സംസ്ഥാനത്ത് കടയടപ്പുസമരം പൂര്‍ണം

Posted on: December 3, 2014 11:37 pm | Last updated: December 4, 2014 at 12:08 pm

harthalതിരുവനന്തപുരം: വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് കേരള വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ ആഭിമുഖ്യത്തില്‍ നടത്തിയ സെക്രട്ടേറിയറ്റ് മാര്‍ച്ചില്‍ ആയിരങ്ങള്‍ പങ്കെടുത്തു. മാര്‍ച്ചിനോടനുബന്ധിച്ച് വ്യാപാരികള്‍ ഇന്നലെ നടത്തിയ കടയടപ്പുസമരം പൂര്‍ണമായിരുന്നു. ചെറുകിട കച്ചവടക്കാരുടെ വയറ്റത്തടിക്കുന്ന നടപടികള്‍ പിന്‍വലിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്ന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡന്റ് ടി നസിറുദ്ദീന്‍ ആവശ്യപ്പെട്ടു. അല്ലാത്തപക്ഷം വ്യാപാരി സമൂഹത്തില്‍ നിന്ന് ശക്തമായ പ്രതിഷേധം നേരിടേണ്ടി വരുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി.
ചെറുകിട മേഖലയെ നേരിട്ട് ബാധിക്കുന്ന വികലമായ നയങ്ങള്‍ അംഗീകരിക്കാനാകില്ല. വാറ്റ് നിയമപ്രകാരം കടകള്‍ പരിശോധിക്കുന്നത് അശാസ്ത്രീയവും അപ്രായോഗികവുമാണ്. ഇത് കച്ചവടത്തെ സാരമായി ബാധിക്കുന്നു. കടപരിശോധനയുടെ പേരില്‍ വാണിജ്യനികുതി ഉദ്യോഗസ്ഥര്‍ പ്രതികാര നടപടികളാണ് കൈക്കൊള്ളുന്നത്. എതിര്‍ക്കുന്നവരെ കള്ളക്കേസില്‍ കുടുക്കുന്നു. തുണിത്തരങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയ രണ്ട് ശതമാനം ടേണ്‍ഓവര്‍ ടാക്‌സ് പിന്‍വലിക്കണം. ഓണ്‍ലൈന്‍ വ്യാപാരം പൂര്‍ണമായും നിര്‍ത്തലാക്കണം. അളവുതൂക്ക ഉപകരണങ്ങള്‍ സീല്‍ വെക്കുന്നതിന് ഏര്‍പ്പെടുത്തിയ അധികചാര്‍ജ് പിന്‍വലിക്കണം.
വാടക കെട്ടിടത്തില്‍ കച്ചവടം നടത്തുന്ന തൊഴിലാളികളെ റോഡുവികസനത്തിന്റെ പേരില്‍ ഒഴിപ്പിക്കുമ്പോള്‍ അവര്‍ക്ക് ആനുകൂല്യങ്ങള്‍ ഉറപ്പാക്കണം. ലക്ഷക്കണക്കിന് ആള്‍ക്കാരാണ് ചെറുകിട മേഖലയെ പരോക്ഷമായി ആശ്രയിക്കുന്നത്. അപ്രായോഗികവും അശാസ്ത്രീയവുമായ തീരുമാനങ്ങള്‍ അവരെയും ബാധിക്കും. ഇത്തരം നടപടികള്‍ ഗുണകരമാകുന്നത് ചെറുകിടരംഗത്തേക്ക് കടന്നുവരാന്‍ തക്കം പാര്‍ത്തിരിക്കുന്ന വിദേശ കുത്തകകള്‍ക്കാണെന്നും നസിറുദ്ദീന്‍ പറഞ്ഞു.