ബാര്‍കോഴ: അന്വേഷണം ആവശ്യപ്പെട്ട് എല്‍ഡിഎഫ് ഹൈക്കോടതിയില്‍

Posted on: December 1, 2014 2:51 pm | Last updated: December 2, 2014 at 12:06 am

ldfതിരുവനന്തപുരം: ബാര്‍ ലൈസന്‍സുമായി ബന്ധപ്പെട്ട അഴിമതിക്കേസില്‍ ആരോപണവിധേയനായ ധനമന്ത്രി കെ എം മാണിക്കെതിരെ ശക്തമായ പ്രക്ഷോഭവുമായി ഇടതുമുന്നണി. മാണിക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തണമൊവശ്യപ്പെട്ട് എല്‍ ഡി എഫ് കണ്‍വീനര്‍ വൈക്കം വിശ്വന്‍ ഹൈക്കോടതിയില്‍ ഹരജി നല്‍കി. ഹൈക്കോടതി അഭിഭാഷകന്‍ ഗോപാലകൃഷ്ണകുറുപ്പ് മുഖേനയാണ് അദ്ദേഹം ഇന്നലെ ഹരജി നല്‍കിയത്.
കെ എം മാണിയെ മന്ത്രിസഭയില്‍ നിന്ന് പുറത്താക്കണമെന്നാവശ്യപ്പെട്ട് പ്രക്ഷോഭം ശക്തമാക്കാന്‍ ഇന്നലെ ചേര്‍ന്ന ഇടതുമുന്നണി യോഗം തീരുമാനിച്ചു. മാണിക്കെതിരെ കേസെടുക്കാത്തതില്‍ വിജിലന്‍സ് ഡറക്ടര്‍ക്കും വൈക്കം വിശ്വന്‍ പരാതി നല്‍കി. മാണിയുടെ രാജി ആവശ്യപ്പെട്ട് 15ന് നിയമസഭയിലേക്ക് മാര്‍ച്ച് നടത്തുമെന്നും എല്‍ ഡി എഫ് യോഗ തീരുമാനങ്ങള്‍ വിശദീകരിച്ച് കണ്‍വീനര്‍ വൈക്കം വിശ്വന്‍ പറഞ്ഞു. തിരുവനന്തപുരം ജില്ലയിലെ പ്രവര്‍ത്തകര്‍ മാര്‍ച്ചില്‍ പങ്കെടുക്കും. മാണിക്കെതിരെ കോഴ ആരോപണം ഉണ്ടായി ദിവസങ്ങള്‍ കഴിഞ്ഞിട്ടും അദ്ദേഹത്തിനെതിരെ കേസ് രജിസ്റ്റര്‍ ചെയ്യാന്‍ പോലും സര്‍ക്കാര്‍ തയ്യാറായിട്ടില്ല. അദ്ദേഹത്തിനെതിരെ ആരോപണം ഉന്നയിച്ച ബിജുരമേശ് ഇപ്പോഴും തന്റെ നിലപാടില്‍ ഉറച്ചുനില്‍ക്കുകയാണ്. ബിജു പറയുന്നത് തെറ്റാണെങ്കില്‍ അദ്ദേഹത്തിനെതിരെ നടപടിയെടുക്കണം. അല്ലെങ്കില്‍ കെ എം മാണിയെ മന്ത്രിസഭയില്‍ നിന്ന് പുറത്താക്കണം. എന്നാല്‍ ഇക്കാര്യത്തില്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി അഴിമതിക്കാരനായ മാണിയെ സംരക്ഷിക്കുന്ന നിലപാടാണ് സ്വീകരിക്കുന്നത്.
സംസ്ഥാനത്തെ ജനജീവിതത്തിന് ഭീഷണിയായ വിവിധ വിഷയങ്ങള്‍ ചൂണ്ടിക്കാട്ടി ഈ മാസം എട്ട് മുതല്‍ 14 വരെ കേരളത്തില്‍ ഇടതുപാര്‍ട്ടികളുടെ സംയുക്തപ്രക്ഷോഭം സംഘടിപ്പിക്കും. എല്‍ ഡി എഫിനൊപ്പം നില്‍ക്കുന്ന ഐ എന്‍ എല്‍, ജെ എസ് എസ്, സി എം പി, ഫോര്‍വേഡ് ബ്ലോക്ക്, നാഷനല്‍ സെക്യുലര്‍ കോണ്‍ഫറന്‍സ്, റെഡ്ഫഌഗ് തുടങ്ങിയ പാര്‍ട്ടികളും പ്രക്ഷോഭത്തില്‍ പങ്കെടുക്കും.
തൊഴിലുറപ്പ് പദ്ധതി വെട്ടിച്ചുരുക്കാനുള്ള നീക്കം അവസാനിപ്പിക്കുക, വിലക്കയറ്റം തടയുക, ഇന്‍ഷ്വറന്‍സ് മേഖലയിലെ വിദേശ നിക്ഷേപം ഒഴിവാക്കുക, കള്ളപ്പണം തടയുക, വിദ്യാഭ്യാസ രംഗത്തെ ആര്‍ എസ് എസ്- ഹിന്ദുത്വ പ്രത്യയശാസ്ത്രത്തിന്റെ നുഴഞ്ഞുകയറ്റം തടയുക, ലൗജിഹാദ് പോലെ വര്‍ഗീയതയുണ്ടാക്കുന്ന കുപ്രചാരണങ്ങള്‍ക്ക് തടയിടുക, ന്യൂനപക്ഷങ്ങള്‍ക്കെതിരായ അതിക്രമങ്ങള്‍ തടയുക തുടങ്ങിയ ആവശ്യമുന്നയിച്ചാണ് പ്രക്ഷോഭം.
ഇതിന്റെ ഭാഗമായി എല്ലാ ജില്ലാ കേന്ദ്രങ്ങളിലും പൊതുയോഗങ്ങള്‍ സംഘടിപ്പിക്കും. പക്ഷിപ്പനി നിയന്ത്രിക്കുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടെന്നും യോഗം വിലയിരുത്തി.
താറാവ്, കോഴി കര്‍ഷകര്‍ക്ക് ന്യായമായ നഷ്ടപരിഹാരം നല്‍കണം. കരിമണല്‍ ഖനനം സ്വകാര്യമേഖലയില്‍ അനുവദിക്കരുതെന്നാണ് എല്‍ ഡി എഫിന്റെ നിലപാടെന്നും മുല്ലപ്പെരിയാര്‍ വിഷയത്തില്‍ സര്‍വകക്ഷി സംഘം ഉടന്‍ പ്രധാനമന്ത്രിയെ കാണണമെന്നും മുന്നണിയോഗം ആവശ്യപ്പെട്ടു.