കുരങ്ങുപനി: ഫലപ്രദമായ നടപടി സ്വീകരിച്ചതായി മന്ത്രി ശിവകുമാര്‍

Posted on: November 30, 2014 11:50 pm | Last updated: November 30, 2014 at 11:50 pm

തിരുവനന്തപുരം: നിലമ്പൂര്‍ കരുളായി മാഞ്ചീരി ആദിവാസി കോളനിയില്‍ കുരങ്ങുപനി സ്ഥിരീകരിച്ചതിനെത്തുടര്‍ന്ന് ഫലപ്രദമായ പ്രതിരോധ നിയന്ത്രണ നടപടികള്‍ സ്വീകരിച്ചതായി മന്ത്രി വി എസ് ശിവകുമാര്‍ അറിയിച്ചു.
പനി ബാധിച്ച പാടിമാതന്‍ അസുഖം മാറിയതിനെത്തുടര്‍ന്ന് ഇന്നലെ ആശുപത്രി വിട്ടതായും മന്ത്രി പറഞ്ഞു. 184 പേര്‍ മാത്രം താമസിക്കുന്ന നിലമ്പൂര്‍ ഉള്‍വനത്തിലെ മാഞ്ചീരി കോളനിയിലേക്ക് 22 കിലോമീറ്ററോളം നടന്നുവേണം എത്താന്‍. എങ്കിലും ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍ കുത്തിവെപ്പ് ഉള്‍പ്പെടെയുള്ള സേവനങ്ങള്‍ സമയബന്ധിതമായി നല്‍കിവരുന്നുണ്ട്.
കഴിഞ്ഞ വര്‍ഷം 61 പേര്‍ക്ക് പ്രതിരോധ കുത്തിവെപ്പുകള്‍ നടത്തിയിരുന്നു. കുരങ്ങ് ചത്ത വിവരമറിഞ്ഞ് നവംബര്‍ 26 ന് ഡെപ്യൂട്ടി ഡി എം ഒ ഡോ. നൂനയുടെ നേതൃത്വത്തിലുള്ള ആരോഗ്യ പ്രവര്‍ത്തകര്‍ കോളനിയിലെത്തുകയും 31 പേര്‍ക്കുകൂടി പ്രതിരോധ കുത്തിവെപ്പ് നല്‍കുകയും ചെയ്തു. എന്നാല്‍ പാടിമാതന്‍ കുത്തിവെപ്പെടുക്കാന്‍ വിസമ്മതിച്ചു. അദ്ദേഹത്തെ പനി ബാധിച്ചതായിക്കണ്ടതിനെ തുടര്‍ന്ന് അന്നുതന്നെ നിലമ്പൂര്‍ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും രക്തസാമ്പിളെടുത്ത് മണിപ്പാല്‍ കസ്തൂര്‍ബാ മെഡിക്കല്‍ കോളജില്‍ പരിശോധനക്ക് നല്‍കുകയും ചെയ്തു. പരിശോധനയില്‍ കുരങ്ങുപനി സ്ഥിരീകരിച്ചു.
കോളനിയിലെ മറ്റ് അഞ്ചോളം പേര്‍ക്കുകൂടി പനി ബാധയുണ്ട്. അത് ഏതുതരം പനിയാണെന്ന് സ്ഥിരീകരിച്ചിട്ടില്ല. ഇതുസംബന്ധിച്ച റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ആരോഗ്യ വകുപ്പ് ഡയറക്ടര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.