Connect with us

International

വീണ്ടും അല്‍ശബാബ് ആക്രമണം; കെനിയയില്‍ 36 പേര്‍ കൊല്ലപ്പെട്ടു

Published

|

Last Updated

നയ്‌റോബി : വടക്കന്‍ കെനിയയില്‍ അല്‍ ശബാബ് തീവ്രവാദി സംഘം 36 ക്വാറി തൊഴിലാളികളെ കൊലപ്പെടുത്തി. പത്ത് ദിവസം മുമ്പ് ബസ് യാത്രക്കാരെ കൊലപ്പെടുത്തിയതിന് സമാനമായി അമുസ്‌ലിംകളെയാണ് ഭീകര സംഘടന കൊലപ്പെടുത്തിയിരിക്കുന്നത്. സൊമാലിയന്‍ അതിര്‍ത്തിക്ക് സമീപം മന്ദേര കൗണ്ടിക്ക് സമീപംവെച്ചാണ് തൊഴിലാളികള്‍ കൊല്ലപ്പെട്ടത്. അക്രമത്തിന് ശേഷം കൊലയാളികള്‍ രക്ഷപ്പെട്ടതായി കെനിയന്‍ പോലീസ് തലവന്‍ ഡേവിഡ് കിമായിയോ പറഞ്ഞു. അര്‍ധരാത്രിക്ക് ശേഷം 12.30 ഓടെ തൊഴിലാളികളുടെ ക്യാമ്പിലെത്തിയ ഭീകരരാണ് കൊലപാതകം നടത്തിയത്. ക്വാറിക്ക് സമീപത്തെ ക്യാമ്പില്‍ ഉറങ്ങിക്കിടക്കുകയായിരുന്ന തൊഴിലാളികളെ മുന്നറിയിപ്പ് വെടിയുതിര്‍ത്ത് തിരഞ്ഞു പിടിച്ച് നിരനിരയായി നിര്‍ത്തിയ ശേഷം തലക്ക് പിന്നില്‍ വെടിയുതിര്‍ക്കുകയായിരുന്നുവെന്ന് ഇവിടെ നിന്നും രക്ഷപ്പെട്ട ഒരു തൊഴിലാളി പറഞ്ഞു. സൊമാലിയയില്‍ എത്തിയ കെനിയന്‍ സൈന്യം വ്യോമാക്രമണങ്ങളടക്കമുള്ള അതിക്രമങ്ങള്‍ നടത്തുന്നതിന് മറുപടിയായാണ് ഈ ആക്രമണമെന്ന് അല്‍ ശബാബ് വക്താവ് ശേഖ് അലി മഹ്മൂദ് റേജ് പറഞ്ഞു. മന്ദേര കൗണ്ടിയില്‍ ബസ് തടഞ്ഞുനിര്‍ത്തി അല്‍ ശബാബ് തീവ്രവാദികള്‍ കഴിഞ്ഞ മാസം 22ന് 28 യാത്രക്കാരെ കൊലപ്പെടുത്തിയിരുന്നു. ഇവിടെയും അമുസ്‌ലിംകളെയാണ് സംഘം തോക്കിനിരയാക്കിയത്.