുന്നു. 2014 ജനുവരി മുതല്‍ ഒക്‌ടോബര്‍ വരെയുള്ള കാലയളവില്‍ 6.93 ലക്ഷം കാര്‍ വില്‍പന പരസ്യങ്ങള്‍ ദുബീസ്ല്‍ വഴി പ്രത്യക്ഷപ്പെട്ടു. മാസാന്തം 72,000 എന്ന തേതില്‍, വെബ്‌സൈറ്റ് പറയുന്നു.
സാധാരണ കാറുകളുടെ മാത്രമല്ല, ആഡംബര കാറുകളുടെ വില്‍പന പരസ്യങ്ങളും റിപ്പോര്‍ട്ട് കാലയളവില്‍ വെബ്‌സൈറ്റില്‍ ധാരാളം പ്രത്യക്ഷപ്പെട്ടതായി അധികൃതര്‍ പറയുന്നു. 19.5 ലക്ഷം ദിര്‍ഹം വിലയുള്ള ലംബോര്‍ഗിനി, 18.9 ലക്ഷമുള്ള മെര്‍സിഡന്‍സ് ബെന്‍സ്, 17 ലക്ഷമുള്ള റോള്‍സ് റോയ്‌സ് ഫാന്റം തുടങ്ങിയ കാറുകളാണ് റിപ്പോര്‍ട്ട് കാലയളവില്‍ വെബ്‌സൈറ്റില്‍ വില്‍പനക്കുവെച്ച ഏറ്റവും വിലപിടിപ്പുള്ള കാറുകള്‍.
കാറുകള്‍ മാത്രമല്ല, കാറുകളുടെ നമ്പര്‍ പ്ലേറ്റുകളുടെ വില്‍പന പരസ്യങ്ങളും വെബ്‌സൈറ്റില്‍ ധാരാളമായി പ്രത്യക്ഷപ്പെട്ടുവെന്ന് അധികൃതര്‍. അഞ്ചര ലക്ഷം ദിര്‍ഹം വിലയുള്ള 80000 എന്ന നമ്പറാണ് റിപ്പോര്‍ട്ട് കാലയളവില്‍ ഏറ്റവും കൂടുതല്‍ വിലപിടിപ്പുള്ളതായി വില്‍പന നടന്നത്. കാറുകളും നമ്പര്‍ പ്ലേറ്റുകളും വില്‍പനക്ക് പരസ്യം നല്‍കുന്ന വെബ്‌സൈറ്റ്, മാസാന്തം ശരാശരി എട്ട് ലക്ഷം ആളുകളാണ് റിപ്പോര്‍ട്ട് കാലയളവില്‍ സന്ദര്‍ശനം നടത്തിയത്. കാര്‍ വിപണന മേഖലയില്‍ ജനങ്ങള്‍ക്കുള്ള ഏറിയ താത്പര്യമാണ് ഈ സന്ദര്‍ശക പ്രവാഹം സൂചിപ്പിക്കുന്നത്.
ടൊയോട്ട കാംറിയാണ് റിപ്പോര്‍ട്ട് കാലയളവില്‍ ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെട്ട കാര്‍. ഇതിനു പുറമെ, ഹോണ്ട, നിസാന്‍ എന്നിവക്കും വന്‍തോതില്‍ ആവശ്യക്കാരുണ്ടായതായി കണക്കുകള്‍ വ്യക്തമാക്കുന്നു. വെള്ള, കറുപ്പ്, ചുവപ്പ് എന്നീ നിറങ്ങള്‍ക്കാണ് ആവശ്യക്കാര്‍ കൂടുതല്‍. ദുബൈ, അബുദാബി നഗരങ്ങളിലാണ് വില്‍പന കൂടുതലും നടന്നത്.

Latest