അനധികൃത പന്നിഫാമിനെതിരെ പഞ്ചായത്ത് നടപടിക്ക്

Posted on: December 3, 2014 11:15 am | Last updated: December 3, 2014 at 11:15 am

മുക്കം: മൈസൂര്‍മല ആദിവാസി കോളനിക്ക് സമീപത്തെ അനധികൃത പന്നിഫാമിനെതിരെ കാരശ്ശേരി ഗ്രാമപഞ്ചായത്ത് നടപടിക്കൊരുങ്ങുന്നു. ഈ മാസം ആറിന് ഫാമില്‍ വളര്‍ത്തുന്ന പന്നികളെ പരസ്യമായി ലേലം ചെയ്യാന്‍ തീരുമാനിച്ചു. വെറ്ററിനറി സര്‍ജന്‍ പന്നികളെ പരിശോധിച്ച് നല്‍കുന്ന മൂല്യവിലയുടെ അടിസ്ഥാനത്തിലാണ് ലേലം നടത്തുക. പ്രദേശത്തെ പ്രധാന ജല സ്രോതസ്സായ തോട്ടിലേക്ക് ഫാമില്‍ നിന്ന് മാലിന്യം ഒഴുക്കിവിട്ടിരുന്നത് കാരണം ആദിവാസികളുടെ കുടിവെള്ളം മുട്ടിയിരുന്നു. പകര്‍ച്ചവ്യാധികളും പതിവായിരുന്നു.ആദിവാസികളുടെ പരാതിപ്രകാരം ഗ്രാമപഞ്ചായത്ത് സെക്രട്ടറിയും മുക്കം എസ് ഐയും ഫാമിന് സ്റ്റോപ്പ് മെമ്മോ നല്‍കിയിരുന്നെങ്കിലും ഫാം അടച്ച് പൂട്ടാന്‍ ഉടമ തയാറാകാത്തതിനെ തുടര്‍ന്നാണ് നടപടിയെടുക്കുന്നത്.