Connect with us

Malappuram

ആദിവാസി കോളനികളിലെ സമഗ്ര വികസനത്തിന് അഞ്ച് കോടിയുടെ പദ്ധതി

Published

|

Last Updated

മലപ്പുറം: ആദിവാസി കോളനികളിലെ സമഗ്ര വികസനവുമായി ബന്ധപ്പെട്ട് ജില്ലയില്‍ ആദ്യ ഘട്ടത്തില്‍ അഞ്ച് കോടിയുടെ പദ്ധതി നടപ്പാക്കുന്നു.
അമ്പുമല, വെറ്റിലകൊല്ലി, മലച്ചികോളനി, ചെമ്പന്‍കൊല്ലി, ചാത്തന്‍പൊദുവായി കോളനികളിലാണ് ആദ്യ ഘട്ടത്തില്‍ പദ്ധതി നടപ്പാക്കുന്നത്. അടിസ്ഥാന സൗകര്യ വികസനത്തിന് മുന്‍ഗണന നല്‍കിയാണ് പദ്ധതി നടപ്പാക്കുക. ജില്ലയിലെ മുഴുവന്‍ കോളനികളിലും സമഗ്ര വികസനത്തിനായി ജില്ലാ കലക്ടര്‍ സര്‍ക്കാരിന് വിശദമായി റിപ്പോര്‍ട്ട് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. തുടര്‍ന്ന് ആദ്യ ഘട്ടമായി അഞ്ച് കോളനികള്‍ക്ക് തുക അനുവദിക്കുകയായിരുന്നു.
ആദിവാസികളുടെ ജീവിത നിലവാരം മെച്ചപ്പെടുത്തുക, കോളനികളില്‍ കുടിവെള്ളമെത്തിക്കുക, റോഡ് നിര്‍മിക്കുക, ജീവിതസാഹചര്യമൊരുക്കുക, സൗരോര്‍ജ പാനല്‍ സ്ഥാപിക്കുക, വന്യ ജീവികളില്‍ നിന്നും രക്ഷ നേടുന്നതിന് വേലികളും കിടങ്ങുകളും സ്ഥാപിക്കുക, തൊഴില്‍ പരിശീലനം നല്‍കുക, പോഷകാഹാരം നല്‍കുക എന്നിവയ്ക്കാണ് തുക വകയിരുത്തിയിട്ടുള്ളത്. ഓരോ കോളനിയില്‍ ഒരു കോടിയുടെ പദ്ധതിയാണ് നടപ്പാക്കുന്നത്. വീട് നിര്‍മാണത്തിന് 3.02 കോടിയും റോഡ് നിര്‍മാണത്തിനും 1.13 കോടിയും ചെലവഴിക്കും.
വികസന പദ്ധതി നടപ്പാക്കുന്നതിന് മുന്നോടിയായി സബ് കലക്ടര്‍ അമിത് മീനയുടെ നേതൃത്വത്തില്‍ ഉദ്യോഗസ്ഥര്‍ അമ്പുമല കോളനി സന്ദര്‍ശിച്ചു. ജില്ലാ പ്ലാനിംഗ് ഓഫീസര്‍ പി ശശികുമാര്‍, പൊലീസ്, ഫോറസ്റ്റ്, ആരോഗ്യം, റവന്യൂ വകുപ്പ് ഉദ്യോഗസ്ഥര്‍ എന്നിവരും സംഘത്തിലുണ്ടായിരുന്നു.

Latest