Connect with us

Gulf

ഉപേക്ഷിക്കപ്പെട്ട 14 കുട്ടികളെ സ്വദേശികള്‍ ഏറ്റെടുത്തു

Published

|

Last Updated

ദുബൈ: വിവിധ കാരണങ്ങളാല്‍ മാതാപിതാക്കള്‍ ഉപേക്ഷിച്ച 14 കുട്ടികളെ സ്വദേശി കുടുംബങ്ങള്‍ ഏറ്റെടുത്തതായി ദുബൈ കമ്മ്യൂണിറ്റി ഡിവലപ്‌മെന്റ് അതോറിറ്റി(സി ഡി എ) വ്യക്തമാക്കി. ശരീഅത്ത് നിയമപ്രകാരം ദത്തെടുക്കല്‍ അനുവദനീയമല്ലെന്നതിനാലാണ് ഇവരുടെ സംരക്ഷണം മാത്രം സ്വദേശി കുടുംബങ്ങള്‍ക്ക് നല്‍കിയിരിക്കുന്നത്.

ദമ്പതികള്‍ക്കോ, തനിച്ച് കഴിയുന്ന അമ്മമാര്‍ക്കോ സംരക്ഷിക്കാനായാണ് കുട്ടികളെ നല്‍കിയിരിക്കുന്നത്. ഉപേക്ഷിക്കപ്പെട്ട കുട്ടികള്‍ക്ക് സാധാരണ നിലയിലുള്ള കുടുംബാന്തരീക്ഷം ഒരുക്കാന്‍ ലക്ഷ്യമിട്ടാണ് ഇത്തരം ഒരു നടപടിയെന്ന് സി ഡി എയുടെ അനാഥകുട്ടികള്‍ക്ക് മറ്റ് കുടുംബങ്ങളെ കാണിച്ചുകൊടുക്കാനുള്ള പദ്ധതിയുടെ ചുമതലക്കാരിയായ ബദ്‌രിയ അല്‍ ശംസി വ്യക്തമാക്കി.
ഈ പദ്ധതി പ്രകാരം ആറു പെണ്‍കുട്ടികളെയും എട്ടു ആണ്‍കുട്ടികളെയുമാണ് സ്വദേശി കുടുംബങ്ങള്‍ക്ക് കൈമാറിയിരിക്കുന്നത്. രാജ്യത്ത് നിന്നു കണ്ടുകിട്ടുകയും രക്ഷിതാക്കളോ മറ്റു ബന്ധുക്കളോ ഇല്ലെന്ന് ഉറപ്പാവുകയും ചെയ്ത കുട്ടികളെയാണ് ഈ വിഭാഗത്തില്‍ ഉള്‍പെടുത്തുക. ഇവരെ പ്രത്യേക സംരക്ഷണ കേന്ദ്രത്തിലാണ് താമസിപ്പിക്കുന്നത്. സ്വദേശിയും മുസ്‌ലിമുമായ ദമ്പതികള്‍ക്കോ തനിച്ചു കഴിയുന്ന അമ്മമാര്‍ക്കോ ആണ് കുട്ടികളെ കൈമാറുക. ഇവര്‍ സ്ഥിരമായി യു എ ഇയില്‍ താമസിക്കുന്നവരുമാവണം.
ദമ്പതികളാണെങ്കില്‍ അവര്‍ക്ക് 25 വയസ് പൂര്‍ത്തിയായിരിക്കണം. ഒറ്റക്ക് കഴിയുന്ന അമ്മമാരാണെങ്കില്‍ 30 വയസ് പൂര്‍ത്തിയായിരിക്കണം. ശാരീരികവും മാനസികവുമായ ആരോഗ്യമുള്ളവരും സാംക്രമിക രോഗങ്ങള്‍ക്ക് അടിപ്പെടാത്തവരുമായിരിക്കണം കുട്ടിയുടെ സംരക്ഷകര്‍. കുട്ടിയെ സംരക്ഷിക്കാനുള്ള സാമ്പത്തിക ചുറ്റുപാടും ഉണ്ടാവണം. ഇതിനെല്ലാം പുറമേ കുട്ടിയെ സംരക്ഷിക്കാന്‍ ഇവര്‍ക്ക് മാനസികമായും സാമൂഹികമായും കഴിയുമെന്ന് സി ഡി എക്ക് ബോധ്യപ്പെടുകയും ചെയ്യുന്ന കേസുകളില്‍ മാത്രമേ കുട്ടികളെ കൈമാറൂ.
കുട്ടിയോട് മാന്യമായി പെരുമാറുകയും ആരോഗ്യവും മാനസികവുമായ സംരക്ഷണം ഉറപ്പാക്കുകയും വേണം. ഈ നിബന്ധനകളെല്ലാം പാലിക്കുന്നവര്‍ക്ക് ആദ്യം താല്‍ക്കാലികമായി ആറു മാസത്തേക്ക് കുട്ടിയുടെ ചുമതല നല്‍കും. ഈ കാലയളവില്‍ ടെലിഫോണിലൂടെയും നേരിട്ട് എത്തിയും സി ഡി എ ഉദ്യോഗസ്ഥര്‍ കുട്ടിയുടെ അവസ്ഥ മനസിലാക്കും. കുട്ടി സന്തുഷ്ടനായാണ് കഴിയുന്നതെന്നു പൂര്‍ണമായും ബോധ്യപ്പെടുന്ന കേസിലാവും പൂര്‍ണമായ സംരക്ഷണ ചുമതല നല്‍കുക. രാജ്യത്തിന്റെ സംസ്‌കാരവും ആചാരങ്ങളും കീഴ്‌വഴക്കങ്ങളും കൃത്യമായും ആര്‍ജിച്ച് സ്വദേശി സമൂഹത്തിന്റെ ഭാഗമായി ഇഴകിച്ചേരാന്‍ കുട്ടിക്ക് കഴിയേണ്ടുന്നത് പരിഗണിച്ചാണ് സ്വദേശികള്‍ക്ക് മാത്രം കുട്ടികളെ വളര്‍ത്താന്‍ നല്‍കുന്നതെന്നും അവര്‍ വിശദീകരിച്ചു.