കേരള പി വി സിയുടെ വിവാദ പ്രബന്ധം വി സിമാരോട് ഗവര്‍ണര്‍ റിപ്പോര്‍ട്ട് തേടി

Posted on: December 1, 2014 2:11 am | Last updated: December 1, 2014 at 12:12 am

തിരുവനന്തപുരം: കേരളാ സര്‍വകലാശാല പ്രോ വൈസ് ചാന്‍സലറുടെ വിവാദമായ ഗവേഷണപ്രബന്ധം സംബന്ധിച്ച് കേരള, കാലിക്കറ്റ് സര്‍വകലാശാലകളോട് ഗവര്‍ണര്‍ വിശദീകരണം തേടി. പ്രബന്ധം പകര്‍ത്തിയെഴുതിയെന്ന ആരോപണം നേരിടുന്ന എന്‍ വീരമണികണ്ഠനെ പരീക്ഷാ നടപടികളില്‍ നിന്ന് മാറ്റിനിര്‍ത്തണമൊവശ്യപ്പെട്ട് നാല് സെനറ്റ് അംഗങ്ങള്‍ സമര്‍പ്പിച്ച പരാതിയെ തുടര്‍ന്നാണ് കേരളാ, കാലിക്കറ്റ് സര്‍വകലാശാല വൈസ് ചാന്‍സലര്‍മാരോട് ഗവര്‍ണര്‍ റിപ്പോര്‍ട്ട് ആവശ്യപ്പെട്ടത്. ആരോപണം അന്വേഷിച്ച എന്‍ കെ ഛദ്ദയുടെ റിപ്പോര്‍ട്ട് കാലിക്കറ്റ് സര്‍വകലാശാല സര്‍ക്കാരിന് സമര്‍പ്പിച്ചിരുന്നു. ഈ റിപ്പോര്‍ട്ടില്‍ തുടര്‍നടപടികള്‍ സ്വീകരിക്കാന്‍ സര്‍ക്കാര്‍ കാലിക്കറ്റ് സര്‍വകലാശാലയോട് ആവശ്യപ്പെട്ടു. എന്നാല്‍, ഇക്കാര്യം ചര്‍ച്ച ചെയ്യാന്‍ ചേര്‍ന്ന ഗവേഷണ ഉപദേശക സമിതി യോഗം പ്രബന്ധം പകര്‍ത്തിയെഴുതിയതാണോ എന്നറിയാന്‍ വിദഗ്ധ പരിശോധന ആവശ്യമാണെ നിലപാടിലെത്തുകയായിരുന്നു. ഇതനുസരിച്ച് പ്രബന്ധം രണ്ടംഗ ഉപദേശക സമിതി മാന്വലായി പരിശോധിക്കും. ഉപദേശക സമിതിയുടെ ശിപാര്‍ശകള്‍ ഈ മാസം ആറിന് ചേരുന്ന കാലിക്കറ്റ് സിന്‍ഡിക്കേറ്റ് യോഗത്തില്‍ ചര്‍ച്ച ചെയ്ത ശേഷമാകും വിഷയത്തില്‍ അന്തിമതീരുമാനമെടുക്കുക. അതിനിടെ പ്രോ വൈസ് ചാന്‍സലറുടെ വീട് അക്രമിച്ച സംഭവത്തിന് മറയിടാനാണ് പ്രോ വിസിയുടെ ഗവേഷണ പ്രബന്ധത്തെത്തിനെതിരെ മറുവിഭാഗം ആരോപണം ഉന്നയിച്ച് ഗവര്‍ണര്‍ക്ക് പരാതി നല്‍കിയതെന്ന് ആക്ഷേപമുയര്‍ന്നിരുന്നു.