Connect with us

Kozhikode

പടനിലം ടി ടി സ്റ്റോപ്പ് റദ്ദാക്കല്‍: വിനയായത് അധിക ഡ്യൂട്ടിയാവശ്യപ്പെട്ട് യൂനിയനുകള്‍ നല്‍കിയ കത്ത്

Published

|

Last Updated

കൊടുവള്ളി: പടനിലം ജംഗ്ഷനിലെ ടി ടി ബസ് സ്റ്റോപ്പ് ഒരു മാസം തികയും മുമ്പേ നിര്‍ത്താനിടയാക്കിയത് കെ എസ് ആര്‍ ടി സിയിലെ ട്രേഡ് യൂനിയനുകള്‍ നല്‍കിയ കത്ത്.
മാനന്തവാടി- കോഴിക്കോട് റൂട്ടില്‍ ടി ടി ബസിലെ തൊഴിലാളികള്‍ക്ക് ദിവസം രണ്ട് ട്രിപ്പ് സര്‍വീസിന് രണ്ട് ഡ്യൂട്ടിയും 90 രൂപ ബത്തയുമാണ് നല്‍കുന്നത്. ടി ടി ബസ് സ്റ്റോപ്പുകള്‍ വര്‍ധിച്ചതോടെ അത് രണ്ടര ഡ്യൂട്ടിയാക്കണമെന്നാവശ്യപ്പെട്ട് ഇടതുപക്ഷം യൂനിയനായ സി ഐ ടി യുവും യു ഡി എഫ് യൂനിയനായ ടി ഡി എഫും സംയുക്തമായി കത്ത് നല്‍കിയിരുന്നു. ഇത് അംഗീകരിച്ചില്ലെങ്കില്‍ പ്രക്ഷോഭം സംഘടിപ്പിക്കുമെന്ന് മുന്നറിയിപ്പ് നല്‍കുകയും ചെയ്തു. ഇതേ തുടര്‍ന്ന് മാനന്തവാടി എ ടി ഒ സുനില്‍ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ക്ക് നല്‍കിയ റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് പടനിലം ടി ടി സ്റ്റോപ്പ് റദ്ദാക്കിയത്. കെ എസ് ആര്‍ ടി സിയില്‍ ടി ടി സര്‍വീസിന് തൊഴിലാളികള്‍ക്ക് 430 കിലോമീറ്ററിന് രണ്ട് ഡ്യൂട്ടിയും 90 രൂപ ബത്തയുമാണിപ്പോള്‍ നല്‍കുന്നത്. ലോക്കല്‍ സര്‍വീസിന് 280 കിലോമീറ്ററിന് രണ്ട് ഡ്യൂട്ടിയും 90 രൂപയും ബത്തയും നല്‍കിവരുന്നു. കോഴിക്കോട് മാനന്തവാടി റൂട്ടില്‍ 110 കിലോ മീറ്ററില്‍ 44 ടി ടി സ്റ്റോപ്പുള്ളത് 50 ആക്കണമെന്നുമാണത്രെ യൂനിയനുകള്‍ നല്‍കിയ കത്തില്‍ ആവശ്യപ്പെട്ടത്.
പടനിലം ജംഗ്ഷനില്‍ ഒക്‌ടോബര്‍ 28ന് അനുവദിച്ച ടി ടി ബസ് സ്‌റ്റോപ്പ് നിര്‍ത്തലാക്കിയത് വയനാട് റൂട്ടില്‍ കെ എസ് ആര്‍ ടി സി വരുത്തുന്ന സര്‍വീസ് പുനഃക്രമീകരണങ്ങളുടെ ഭാഗമാണെന്നും ഇതേപ്പറ്റി പഠിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതിന് കോഴിക്കോട് സോണല്‍ ഓഫീസറെ ചുമതലപ്പെടുത്തിയതായും കെ എസ് ആര്‍ ടി സി ഓപ്പറേഷന്‍ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ തിരുവനന്തപുരത്ത് സിറാജിനോട് പറഞ്ഞു. തുടക്കത്തില്‍ 14 ടി ടി സ്റ്റോപ്പ് ഇപ്പോള്‍ 44 ആയി വര്‍ധിച്ചതായും ഇതും പുനഃപരിശോധിക്കുമെന്നും അദ്ദേഹം പറഞ്ഞു. പടനിലം ടി ടി സ്റ്റോപ്പ് നിര്‍ത്തലാക്കാന്‍ താന്‍ ആവശ്യപ്പട്ടിട്ടില്ലെന്ന് മാനന്തവാടി എ ടി ഒ സുനില്‍ അറിയിച്ചു. തൊഴിലാളികള്‍ നല്‍കിയ കത്തിലെ ഉള്ളടക്കം ഡയറക്ടര്‍ക്ക് സമര്‍പ്പിച്ചിട്ടേയുള്ളൂവെന്നും അദ്ദേഹം പറഞ്ഞു. സ്റ്റോപ്പ് നിര്‍ത്തലാക്കിയതിനെതിരെ പ്രക്ഷോഭം ആരംഭിക്കാന്‍ ഇന്ന് പടനിലത്ത് സര്‍വകക്ഷിയോഗം ചേരും. വൈകീട്ട് അഞ്ചിന് പടനിലം ജി എല്‍ പി സ്‌കൂളിലാണ് യോഗം.

Latest