Connect with us

Kerala

തോട്ടണ്ടി ഇറക്കുമതിയില്‍ കൃത്രിമം കാട്ടുന്നു

Published

|

Last Updated

കൊല്ലം: തോട്ടണ്ടി ഇറക്കുമതി വര്‍ധിച്ചിട്ടും സംസ്ഥാനത്ത് കശുവണ്ടിപ്പരിപ്പിന്റെ കയറ്റുമതിയില്‍ വന്‍ ഇടിവ്. കേരളത്തിലെ കശുവണ്ടി മേഖലയില്‍ ഗുരുതരമായ പ്രതിസന്ധിയാണ് ഇതുമൂലം ഉണ്ടായിരിക്കുന്നത്. കശുവണ്ടിപ്പരിപ്പിന്റെ കയറ്റുമതിയില്‍ വന്‍ ഇടിവാണ് ഉണ്ടായിരിക്കുന്നതെന്ന് ഇത് സംബന്ധിച്ച കണക്കുകള്‍ വ്യക്തമാക്കുന്നു.

ഈ സാമ്പത്തിക വര്‍ഷം ഏപ്രില്‍ മുതല്‍ സെപ്തംബര്‍ വരെയുള്ള കാലയളവില്‍ 55,471 ടണ്‍ പരിപ്പാണ് കയറ്റുമതി ചെയ്തത്. കഴിഞ്ഞ സാമ്പത്തിക വര്‍ഷം ഇതേ കാലയളവില്‍ 61,886 ടണ്‍ പരിപ്പ് കയറ്റുമതി ചെയ്തിരുന്നു. അതേസമയം, തോട്ടണ്ടിയുടെ ഇറക്കുമതിയില്‍ ഗണ്യമായ വര്‍ധന ഉണ്ടാകുകയും ചെയ്തു. ഈ സാമ്പത്തിക വര്‍ഷം ഏപ്രില്‍ മുതല്‍ സെപ്തംബര്‍ വരെ 6,86,765 ടണ്‍ തോട്ടണ്ടി ഇറക്കുമതി ചെയ്തിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ 5,61, 971 ടണ്ണായിരുന്നു ഇറക്കുമതി. തോട്ടണ്ടി ഉത്പാദനത്തില്‍ ഗണ്യമായ വര്‍ധനവില്ലെങ്കിലും പരിപ്പിന് ആഭ്യന്തര വിപണിയില്‍ ഡിമാന്റ് വര്‍ധിച്ചതാണ് തോട്ടണ്ടി ഇറക്കുമതി ഉയരാന്‍ കാരണമായതെന്ന് വ്യാപാരികള്‍ പറയുന്നു.
എന്നാല്‍, വന്‍കിട കശുവണ്ടി മുതലാളിമാര്‍ തോട്ടണ്ടി ഇറക്കുമതിയില്‍ കൃത്രിമം കാണിക്കുന്നതായി ആക്ഷേപമുണ്ട്. വിദേശ രാജ്യങ്ങളില്‍ നിന്ന് കേരളത്തിലേക്ക് ഇറക്കുമതി ചെയ്യുന്ന തോട്ടണ്ടി വിയറ്റ്‌നാമിലേക്കും മറ്റും മറിച്ച് കയറ്റുമതി ചെയ്ത് മുതലാളിമാര്‍ കൊള്ളലാഭം നേടുകയാണെന്നാണ് പരാതി. കേന്ദ്രത്തിന്റെയും സംസ്ഥാന സര്‍ക്കാ റിന്റെയും നികുതി ഇളവുകളും കയറ്റുമതി ആനുകൂല്യങ്ങളും നേടി സംസ്‌കരിക്കാനെന്ന് പറഞ്ഞ് തോട്ടണ്ടി ഇവിടെക്ക് കൊണ്ടുവന്ന് ഇളവുകള്‍ സമ്പാദിച്ച ശേഷം അന്യരാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്ത് വന്‍ സാമ്പത്തിക ലാഭമുണ്ടാക്കുകയാണ് വന്‍കിട മുതലാളിമാര്‍ ചെയ്യുന്നത്. ഇത് ഇടത്തരം കച്ചവടക്കാരുടെ സ്ഥാപനങ്ങള്‍ പൂട്ടിയിടാനും തൊഴിലാളികളെ പട്ടിണിക്കിടാനുമാണ് സഹായിക്കുന്നതെന്ന ആരോപണം തൊഴിലാളി സംഘടനകള്‍ക്കിടയില്‍ ശക്തമാണ്.
നാടന്‍ തോട്ടണ്ടിയുടെ സീസണ്‍ ആരംഭിച്ചാല്‍ കേരളത്തി ല്‍ ഇപ്പോള്‍ പ്രവര്‍ത്തിക്കുന്ന എല്ലാ ഫാക്ടറികളും കഷ്ടിച്ച് രണ്ടാഴ്ചത്തേക്ക് മാത്രമേ പ്രവര്‍ത്തിപ്പിക്കാന്‍ കഴിയുകയുള്ളു. ഇപ്പോള്‍ ഇടത്തര വന്‍കിട കച്ചവടക്കാരും ആശ്രയിക്കുന്നത് ഐവറി കോസ്റ്റ്, ഗിനിബസാവോ, ടാന്‍സീനിയ, ബെനിന്‍, ഘാന തുടങ്ങിയ രാജ്യങ്ങളിലെ തോട്ടണ്ടിയാണ്. ഈ വര്‍ഷം വിയറ്റ്‌നാമിന്റെ കടന്നുകയറ്റം കാരണം ഇടത്തരക്കാര്‍ക്കൊന്നും ആവശ്യത്തിന് തോട്ടണ്ടി ലഭിക്കാത്ത സ്ഥിതിയാണ്.
കഴിഞ്ഞ വര്‍ഷം തോട്ടണ്ടിക്ക് മെട്രിക് ടണ്ണിന് 850 അമേരിക്കന്‍ ഡോളര്‍ നിരക്കില്‍ തുടങ്ങിയ കച്ചവടം 1150-1200 ഡോളറിലാണ് അവസാനിച്ചത്. ഇത്തവണ 1050 മുതല്‍ 1450 വരെയാണ് നിരക്ക്. ഇതിനൊക്കെ കാരണം വിയറ്റ്‌നാമിന്റെ കടന്നുകയറ്റവും കേരളത്തിലെ വന്‍കിട വ്യവസായികള്‍ വിയറ്റ്‌നാം, ഗിനിബസാവോ, ടാന്‍സീനിയ തുടങ്ങിയ സ്ഥലങ്ങളില്‍ സംഭരണശാലകള്‍ നിര്‍മിച്ച് സംസ്‌കരിക്കാന്‍ തുടങ്ങിയതുമാണ്. ഇതു കൂടാതെ ഇവര്‍ കേരളത്തില്‍ സംസ്‌കരിക്കാന്‍ വേണ്ടി വാങ്ങിയ 17,000ത്തോളം മെട്രിക്ടണ്‍ തോട്ടണ്ടി കൊച്ചിയിലും തൂത്തുക്കുടിയിലും ഇറക്കിയിട്ട് അവിടെ വെച്ചു തന്നെ വിയറ്റ്‌നാമിലെ വ്യവസായികള്‍ക്ക് കച്ചവടം നടത്തുന്നു. പുറംരാജ്യങ്ങളില്‍ വ്യവസായികള്‍ നിരവധി സംസ്‌കരണശാലകള്‍ ആരംഭിച്ചിട്ടുള്ളതായും മാര്‍ക്കറ്റ് വൃത്തങ്ങള്‍ ചൂണ്ടിക്കാട്ടുന്നു.

Latest