കബളിപ്പിച്ച് പണം തട്ടുന്ന സംഘം വിലസുന്നു

Posted on: December 1, 2014 8:00 pm | Last updated: December 1, 2014 at 8:19 pm

അല്‍ ഐന്‍: മലയാളികളില്‍ നിന്നുള്‍പ്പെടെ വിവിധ രാജ്യക്കാരില്‍ നിന്ന് അതിവിദഗ്ധമായി പണം തട്ടുന്ന സംഘം അല്‍ ഐനില്‍ വിലസുന്നു. ആഫ്രിക്കന്‍ വംശജരെന്ന് സംശയിക്കപ്പെടുന്ന രണ്ട് യുവാക്കളെ പോലീസ് അന്വേഷിക്കുന്നു. കഴിഞ്ഞ ദിവസം അല്‍ ഐന്‍ നഗരത്തിലെ ലുലു സെന്റര്‍ പരിസരത്ത് നിന്ന് ആലപ്പുഴ സ്വദേശി അന്‍സില്‍ എന്നയാളെ കബളിപ്പിച്ച് പണം തട്ടിയെടുത്തു. കഴിഞ്ഞ ഒരു മാസത്തിനകം അല്‍ ഐനിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് സമാനമായ തട്ടിപ്പുകള്‍ നടന്നതായി ഇരകള്‍ സിറാജുമായി പങ്കുവെച്ചു.
വഴിയരുകിലൂടെ നടന്ന് പോകുന്നയാളിന്റെ ദേഹത്ത് തുപ്പുകയും പെട്ടെന്ന് അടുത്ത് വന്ന് ക്ഷമിക്കണമെന്ന് വിനയാന്വിതനായി പറയുകയും കൈവശമുള്ള ടിഷ്യൂ പേപ്പര്‍ കൊണ്ട് തുടച്ച് വൃത്തിയാക്കുകയും ചെയ്ത് ടിഷ്യൂപേപ്പര്‍ കൊണ്ട് വൃത്തിയായില്ല എന്ന് വരുത്തിത്തീര്‍ത്ത് ബാഗിലുള്ള കറുത്ത തുണി എടുത്ത് വൃത്തിയാക്കിക്കൊടുക്കുന്നതാണ് ഇവരുടെ രീതി. ഇതിനിടക്ക് പേഴ്‌സും മറ്റ് വിലപ്പെട്ട രേഖകളും നഷ്ടമായിരിക്കും. ഒരു മാസത്തിനികം പതിമൂന്നോളം കേസുകള്‍ ഇത്തരത്തിലുള്ളത് രജിസ്റ്റര്‍ ചെയ്തതായി അല്‍ ഐന്‍ പോലീസ് സ്റ്റേഷന്‍ അധികൃതര്‍ പരാതിക്കാരനായ അന്‍സിലിനോട് വെളിപ്പെടുത്തി.