കുറുപ്പത്ത് എയര്‍പോര്‍ട്ട് ക്രോസ് റോഡ് തകര്‍ന്നു തന്നെ

Posted on: December 1, 2014 10:15 am | Last updated: December 1, 2014 at 10:15 am

കൊണ്ടോട്ടി: കൊണ്ടോട്ടി തിരൂരങ്ങാടി റൂട്ടില്‍ കുറുപ്പത്ത് മുതല്‍ എയര്‍പോര്‍ട്ട് ക്രോസ് റോഡ് വരെയുള്ള അര കിലോമീറ്റര്‍ ദൂരം റോഡ് പൊട്ടിപ്പൊളിഞ്ഞ് കുണ്ടും കുഴിയുമായി വര്‍ഷം കഴിഞ്ഞിട്ടും പുനരുദ്ധരിച്ചില്ല. ഇതു മൂലം ഈ റോട്ടില്‍ അപകടങ്ങളും പതിവാകുന്നു. റോഡിന്റെ മിക്ക ഭാഗങ്ങളും പൊളിഞ്ഞിട്ടുണ്ടെങ്കിലും ഏറ്റവും കൂടുതല്‍ തകര്‍ന്നത് റോഡ് അവസാനിക്കുന്ന ക്രോസ് റോഡിനോട് ചേരുന്ന കയറ്റത്തിലാണ്.
വലിയ വാഹനങ്ങള്‍ക്ക് ഈ റോഡിലൂടെ പ്രവേശനമില്ലെങ്കിലും മറ്റ് വാഹനങ്ങള്‍ ഈ റൂട്ടിലൂടെയുള്ള മറ്റ് വാഹനങ്ങള്‍ പ്രയോജനപ്പെടുത്തുന്നത് ഈ റോഡിനെയാണ്. കൊണ്ടോട്ടിയില്‍ നിന്ന് തിരൂരങ്ങാടി ഭാഗത്തേക്ക് രണ്ട് കിലോമീറ്റര്‍ ദൂരം കുറക്കുന്നതാണ് ഈ റോഡ്. നെടിയിരുപ്പ് പഞ്ചായത്തിന് കീഴിലുള്ളതാണ് റോഡ് എങ്കിലും നേരത്തെ പൊതുമരാമത്ത് വകുപ്പ് റോഡ് പുനരുദ്ധരിക്കുന്നതിന് തുക അനുവദിച്ചിരുന്നു. ഇപ്പോള്‍ പഞ്ചായത്തും സര്‍ക്കാറും ഈ റോഡിനെ തിരിഞ്ഞു നോക്കുന്നു പോലുമില്ല. രണ്ട് ഭാഗത്തു നിന്നുമുള്ള വാഹനങ്ങള്‍ കയറ്റത്തിലെത്തുന്നതോടെ സൈഡ് കൊടുക്കാന്‍ കഴിയാതെ വാഹനങ്ങള്‍ കുഴിയില്‍ കുടുങ്ങിക്കിടന്ന് ഗതാഗത തടസവും പതിവാണ്. ഇരു ചക്ര വാഹനങ്ങള്‍ പലപ്പോഴും കുഴിയില്‍ പെട്ട് മറിയുന്നതും പതിവ് കാഴ്ചയാണ്. അപകടവും ഗതാഗതക്കുരുക്കും പതിവാകുന്നതോടെ വാഹനങ്ങള്‍ ഇപ്പോള്‍ ഈ റോഡ് ഉപേക്ഷിക്കുകയാണ്. ഇതു മൂലം സാമ്പത്തിക നഷ്ടവും സമയ നഷ്ടവുമാണ് യാത്രകാര്‍ക്ക് സഹിക്കേണ്ടി വരുന്നത്.