പക്ഷിപ്പനി: മനുഷ്യരിലേക്ക് പകരാന്‍ സാധ്യത1യില്ലെന്ന് കേന്ദ്ര സംഘം

Posted on: December 3, 2014 12:58 am | Last updated: December 3, 2014 at 12:58 am

bird-fluതിരുവനന്തപുരം: കുട്ടനാട് മേഖലയില്‍ പടര്‍ന്നുപിടിച്ച പക്ഷിപ്പനി നിയന്ത്രണ വിധേയമായിട്ടുണ്ടെന്നും മനുഷ്യരിലേക്ക് പകരാനുള്ള സാധ്യത കുറവാണെന്നും കേന്ദ്ര സംഘം. മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ സാന്നിധ്യത്തില്‍ ചേര്‍ന്ന ഉന്നതതല യോഗത്തിലാണ് കേന്ദ്രസംഘം ഇക്കാര്യം അറിയിച്ചത്. പക്ഷിപ്പനി നിയന്ത്രണവിധേയമായെന്ന് മുഖ്യമന്ത്രിയും വ്യക്തമാക്കി. പക്ഷിപ്പനി മറ്റു പ്രദേശങ്ങളിലേക്ക് വ്യാപിച്ചിട്ടില്ല. ഇതുവരെ മനുഷ്യരിലേക്ക് പകര്‍ന്നിട്ടുമില്ല. അതിനുള്ള സാധ്യത കുറവാണെന്ന് വിദഗ്ദ്ധ സംഘം അറിയിച്ചു.
താറാവുകള്‍ ചത്ത ജലാശയങ്ങളില്‍ കുളിക്കുകയോ മറ്റോ ചെയ്യുന്നതുകൊണ്ട് രോഗബാധയുണ്ടാകില്ല. രോഗബാധിത പ്രദേശങ്ങളിലെ താറാവുകളടക്കമുള്ള പക്ഷികളുമായി ഇടപഴകുന്നവര്‍ കൈകാലുകള്‍ അപ്പപ്പോള്‍ സോപ്പുപയോഗിച്ച് കഴുകി വൃത്തിയാക്കണമെന്നും വിദഗ്ദ്ധ സംഘം നിര്‍ദേശിച്ചു. ആരോഗ്യ-മൃഗസംരക്ഷണ വകുപ്പുകള്‍ മറ്റു വകുപ്പുകളുടെ സഹകരണത്തോടെ നടത്തിവരുന്ന പ്രതിരോധ-നിയന്ത്രണ പ്രവര്‍ത്തനങ്ങളില്‍ സംഘം സംതൃപ്തി രേഖപ്പെടുത്തി.
പക്ഷിപ്പനി ബാധിത കേന്ദ്രങ്ങള്‍ അണുവിമുക്തമാക്കുന്ന പ്രവര്‍ത്തനങ്ങളുമായി തദ്ദേശവാസികള്‍ സഹകരിക്കണമെന്ന് മുഖ്യമന്ത്രി അഭ്യര്‍ഥിച്ചു. വിദഗ്ധ സംഘത്തിന്റെ നിര്‍ദേശമനുസരിച്ച് തുടര്‍ നടപടികള്‍ സ്വീകരിക്കുമെന്ന് ആരോഗ്യമന്ത്രി പറഞ്ഞു. കേന്ദ്ര സംഘാംഗങ്ങളായ എന്‍ സി ഡി സി അഡീഷണല്‍ ഡയറക്ടര്‍ സി എസ് അഗര്‍വാള്‍, ഡല്‍ഹി റാം മനോഹര്‍ ലോഹ്യ ആശുപത്രിയുടെ ചീഫ് മെഡിക്കല്‍ ഓഫീസര്‍ ദേശ് ദീപക്, കസൗലിയിലെ സെന്‍ട്രല്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റിയൂട്ടിന്റെ ജോയിന്റ് ഡയറക്ടറും മൈക്രോബയോളജിസ്റ്റുമായ നവീന്‍ ഗുപ്ത എന്നിവരുമായി നടത്തിയ ചര്‍ച്ചയില്‍ മന്ത്രിമാര്‍ക്കൊപ്പം ആരോഗ്യവകുപ്പ് സെക്രട്ടറി ഡോ. കെ ഇളങ്കോവന്‍, ഡയറക്ടര്‍ ഡോ. പി കെ ജമീല, അഡീഷണല്‍ ഡയറക്ടര്‍ ഡോ. എ എസ് പ്രദീപ് കുമാര്‍, എച്ച് 5 എന്‍1 നോഡല്‍ ഓഫീസര്‍ ഡോ. അമര്‍ ഫെറ്റില്‍ എന്നിവരും പങ്കെടുത്തു.