Kerala
മഅ്ദനിക്ക് ചികിത്സാ സഹായം അനുവദിച്ചത് ചോദ്യം ചെയ്ത ഹരജി മനുഷ്യാവകാശ കമ്മീഷന്‍ തള്ളി

തിരുവനന്തപുരം: അബ്ദുന്നാസര്‍ മഅ്ദനിക്ക് മുഖ്യമന്ത്രിയുടെ ചികിത്സാ സഹായനിധിയില്‍ നിന്ന് അഞ്ച് ലക്ഷം രൂപ നല്‍കിയത് ചോദ്യം ചെയ്ത് സമര്‍പ്പിച്ച ഹരജി സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ അധ്യക്ഷന്‍ ജസ്റ്റിസ് ജെ ബി കോശി തള്ളി.
വരുമാന സര്‍ട്ടിഫിക്കറ്റും മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റും കാണാതെ മുഖ്യമന്ത്രിയുടെ ചികിത്സാ സഹായം നല്‍കാതിരിക്കുമ്പോള്‍ കുറ്റാരോപിതനായി ജയിലില്‍ കിടക്കുന്ന ദരിദ്രനല്ലാത്ത ഒരാള്‍ക്ക് അഞ്ചുലക്ഷം രൂപ അനുവദിച്ചത് തെറ്റാണെന്ന് ആരോപിച്ച് വയനാട് മുട്ടില്‍ സ്വദേശി സുബൈര്‍ എസ് വിളക്കത്ത് സമര്‍പ്പിച്ച പരാതിയിലാണ് നടപടി. കുറ്റാരോപിതനായ ഒരാള്‍ക്ക് ഇത്തരത്തില്‍ സാമ്പത്തിക സഹായം നല്‍കിയത് മനുഷ്യാവകാശ ലംഘനമാണെന്ന് പരാതിയില്‍ പറയുന്നു.
മഅ്ദനിക്ക് സര്‍ക്കാര്‍ സഹായം അനുവദിച്ചത് 2013 മാര്‍ച്ച് 19 നാണ്. ഇത്‌സംബന്ധിച്ച് കമ്മീഷനില്‍ പരാതി ലഭിച്ചത് 2014 നവംബര്‍ 13 നാണ്. മനുഷ്യാവകാശ സംരക്ഷണനിയമം വകുപ്പ് 36 അനുസരിച്ച് മനുഷ്യാവകാശ ലംഘനം നടന്നുവെന്ന് പറയുന്ന തീയതി മുതല്‍ ഒരു വര്‍ഷത്തിനകം സമര്‍പ്പിക്കുന്ന പരാതികളില്‍ മാത്രമേ കമ്മീഷന് നടപടിയെടുക്കാന്‍ അധികാരമുളളൂ. കാലതാമസം കുറവ് ചെയ്യാനുള്ള വിവേചനാധികാരം നിയമം നല്‍കിയിട്ടില്ലെന്നും ഉത്തരവില്‍ പറയുന്നു. അതേസമയം, പരാതിക്കാരന് ഹൈക്കോടതിയേയോ ലോകായുക്തയേയോ മറ്റേതെങ്കിലും ഫോറത്തേയോ സമീപിക്കുന്നതിന് തടസ്സമില്ലെന്ന് ഉത്തരവില്‍ പറയുന്നു.
ജസ്റ്റിസ് ഫോര്‍ മഅ്ദനി ഫോറമാണ് ചികിത്സാ സഹായത്തിന് മുഖ്യമന്ത്രിക്ക് അപേക്ഷ നല്‍കിയത്.