Connect with us

Kerala

താത്കാലിക നിയമനക്കാരെയും പി എസ് സി ലിസ്റ്റില്‍ നിന്ന് നിയമിക്കണം: മനുഷ്യാവകാശ കമ്മീഷന്‍

Published

|

Last Updated

തിരുവനന്തപുരം: പി എസ് സി ലിസ്റ്റില്‍ അര്‍ഹരായവര്‍ ഉണ്ടെങ്കില്‍ താത്കാലിക നിയമനമാണെങ്കില്‍ പോലും അവരെയാണ് പരിഗണിക്കേണ്ടതെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ അധ്യക്ഷന്‍ ജസ്റ്റിസ് ജെ ബി കോശി ബിവറേജസ് കോര്‍പറേഷന്‍ മാനേജിംഗ് ഡയറക്ടര്‍ക്ക് നിര്‍ദ്ദേശം നല്‍കി. ഇല്ലെങ്കില്‍ അത് അഴിമതിയാണെന്നും അങ്ങനെ വന്നാല്‍ സര്‍ക്കാര്‍ നടപടിയെടുക്കണമെന്നും കമ്മീഷന്‍ ഉത്തരവിട്ടു.
പി എസ് സി റാങ്ക് ലിസ്റ്റ് നിലവിലിരിക്കെ ബിവറേജസ് കോര്‍പറേഷനിലെ ഹെല്‍പ്പര്‍, പ്യൂണ്‍ ഒഴിവുകളില്‍ താത്കാലിക നിയമനം നടത്തുന്നതായുള്ള പരാതിയിലാണ് നടപടി.
ബിവറേജസ് കോര്‍പറേഷന് കീഴിലുള്ള വിദേശ മദ്യഷാപ്പുകളിലെ അസിസ്റ്റന്റ്, എല്‍ ഡി ക്ലാര്‍ക്ക്, ഹെല്‍പ്പര്‍ ഒഴിവുകളില്‍ വനിതകളെ നിയമിക്കാന്‍ പാടില്ലെന്ന സര്‍ക്കാര്‍ ഉത്തരവ് പുനഃപരിശോധിക്കണമെന്നും കോശി ആവശ്യപ്പെട്ടു. സുപ്രീം കോടതിയുടെയും ഹൈക്കോടതിയുടെയും വിധികള്‍ അനുസരിച്ച് പി എസ് സി റാങ്ക് ലിസ്റ്റ് ഉള്ളപ്പോള്‍ മറ്റ് മാര്‍ഗങ്ങളിലൂടെ നിയമനം നടത്തരുത്. മനുഷ്യാവകാശ കമ്മീഷന് പി എസ് സി സമര്‍പ്പിച്ച വിശദീകരണത്തില്‍ ആദ്യം റിപ്പോര്‍ട്ട് ചെയ്ത 247 ഒഴിവുകളിലേക്കും പിന്നീട് റിപ്പോര്‍ട്ട് ചെയ്ത 158 ഒഴിവുകളിലേക്കും നിയമന ശിപാര്‍ശ നല്‍കിക്കഴിഞ്ഞതായി പറയുന്നുണ്ട്.
ആദ്യം റിപ്പോര്‍ട്ട് ചെയ്ത 247 ഒഴിവുകള്‍ 2008 ന് മുമ്പുണ്ടായതാണ്. അതിനു ശേഷമുണ്ടായ ഒഴിവുകള്‍ കമ്മീഷന്‍ നടപടിക്രമം കൈപ്പറ്റി ഒരു മാസത്തിനകം ബിവറേജസ് കോര്‍പറേഷന്‍ റിപ്പോര്‍ട്ട് ചെയ്യണമെന്നും ഉത്തരവില്‍ പറയുന്നു. ഇതുവരെ റിപ്പോര്‍ട്ട് ചെയ്ത ഒഴിവുകളില്‍ പി എസ് സി ഒരു മാസത്തിനകം നിയമന ശിപാര്‍ശ നല്‍കണം. 2013ല്‍ പി എസ് ലിസ്റ്റ് പ്രസിദ്ധീകരിച്ച ശേഷം എത്രപേരെ താത്കാലികമായി എടുത്തെന്നും അവരില്‍ പി എസ് സിയുടെ ശിപാര്‍ശ കൂടാതെ എത്രപേരെ സ്ഥിരമാക്കിയെന്നും ബിവറേജസ് കോര്‍പറേഷന്‍ എം ഡി ഈ മാസം 28 ന് മുമ്പ് വിശദീകരണം സമര്‍പ്പിക്കണമെന്ന് ഉത്തരവില്‍ പറയുന്നു. ആദ്യം റിപ്പോര്‍ട്ട് ചെയ്തതിന് ശേഷമുണ്ടായ ഒഴിവുകള്‍ ബിവറേജസ് കോര്‍പറേഷന്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടോ എന്ന് പി എസ് സി 28നകം കമ്മീഷനെ അറിയിക്കണം.
വിദേശ മദ്യവില്‍പ്പനശാലകളില്‍ സ്ത്രീകളെ നിയമിക്കാനാവില്ലെന്ന സര്‍ക്കാര്‍ ഉത്തരവ് പുനഃപരിശോധിക്കാമോ എന്ന് നികുതി വകുപ്പ് സെക്രട്ടറിയും കമ്മീഷനെ അറിയിക്കണം. കേസ് അടുത്ത മാസം ആറിന് കമ്മീഷന്‍ ഓഫീസില്‍ പരിഗണിക്കും. റാങ്ക് ഹോള്‍ഡേഴ്‌സ് അസോസിയേഷന്‍ സെക്രട്ടറി എല്‍ ചന്ദ്രലേഖയാണ് കമ്മീഷനെ സമീപിച്ചത്.

Latest