കോടികളുടെ തട്ടിപ്പ് നടത്തി ഇന്ത്യന്‍ കമ്പനി മുങ്ങി

Posted on: December 1, 2014 12:05 am | Last updated: December 1, 2014 at 12:05 am

അബൂദബി: കോടികളുടെ തട്ടിപ്പ് നടത്തി ഇന്ത്യന്‍ കമ്പനി മുങ്ങി. ദുബൈ ദേര നായിഫില്‍ ആസ്ഥാനമുള്ള ഇലക്‌ട്രോണിക് ട്രേഡിംഗ് കമ്പനിയാണ് നിരവധി ഇടപാടുകാരെ കബളിപ്പിച്ച് കോടികളുമായി മുങ്ങിയത്. ഒരു വര്‍ഷം മുമ്പാണ് കമ്പനി പ്രവര്‍ത്തനം തുടങ്ങിയത്. തുടക്കത്തില്‍ ഇടപാടുകാരെ മുഴുവനും വരുതിയിലാക്കിയതിന് ശേഷമാണ് കോടികളുടെ തട്ടിപ്പ് നടത്തിയത്. ഉത്തരേന്ത്യന്‍ സ്വദേശികളാണ് കമ്പനി നടത്തിയിരുന്നത്.
തുടക്കത്തില്‍ ഇടപാടുകാര്‍ പറഞ്ഞ കാശ് നല്‍കിയാണ് വലയിലാക്കിയത്. ദുബൈ, അബൂദബി, ഷാര്‍ജ എന്നീ ഭാഗങ്ങളില്‍ പ്രവര്‍ത്തിക്കുന്ന നിര;വധി കമ്പനികള്‍ക്ക് കാശ് നല്‍കാനുണ്ട്. ഡീസല്‍, ഐ ടി ഉപകരണങ്ങള്‍, ഇലക്‌ട്രോണിക് സാധനങ്ങള്‍ എന്നിവയാണ് പ്രധാനമായും വിറ്റിരുന്നത്. ഇത്രയും കാലം ഒരു പരാതിയുമുണ്ടായിട്ടില്ലെന്ന് വിവിധ ഇടപാടുകാര്‍ പറയുന്നു.
അമ്പതിനായിരം മുതല്‍ മൂന്ന് ലക്ഷം ദിര്‍ഹം വരെയാണ് വിവിധ കമ്പനികള്‍ക്ക് നല്‍കാനുള്ളത്. ദേരയിലും പരിസരങ്ങളിലുമായി നിരവധി സ്ഥാപനങ്ങള്‍ കബളിപ്പിക്കപ്പെട്ടവയില്‍പ്പെടും. ഇടപാടുകാരുടെ വിശ്വാസമാര്‍ജിച്ചതിന് ശേഷമാണ് കബളിപ്പിച്ചത്.
ട്രേഡിംഗ് കമ്പനിക്കെതിരെ ദുബൈ പോലീസ് വഴി ഇന്റര്‍ പോളിനെ സമീപിക്കുവാന്‍ ഒരുങ്ങുകയാണ് ഇടപാടുകാര്‍.