ലോക ഭിന്നശേഷി ദിനം: വൈകല്യങ്ങളെ അതിജീവിച്ച് സൈനുദ്ദീന്റെ കൃഷി

Posted on: December 3, 2014 4:59 am | Last updated: December 3, 2014 at 1:03 am

zainudheen theneechaബാലുശ്ശേരി: വൈകല്യങ്ങളൊന്നും സൈനുദ്ദീന്റെ കര്‍മശേഷിയെ ബാധിച്ചിട്ടില്ല.

സ്വയം നട്ടുപിടിപ്പിച്ച ചെടികളും തൈകളുമൊക്കെയായി അതിരാവിലെ ചന്തകളിലേക്ക്. മടങ്ങിവന്നാല്‍ കൃഷിയിടത്തില്‍. കോഴിക്കോട് ബാലുശ്ശേരിക്കടുത്ത മങ്കയം സ്വദേശി അണിയോത്ത് സൈനുദ്ദീന് ഇപ്പോള്‍ മുപ്പത്തിനാല് വയസ്സ്. ആറാം വയസ്സില്‍ പോളിയോ ബാധിച്ച് അരക്കുതാഴെ സ്വാധീനം നഷ്ടപ്പെട്ടെങ്കിലും മനസ്സിന്റെ ബലം ഒട്ടും നഷ്ടപ്പെട്ടിട്ടില്ല. വൈകല്യത്തെ വെല്ലുവിളിച്ച് പിതാവ് അഹ്മദ് കുട്ടിയുടെ സ്ഥലത്ത് പഴവര്‍ഗങ്ങള്‍, പച്ചക്കറികള്‍, ഫലവൃക്ഷങ്ങള്‍, അലങ്കാര ചെടികള്‍ തുടങ്ങി വിളകളുടെ നീണ്ട നിരതന്നെയുണ്ട്. അലങ്കാര മത്സ്യങ്ങള്‍, വളര്‍ത്തുപക്ഷികള്‍, തേനീച്ച വളര്‍ത്തല്‍, മണ്ണിര കമ്പോസ്റ്റ്, ഔഷധ സസ്യങ്ങള്‍ തുടങ്ങി സൈനുദ്ദീന്റെ സംരംഭങ്ങള്‍ നിരവധി. വീടിന്റെ ടെറസില്‍ ഔഷധ സസ്യങ്ങളും പഴവര്‍ഗങ്ങളും വളര്‍ത്തിയാണ് സൈനുദ്ദീന്‍ ഈ രംഗത്തേക്ക് കടന്നത്. തുടര്‍ന്ന് ബഡ്ഡിംഗില്‍ പ്രവേശിച്ചു. ഇവ കായ്ക്കാന്‍ തുടങ്ങിയപ്പോള്‍ വിപണിയിലേക്കും കാല്‍വെച്ചു.
പന്നിയൂര്‍, ചേട്ടന്‍ ഇനങ്ങളില്‍പ്പെട്ട കുരുമുളക്, മുസമ്പി, നാരങ്ങ, പേരക്ക എന്നിവയെല്ലാം എല്ലാകാലത്തും വിളവെടുക്കുന്നുണ്ട്. എന്നാല്‍, പ്രധാന മേഖല തേനീച്ച വളര്‍ത്തലാണ്. പൂനയില്‍ നിന്ന് തേനീച്ച വളര്‍ത്തലിലും പരിപാലനത്തിലും പഠനം നടത്തിയ സൈനുദ്ദീന്റെ തേനിന് നാട്ടിന്‍പുറങ്ങളില്‍ ആവശ്യക്കാര്‍ ഏറെയാണ്. സൈനുദ്ദീന്റെ പ്രാവിന്‍കൂട്ടില്‍ വിവിധ നിറങ്ങളിലുള്ള പ്രാവുകളുടെ കൂട്ടത്തില്‍ നാടനും വിദേശിയുമുണ്ട്. കൃഷിയില്‍ കൂട്ട് ഭാര്യ ആരിഫയും മക്കളായ ഫാഇസും ഫിനാനും.
ആഴ്ചച്ചന്തകളാണ് സൈനുദ്ദീന്റെ പ്രധാന വിപണി. പിന്നെ, ജൈവവളങ്ങള്‍ മാത്രം ഉപയോഗിച്ചുള്ള കാര്‍ഷിക ഉല്‍പ്പന്നങ്ങള്‍ക്കും കലര്‍പ്പില്ലാത്ത തേനിനും വേണ്ടി വീട്ടിലെത്തുന്നവര്‍ വിപണനം നടത്തും. കാലത്ത് സ്‌കൂട്ടറില്‍ ചന്തയിലെത്തിയാല്‍ വാഹനത്തില്‍ നിന്ന് ഉല്‍പ്പന്നങ്ങള്‍ ഇറക്കുന്നതും ആവശ്യക്കാര്‍ക്ക് എടുത്തുനല്‍കുന്നതും വൈകുന്നേരം ബാക്കിയുള്ള ഉത്പന്നങ്ങള്‍ വാഹനത്തില്‍ തിരിച്ചുകയറ്റുന്നതുമെല്ലാം തനിച്ചാണ്. ഈ കച്ചവടത്തിലൂടെ ലഭിക്കുന്ന തുച്ഛമായ വരുമാനമാണ് ആറംഗ കുടുംബത്തിന്റെ ഏക ആശ്രയം. തന്റെ ജീവലോകം ഒന്ന് വിപുലപ്പെടുത്തണമെന്നുണ്ട് സൈനുദ്ദീന്. പക്ഷെ, സാമ്പത്തിക ശേഷി അനുവദിക്കുന്നില്ല. ശാരീരിക വൈകല്യമുള്ളവര്‍ക്ക് പലവിധത്തിലുള്ള സാമ്പത്തിക സഹായങ്ങള്‍ക്ക് വകുപ്പുണ്ടെങ്കിലും ജീവിതം കരുപ്പിടിപ്പിക്കാനുള്ള സൈനുദ്ദീന്റെ കൃഷിക്കും മറ്റും ഒരു രൂപപോലും സര്‍ക്കാര്‍ ധനസഹായമില്ല.