ദേവസ്വം ബോര്‍ഡിന്റെ ഉടമസ്ഥതയിലുള്ള ക്ഷേത്രത്തില്‍ നിയമങ്ങള്‍ തെറ്റിച്ച് മൃഗബലി

Posted on: December 1, 2014 3:46 am | Last updated: November 30, 2014 at 11:47 pm

കോട്ടവാസല്‍(തമിഴ്‌നാട്): തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ ചുമതലയിലുള്ള ക്ഷേത്രത്തില്‍ നിയമങ്ങള്‍ തെറ്റിച്ച് മൃഗബലി. കേരളത്തിന്റെയും തമിഴ്‌നാടിന്റെയും അതിര്‍ഥി പ്രദേശമായ തെങ്കാശിക്കു സമീപം ആര്യങ്കാവ് പഞ്ചായത്തിലുള്ള കോട്ടവാസല്‍ കറുപ്പുസ്വാമി ക്ഷേത്രത്തിലാണ് ക്ഷേത്രാചാരങ്ങളും നിയമങ്ങളും കാറ്റില്‍ പറത്തി അനധികൃതമായി മൃഗബലി നടത്തുന്നത്.
കൊല്ലം- തമിഴ്‌നാട് ദേശീയ പാതക്ക് സമീപമാണ് ഈ പുരാതന ക്ഷേത്രം സ്ഥിതിചെയ്യുന്നത്. കേരളത്തിലെ ക്ഷേത്രങ്ങളില്‍ മൃഗബലി നിരോധിക്കുന്നതിന് മുമ്പ് ഇവിടെ ദേവസ്വം ബോര്‍ഡില്‍ നിന്നയക്കുന്ന പൂജാരിമാരായിരുന്നു ബലി നടത്തിയിരുന്നത്. പിന്നീട് ഇത് നിരോധിച്ചുകൊണ്ട് ദേവസ്വം ബോര്‍ഡ് ഉത്തരവിറക്കിയതോടെ ക്ഷേത്രത്തില്‍ ബലി നിര്‍ത്തിവെച്ചിരുന്നു.
ഇതേതുടര്‍ന്ന് തമിഴ്‌നാട്ടില്‍ നിന്നുള്ള കര്‍മികള്‍ ബലി ഏറ്റെടുത്ത് നടത്താന്‍ തുടങ്ങി. ഇതിന് ദേവസ്വം ബോര്‍ഡിലെ കഴകക്കാരും ഇപ്പോള്‍ സഹായത്തിനുണ്ട്. എന്നാല്‍ ഇക്കാര്യങ്ങള്‍ ദേവസ്വം ബോര്‍ഡിനെ നാട്ടുകാര്‍ അറിയിച്ചിരുന്നെങ്കിലും നടപടി സ്വീകരിച്ചില്ലെന്ന് പറയപ്പെടുന്നു.
എന്നാല്‍ ബോര്‍ഡിന്റെ കീഴിലെ ആര്യങ്കാവ് ഡിവിഷനിലെ ജീവനക്കാര്‍ ബലി നടക്കുന്ന കാര്യങ്ങള്‍ മറച്ചുവെച്ച് ബോര്‍ഡിനെ തെറ്റിധരിപ്പിക്കുകയായിരുന്നുവെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു. ഇവിടെ ദേവസ്വം ബോര്‍ഡിലെ ജീവനക്കാര്‍ തന്നെയാണ് ഇപ്പോള്‍ ബലി നടത്തുന്നതിന് രശീത് നല്‍കുന്നത്.
മാസത്തില്‍ 20 ആടുകളെ വരെ ഇവിടെ ബലി നല്‍കാറുണ്ട്. ബലി നല്‍കുന്ന ആടിന്റെ മാംസം ഇവിടെ തന്നെ പാകം ചെയ്ത് ഭക്ഷിച്ച ശേഷമാണ് ഭക്തര്‍ മടങ്ങുന്നത്. തമിഴ്‌നാട്ടില്‍ നിന്നെത്തുന്നവരാണ് പ്രധാനമായും മൃഗബലി നടത്തുന്നത്. ഇതിന് പുറമെ കര്‍ണാടക, ആന്ത്രപ്രദേശ് എന്നിവിടങ്ങളില്‍ നിന്നും ഭക്തര്‍ എത്താറുണ്ട്. ആടിന് പുറമെ കോഴിയേയും ബലി നല്‍കാറുണ്ട്.
ശബരിമല ധര്‍മ ശാസ്താവിന്റെ കാവല്‍ക്കാരനാണ് കറുപ്പനെന്നാണ് ഐതീഹ്യം. തമിഴ്‌നാടിനെ സംരക്ഷിക്കുന്നത് കറുപ്പുസ്വാമിയെന്നാണ് ഇവിടുത്തുകാരുടെ വിശ്വാസം. സ്വാമിയുടെ ഇഷ്ടഭോജനം ചുട്ട മാംസം ആയാതിനാലാണ് ഇവിടെ ബലി നല്‍കുന്നത്. കേരളത്തില്‍ നിന്നും മൃഗബലി നടത്താന്‍ ഇപ്പോള്‍ ആളുകള്‍ എത്താറുണ്ട്. മുമ്പ് ക്ഷേത്രത്തില്‍ ദേവസ്വം ബോര്‍ഡില്‍ നിന്ന് പ്രസിഡന്റ്മാര്‍ അടക്കം ഇവിടെ എത്തി ദര്‍ശനം നടത്തിയിരുന്നു. നാട്ടുകാരുടെ എതിര്‍പ്പുകാരണം ഇടക്ക് മൃഗബലി മുടങ്ങിയിരുന്നെങ്കിലും ഇപ്പോള്‍ നിര്‍ബാധം തുടരുകയാണ്. പുലര്‍ച്ചെയാണ് ബലി നടത്തുന്നത്.
1811ല്‍ റാണി ലക്ഷ്മിഭായിയുടെ കാലത്താണ് കേരളത്തിലെ എല്ലാക്ഷേത്രങ്ങളും രാജവിളംബരം വഴി സര്‍ക്കാര്‍ ഏറ്റെടുത്തത്. പിന്നീട് അനുഷ്ടാനങ്ങളുടെ ഭാഗമായ മൃഗബലി തിരുവിതാംകൂര്‍ ദിവാനായ കേണല്‍ മണ്‍റോ നിരോധിച്ചുകൊണ്ട് ഉത്തരവിട്ടു. 200 വര്‍ഷങ്ങള്‍ക്ക് ശേഷം ഇന്ന് അത് ദേവസ്വം ബോര്‍ഡിന്റെ അറിവോടെ തുടരുന്നു.