Connect with us

Kozhikode

ശാസ്ത്രമേളയില്‍ കോഴിക്കോടിന് കിരീടം; വിദ്യാര്‍ഥികള്‍ക്ക് ഉജ്ജ്വല വരവേല്‍പ്പ്

Published

|

Last Updated

കോഴിക്കോട്: സംസ്ഥാന സ്‌കൂള്‍ ശാസ്ത്രമേളയില്‍ കോഴിക്കോടിന് കന്നി ഓവറോള്‍ കിരീടം നേടിക്കൊടുത്ത വിദ്യാര്‍ഥികള്‍ക്ക് വിദ്യാഭ്യാസ വകുപ്പ് ഉജ്ജ്വല സ്വീകരണം നല്‍കി. മുതലക്കുളം മൈതാനിയില്‍ നിന്ന് സ്വര്‍ണക്കപ്പിന്റെ മാതൃകയുമായി സ്വീകരണകേന്ദ്രമായ ബി ഇ എം സ്‌കൂളിലേക്ക് ഘോഷയാത്രയായി വിദ്യാര്‍ഥികളെ ആനയിച്ചു.
മുതലക്കുളത്തു നിന്ന് ആരംഭിച്ച ഘോഷയാത്രയില്‍ അഞ്ഞൂറോളം വിദ്യാര്‍ഥികള്‍ അണിനിരന്നു. കോര്‍പറേഷന്‍ മേയര്‍ പ്രൊഫ. എ കെ പ്രേമജം മധുരപലഹാരം വിതരണം ചെയ്ത് പരിപാടി ഉദ്ഘാടനം ചെയ്തു.
വിജയികള്‍ക്ക് പ്രഖ്യാപിച്ച 125 പവന്‍ സ്വര്‍ണക്കപ്പിന്റെ നിര്‍മാണം പൂര്‍ത്തിയാകാത്തതുകൊണ്ട് മാതൃകാ കപ്പാണ് ജില്ലക്ക് ഇപ്പോള്‍ ലഭിച്ചത്. മൂന്ന് മാസത്തിനകം കപ്പിന്റെ നിര്‍മാണം പൂര്‍ത്തിയാകുമെന്നാണ് വിവരം. പ്രത്യേക ചടങ്ങില്‍ വെച്ചായിരിക്കും സ്വര്‍ണക്കപ്പ് സമ്മാനിക്കുക.
കോഴിക്കോടിന്റെ ചരിത്രത്തില്‍ ഇത് വലിയ നേട്ടമാണെന്നും നമ്മുടെ വിദ്യാര്‍ഥികള്‍ക്ക് ഭാവിയില്‍ ശാസ്ത്രലോകത്തിന് ഏറെ സംഭാവന നല്‍കാന്‍ കഴിയുമെന്നും മേയര്‍ ഉദ്ഘാടന പ്രസംഗത്തില്‍ പ്രതീക്ഷ പ്രകടിപപ്പിച്ചു. ശാസ്ത്രമേളയില്‍ അധ്യാപകര്‍ക്കായി ഒരുക്കിയ മത്സരത്തില്‍ മികവ് തെളിയിച്ചവരെയും ചടങ്ങില്‍ അനുമോദിച്ചു.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കാനത്തില്‍ ജമീല അധ്യക്ഷത വഹിച്ചു. കലക്ടര്‍ സി എ ലത മുഖ്യാതിഥിയായിരുന്നു. കോഴിക്കോട് വിദ്യാഭ്യാസ ഉപഡയറക്റ്റര്‍ ഡോ. ഗിരീഷ് ചോലയില്‍ സ്വാഗതം പറഞ്ഞു. നഗരസഭ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ഉഷാദേവി, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ഷീബ, പി സി ജയശ്രീ, സുരേഷ് കുമാര്‍, ഇ ശ്യാമള, അബ്ദുല്‍ മജീദ് എന്നിവര്‍ പങ്കെടുത്തു.
അടുത്ത മാസം കോഴിക്കോട്ട് നടക്കുന്ന സംസ്ഥാന സ്‌കൂള്‍ യുവജനോത്സവത്തിന് ഏറെ പ്രചോദനം നല്‍കുന്നതാണ് ശാസ്ത്ര മേളയിലെ നേട്ടം. കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി സംസ്ഥാന സ്‌കൂള്‍ യുവജനോത്സവത്തില്‍ കിരീടം കോഴിക്കടിന്റെ കുത്തകയാണ്.